തിരുവനന്തപുരം> സംസ്ഥാന സർക്കാർ കൊണ്ടുവന്ന സഹകരണ നിയമ ഭേദഗതിക്ക് വിലകൽപ്പിക്കാതെ സഹകരണ ബാങ്കുകൾ. സഹകരണ നിയമഭേദഗതി നിലവിൽ വന്നിട്ടും നിയമം പാലിക്കാതെ സഹകരണ ബാങ്കുകൾ വായ്പകൾ വാരിക്കോരി നൽകുന്നുവെന്ന് കണ്ടെത്തൽ. 10 ലക്ഷത്തിനു മുകളിലുള്ള വായ്പകൾക്ക് ഈടിന്റെ മൂല്യം പരിശോധിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിക്കണമെന്ന വ്യവസ്ഥയാണ് ബാങ്കുകൾ നടപ്പാക്കാത്തത്.
ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിൽ, ചട്ടഭേദഗതി പ്രാബല്യത്തിൽ വന്ന ഡിസംബർ 31 ശേഷവും സമിതിയെ നിയോഗിക്കാതെ വൻതുകയുടെ വായ്പകൾ ബാങ്കുകൾ നൽകിയെന്നു കണ്ടെത്തി. ഇതിന്റെയടിസ്ഥാനത്തിൽ സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ അടിയന്തര പരിശോധനയ്ക്ക് സഹകരണ വകുപ്പ് നിർദേശം നൽകി. ഇങ്ങനെ നൽകിയ വായ്പകൾ ഓഡിറ്റ് ഒബ്ജക്‌ഷൻ വിഭാഗത്തിൽ വരുമെന്ന് ഓഡിറ്റ് വിഭാഗം അറിയിച്ചു. നിലവിൽ ഉണ്ടായിരുന്ന വായ്പയുടെ ഈടിൽത്തന്നെ കൂടുതൽ തുക തിടുക്കപ്പെട്ട് നൽകിയതും കണ്ടെത്തിയിട്ടുണ്ട്.
റിട്ട. ഡപ്യൂട്ടി തഹസിൽദാർ അല്ലെങ്കിൽ റിട്ട. സബ് റജിസ്ട്രാർ ഓഫിസർ ഉൾപ്പെടുന്ന കമ്മിറ്റിയാണ് മൂല്യനിർണയം നടത്തേണ്ടത്. ഈടു വയ്ക്കുന്ന വസ്തുവിൽ കെട്ടിടമുണ്ടെങ്കിൽ അതിന്റെ മൂല്യനിർണയത്തിന് മരാമത്തു വകുപ്പിൽ നിന്നോ തദ്ദേശ വകുപ്പിൽ നിന്നോ വിരമിച്ച അസിസ്റ്റന്റ് എൻജിനീയറും മൂല്യനിർണയ കമ്മിറ്റിയിൽ ഉണ്ടാകണമെന്നാണ് വ്യവസ്ഥ. ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവും ഡയറക്ടർമാരുമാണ് മറ്റ് അംഗങ്ങൾ. ബാങ്ക് തന്നെയാണ് ഇൗ അഞ്ചംഗ സമിതിക്കു പാനൽ തയാറാക്കേണ്ടത്.
നിലവിൽ തകർച്ചയിലായ എല്ലാ ബാങ്കുകളും നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ കഴിയാത്ത പ്രതിസന്ധിയിലാണ്. കാരണം, വായ്പയ്ക്ക് ഈടുവച്ച വസ്തു ലേലം ചെയ്താൽ വായ്പത്തുകയുടെ പകുതിപോലും തിരിച്ചുകിട്ടാത്ത സ്ഥിതിയാണ്. മൂല്യം കുറഞ്ഞ വസ്തു ഈടുവച്ച് ഒട്ടേറെ വായ്പകൾ എടുത്തിട്ടുള്ളതും ബാങ്കുകളുടെ തകർച്ചയ്ക്കു കാരണമായി. ഭരണസമിതി കൂട്ടുനിന്നാണ് ഇത്തരം വായ്പകൾ ഇഷ്ടക്കാർക്കു നൽകുന്നതും.