കൊച്ചി> കോതമംഗലം കുട്ടമ്പുഴ അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ 3.71 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒന്നാം പ്രതിയായ കുട്ടമ്പുഴ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനും സൊസൈറ്റി പ്രസിഡൻ്റുമായ കെഎ സിബിയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ സിബിയെ റിമാൻ്റ് ചെയ്തെങ്കിലും ക്രൈംബ്രാഞ്ച് കസ്റ്റഡി ആവശ്യപ്പെട്ടതിനാൽ രണ്ട് ദിവസത്തേക്ക് ജില്ലാ ക്രൈം ബ്രാഞ്ചിൻ്റെ കസ്റ്റഡിയിൽ വിട്ടു.
സൊസൈറ്റി സെക്രട്ടറി ഷൈല കരീം രണ്ടാം പ്രതിയും കുട്ടമ്പുഴ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റും പഞ്ചായത്തംഗവുമായ ജോഷി പൊട്ടയ്ക്കൽ, യൂത്ത് കോൺഗ്രസ്സ് നേതാവും സൊസൈറ്റി ജീവനക്കാരനുമായ ആഷ്ബിൻ ജോസ് ഉൾപ്പെടെ 13 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. കേസ്സിൻ്റെ വ്യാപ്തി തിരിച്ചറിഞ്ഞതോടെ കേസ്സ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
തട്ടിപ്പുകാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം നടത്തിയ ശക്തമായ പ്രതിഷേധ സമരത്തെ തുടർന്ന്, കോൺഗ്രസ് കോതമംഗലം ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് കെഎ സിബിയെ കോൺഗ്രസ്സ് പുറത്താക്കിയിരുന്നു. കൂടുതൽ പേർ ഉടൻ കസ്റ്റഡിയിലാകുമെന്നും വിദേശത്തുള്ള രണ്ട് പ്രതികൾക്കായി ലുക്ക് ഔട്ട് സർക്കുലർ ഉടൻ പുറപ്പെടുവിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.