കോട്ടയം> ഗാന്ധിനഗർ നഴ്സിംഗ് കോളേജിൽ ജൂനിയർ വിദ്യാർത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തിൽ കോളേജിലുള്ളവരുടെ മൊഴിയെടുപ്പ് തുടരും. കോളേജിലെ ടീച്ചർമാരുടെയും മറ്റ് വിദ്യാർത്ഥികളുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും. ആവശ്യമെങ്കിൽ മാത്രം പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകാനാണ് നിലവിൽ പൊലീസിന്റെ തീരുമാനം.
ഗാന്ധിനഗർ നഴ്സിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ സാമുവൽ ജോൺ, രാഹുൽ രാജ്, റിജിൽ, വിവേക്, ജീവ എന്നിവരാണ് കേസിലെ പ്രതികൾ. റാഗിംഗ് നിരോധന നിയമപ്രകാരവും ബിഎൻഎസ് 118, 308, 350 എന്നീ വകുപ്പുകൾ പ്രകാരവുമാണ് പ്രതികൾക്കെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത്. ആവശ്യമെങ്കിൽ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലും പ്രതികൾക്കെതിരെ ചുമത്തും. നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ അതിക്രൂരമായ പീഢനത്തിനാണ് ഇരയായത്.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കോമ്പസ് വെച്ച് ശരീരത്തില്‍ കുത്തി മുറിവേല്‍പ്പിക്കുന്നതും അതിന് ശേഷം മുറിവില്‍ ലോഷനൊഴിച്ച് വീണ്ടും വേദനിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് പുറമെ വിദ്യാര്‍ഥിയുടെ സ്വകാര്യ ഭാഗത്ത് ഡമ്പല്‍ വെയ്ക്കുന്നതും വീഡിയോയില്‍ കാണാം. വിദ്യാര്‍ഥി കരഞ്ഞ് അപേക്ഷിച്ചിട്ടും ഇവര്‍ പ്രവര്‍ത്തികള്‍ തുടരുന്നതായാണ് വീഡിയോ സൂചിപ്പിക്കുന്നത്.
ഫെബ്രുവരി 12-ാം തീയതിയാണ് നഴ്‌സിംഗ് കോളേജിലെ ഹോസ്റ്റലില്‍ നിന്ന് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ പ്രതികളെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെയും പ്രിന്‍സിപ്പലിന്റെയും പരാതിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അതേ സമയം മനുഷ്യാവകാശ കമ്മീഷനും റാഗിംഗ് വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. വിഷയത്തില്‍ സ്വീകരിച്ച നടപടി എന്തെന്ന് 10 ദിവസത്തിനകം മറുപടി നല്‍കണമെന്നും നിര്‍ദേശമുണ്ട്. സഹ്യാദ്രി റൈറ്റ്‌സ് ഫോറം നല്‍കിയ പരാതിയിലായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.