കേരളത്തിലെ ചെറുകിട വ്യവസായങ്ങളും ഫിനാൻസ് മേഖലയും റിട്ടെയ്ൽ മേഖലയും നിശബ്ദ വിപ്ലവത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഉപഭോക്താക്കളുടെ മുന്‍ഗണനകള്‍ അതിവേഗം മാറുന്നു. ഇ-കൊമേഴ്സിന്റെ വളര്‍ച്ചയും വേഗത്തിലാണ്. ഇതെല്ലാം ഈ മേഖലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. സംരംഭങ്ങളുടെ ഏറ്റെടുക്കലുകള്‍ക്കും ഇത് വഴിയൊരുക്കുന്നു.
സുഗന്ധവ്യഞ്ജനങ്ങളും കറിപ്പൊടികളും മുതല്‍ ലഘുഭക്ഷണങ്ങളും പ്രഭാതഭക്ഷണ ചേരുവകളും ഉള്‍പ്പെടുന്ന മേഖലയില്‍ ചെറുകിട, ഇടത്തരം സംരംഭകര്‍ പിടിച്ചു നില്‍ക്കാന്‍ പാടു പെടുകയാണ്. സാമ്പത്തിക പരിമിതികളും കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതും ഇവര്‍ക്ക് വെല്ലുവിളികളാണ്. ഇതിനിടെയാണ് ചെറുകിട വ്യവസായ മേഖയിലേക്ക് വമ്പൻമാരുടെ കടന്നുകയറ്റം.
കേരളത്തിലെ നോൺ ബാങ്കിംഗ് ഫിനാൻസ് (NBFC) മേഖല തകർച്ചയുടെ പടുകുഴി അഭിമുഖീകരിക്കുകയാണ്. മിക്ക സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. കൊള്ളപ്പലിശ കാരണം സ്വർണ്ണപ്പണയ വായ്പകൾക്ക് ഇടപാടുകാർ ഇവരെ ആശ്രയിക്കാതായി. മൈക്രോ ഫിനാൻസിൻ്റെ അവസ്ഥയും മോശമല്ല. മതിയായ രേഖകളില്ലാതെ കൊള്ളപ്പലിശ മാത്രം ഉന്നം വച്ച് വായ്പകൾ നൽകിയതോടെ കിട്ടാക്കടം അതിഭീമമായി വർദ്ധിച്ചു. ഉർജ അദാനിയടക്കം ഭീമൻമാർ ഈ മേഖല കീഴടക്കാനുള്ള ശ്രമത്തിലാണ്. പല NBFC കളും ഇവർ ഏറ്റെടുത്തു കഴിഞ്ഞു. (NCS Group ഉർജ അദാനി ഏറ്റെടുത്തത് ഒടുവിലത്തെ ഉദാഹരണം).
റീട്ടെയ്ൽ മേഖല റിലയൻസ് ഏതാണ്ട് കൈയ്യടക്കിയ മട്ടാണ്. പല സ്ഥാപനങ്ങളും ഇവർ ഏറ്റെടുത്തു കഴിഞ്ഞു. ഇത്തരം കുത്തകളെ സഹായിക്കാൻ ഹിഡൻ അജണ്ടകളുമായി സംസ്ഥാന സർക്കാരും രംഗത്തുണ്ട്. ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന നികുതി ഘടനയുമായി കേരള സർക്കാർ രംഗത്തുവന്നതും കൂടി ഇതിനോട് കൂട്ടി വായിക്കണം. കടമുറികളുടെ വാടകക്ക് 18% ജി എസ് ടി ഏർപ്പെടുത്തിയത് തന്നെ ചെറുകിട വ്യാപാര മേഖലയെ തകർത്ത് കുത്തകകൾക്ക് വളരാൻ മണ്ണൊരുക്കിയതാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇനി കേരളത്തിൽ ആര് എന്ത് ഭക്ഷിക്കണമെന്നും, എന്തുടുക്കണമെന്നും വമ്പൻമാർ തീരുമാനിക്കുന്ന കാലം വിദൂരമല്ല. ചെറുകിട വ്യാപാര മേഖല തകരുന്നതോടെ കോർപറേറ്റുകൾ പറയുന്ന വിലക്ക് സാധനങ്ങൾ വാങ്ങേണ്ട ഗതികേടും മലയാളിക്കുണ്ടാകും. ‘ചുരുക്കി പറഞ്ഞാൽ നമ്മുടെ ജീവിതം ഇനി അവർ തീരുമാനിക്കും.