ദില്ലി > മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഫെഡറൽ ബാങ്ക് ലിമിറ്റഡിനും കരൂർ വൈശ്യ ബാങ്ക് ലിമിറ്റഡിനും പിഴ ചുമത്തി. ഫെഡറൽ ബാങ്കിന് ₹27.30 ലക്ഷം പിഴയും കരൂർ വൈശ്യ ബാങ്കിന് ₹8.30 ലക്ഷം പിഴയുമാണ് ചുമത്തിയത്. ആർബിഐയുടെ പരിശോധനയിൽ അക്കൗണ്ട് മാനേജ്‌മെന്റിലും ക്രെഡിറ്റ് ഡെലിവറി സിസ്റ്റങ്ങളിലും ചട്ടലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.
ഫെഡറൽ ബാങ്കിന് റിസർവ് ബാങ്ക് പിഴ ചുമത്തിയത് എന്തുകൊണ്ട്?
അടുത്തിടെ നടന്ന പരിശോധനയിൽ, ഫെഡറൽ ബാങ്ക് യോഗ്യതയില്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ സേവിംഗ്സ് ഡെപ്പോസിറ്റ് അക്കൗണ്ടുകൾ തുറന്നതായി RBI കണ്ടെത്തി. ഇത് RBI യുടെ നിർദ്ദേശങ്ങളുടെ ലംഘനമാണ്. ഇതേത്തുടർന്നാണ്, ഫെഡറൽ ബാങ്കിന് റിസർവ്വ് ബാങ്ക് ₹27.30 ലക്ഷം പിഴ ചുമത്തിയത്.
കരൂർ വൈശ്യ ബാങ്കിൻ്റെ പിഴയിലേയ്ക്ക് നയിച്ചത് എന്താണ്?
ക്രെഡിറ്റ് ഡെലിവറി സംബന്ധിച്ച ആർബിഐയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയതിനാണ് കരൂർ വൈശ്യ ബാങ്കിനെതിരെ നടപടിയുണ്ടായത്. ക്രെഡിറ്റ് മാനേജ്‌മെന്റ് നിയമങ്ങളുടെ ഈ ലംഘനം ₹8.30 ലക്ഷം പിഴയ്ക്ക് കാരണമായി. സാമ്പത്തിക അച്ചടക്കത്തെയും റിസ്‌ക് മാനേജ്‌മെന്റിനെയും ബാധിക്കുന്നതാണ് ഇവരുടെ ചട്ടലംഘനം. ഇതാണ് ആർബിഐയുടെ ഇടപെടലിന് കാരണമായത്.
ആർബിഐയുടെ മുൻകാല നടപടികളുമായി ഇത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ഈ ബാങ്കുകൾക്കെതിരെ ആർബിഐ നടപടിയെടുക്കുന്നത് ഇതാദ്യമല്ല. 2023 നവംബറിൽ, വാങ്ങുന്നയാളുടെ പേര് രേഖപ്പെടുത്താതെ ₹50,000-ഉം അതിൽ കൂടുതലുമുള്ള ഡിമാൻഡ് ഡ്രാഫ്റ്റുകൾ നൽകി നോ യുവർ കസ്റ്റമർ (കെവൈസി) മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഫെഡറൽ ബാങ്കിന് ₹30 ലക്ഷം പിഴ ചുമത്തിയിരുന്നു. അതുപോലെ, 2023 മാർച്ചിൽ, ആർബിഐയുടെ തട്ടിപ്പ് വർഗ്ഗീകരണ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, നിശ്ചിത സമയപരിധിക്കുള്ളിൽ ചില അക്കൗണ്ടുകൾ തട്ടിപ്പായി റിപ്പോർട്ട് ചെയ്യുന്നതിൽ വിഴ്ച്ച വരുത്തിയതിന് കരൂർ വൈശ്യ ബാങ്കിനും ₹30 ലക്ഷം പിഴ ചുമത്തിയിരുന്നു.