UPI Based ATM Withdrawal> പലരും അത്യാവശ്യ ഘട്ടങ്ങളില്‍ പണം പിന്‍വലിക്കാന്‍ എടിഎമ്മുകളില്‍ എത്തുമ്പോഴായിരിക്കും പേഴ്‌സില്‍ എടിഎം കാര്‍ഡ് ഇല്ലെന്ന സത്യം തിരിച്ചറിയുക. ഇത്തരമൊരു അവസ്ഥയില്‍ എപ്പോഴെങ്കിലും നിങ്ങളും പെട്ടിട്ടുണ്ടോ? എന്നാല്‍ ഇനി ഇത്തരമൊരു അബദ്ധം നിങ്ങള്‍ക്കു പറ്റില്ലെന്ന് ഉറപ്പാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്കും, നവീന മാറ്റങ്ങള്‍ നടപ്പാക്കാന്‍ ആര്‍ബിഐ കൈക്കൊള്ളുന്ന നടപടികള്‍ക്കും നന്ദി. അതേ, ഇപ്പോള്‍ എടിഎമ്മുകളില്‍ നിന്നു പണം പിന്‍വലിക്കുന്നതിന് കാര്‍ഡുകള്‍ ഒന്നും തന്നെ ആവശ്യമില്ല.
എടിഎം കാര്‍ഡുകള്‍ ഇല്ലാതെ എങ്ങനെ പണം പിന്‍വലിക്കാന്‍ സാധിക്കും എന്നാകും ചിലരെങ്കിലും ചിന്തിച്ചിരിക്കുക. അങ്ങനെയെങ്കില്‍ തങ്ങളുടെ പണത്തിന് എന്ത് സുരക്ഷയുണ്ടെന്നാകും മറ്റുചിലര്‍ ചിന്തിച്ചിരിക്കുക. ഇവിടെ നിങ്ങള്‍ പേടിക്കേണ്ട ഒരു ആവശ്യവുമില്ല. അതാണു സാങ്കേതികവിദ്യയ്ക്ക് നന്ദിയെന്ന് ആദ്യമേ പറഞ്ഞത്. യുപിഐ, മൊബൈല്‍ ബാങ്കിംഗ് ആപ്പുകള്‍, ബാങ്കുകള്‍ നല്‍കുന്ന ടോക്കണ്‍ സംവിധാനം എന്നിവ ഉപയോഗിച്ചാണ് ഇവിടെ പണം പിന്‍വലിക്കല്‍ സാധ്യമാകുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ എടിഎം കാര്‍ഡുകളേക്കാള്‍ സുരക്ഷിതമാണ് ഇത്തരം പിന്‍വലിക്കലുകള്‍ എന്നു പറയുന്നതാകും ശരി.
1. മൊബൈല്‍ ബാങ്കിംഗ്
ഇവിടെ നിങ്ങളുടെ ബാങ്കിന്റെ മൊബൈല്‍ ആപ്പാണ് താരം. വളരെ സൗകര്യപ്രദവും, സുരക്ഷിതവുമായ മാര്‍ഗങ്ങളില്‍ ഒന്നാണിത്. ഇന്നു മിക്ക ബാങ്കുകളും ഈ ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ആദ്യം നിങ്ങളുടെ ബാങ്കിന്റെ ആപ്പില്‍ ലോഗിന്‍ ചെയ്ത് ‘Cardless Cash Withdrawal’ ഓപ്ഷന്‍ തെരഞ്ഞെടുക്കുക. നിങ്ങള്‍ പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുക നല്‍കുക. ഇതോടെ നിങ്ങള്‍ക്ക് ഒരു ഒടിപി ലഭിക്കും. ബാക്കി കാര്യങ്ങള്‍ എടിഎം മെഷീനിലാണ് ചെയ്യേണ്ടത്.
കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കല്‍ പിന്തുണയ്ക്കുന്ന ഏത് എടിഎംമെഷീനും നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. എടിഎം സ്‌ക്രീനില്‍ നിന്ന് ‘Cardless Withdrawal’ ഓപ്ഷന്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന നിങ്ങളുടെ മൊബൈല്‍ നമ്പര്‍, ആവശ്യമായ തുക, നിങ്ങള്‍ക്ക് ലഭിച്ച ഒടിപി എന്നിവ നല്‍കുക. ഇതോടെ നിങ്ങള്‍ക്ക് പണം ലഭിക്കും. ഇവിടെ 2 കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണം. ഒന്ന്, നിങ്ങളുടെ ഒടിപി കുറച്ച് സമയത്തേയ്ക്ക് മാത്രമായി ജനറേറ്റ് ചെയ്തിട്ടുള്ളതാണ്. രണ്ട്, മൊബൈല്‍ ആപ്പില്‍ നിങ്ങള്‍ നല്‍കിയ അതേ തുക തന്നെ എടിഎം മെഷീനിലും നല്‍കണം.
2. യുപിഐ
യുപിഐ പ്രവര്‍ത്തനക്ഷമമാക്കിയ എടിഎമ്മുകള്‍ ഇവിടെ നിങ്ങള്‍്ക്ക് ഉപയോഗിക്കാം. ഇവിടെ എടിഎം സ്‌ക്രീനില്‍ നിന്ന് ‘Cardless Withdrawal’ അല്ലെങ്കില്‍ ‘UPI Cash Withdrawal’ ഓപ്ഷന്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന നിങ്ങളുടെ യുപിഐ ആപ്പ് (Google Pay, PhonePe, Paytm, അല്ലെങ്കില്‍ BHIM പോലുള്ളവ) മൊബൈലില്‍ തുറക്കുക. എടിഎം സ്‌ക്രീനില്‍ കാണുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ആവശ്യമായ തുക നല്‍കുക. നിങ്ങളുടെ യുപിഐ പിന്‍ ഉപയോഗിച്ച് പേയ്മെന്റ് സ്ഥിരീകരിക്കാം. ഇതോടെ എടിഎമ്മില്‍ നിന്ന പണം കിട്ടും.