ദില്ലി> ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും, 2002 ലെ മൾട്ടി-സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിസ് (MSCS Act) ആക്ടിൻ്റെ ഗുരുതര ലംഘനവും കാരണം രണ്ട് മൾട്ടി-സ്റ്റേറ്റ് കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികൾ പിരിച്ചുവിടാൻ രജിസ്ട്രാർ നടപടി തുടങ്ങി. രാജസ്ഥാനി മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ്, ജിജാവ് മാ സാഹിബ് മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് എന്നിവ പിരിച്ചുവിടുന്നതിനുള്ള നടപടികളാണ് സെൻട്രൽ കോപ്പറേറ്റീവ് സൊസൈറ്റിസ് രജിസ്ട്രാർ (സിആർസിഎസ്) രവീന്ദ്ര അഗർവാൾ ആരംഭിച്ചിരിക്കുന്നത്.
2002 ലെ എംഎസ്സിഎസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത രാജസ്ഥാനി മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് നിക്ഷേപകരോടുള്ള കടമകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു. നിക്ഷേപങ്ങൾ തിരിച്ച് നൽകാത്തതിനെ സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നേരത്തെ ആശങ്ക അറിയിച്ചിരുന്നു. നിരവധി പരാതികളാണ് രജിസ്ട്രാർക്കും ആർബിഐക്കും ലഭിച്ചത്. ഈ പരാതികൾ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് രജിസ്ട്രാർ സൊസൈറ്റിക്ക് അയച്ച കത്തിന് മറുപടി ലഭിച്ചിരുന്നില്ല. മാത്രമല്ല, 2022-23 സാമ്പത്തിക വർഷത്തെ വാർഷിക റിട്ടേണുകൾ സമർപ്പിക്കുന്നതിൽ സൊസൈറ്റി വീഴ്ച്ച വരുത്തി.
മഹാരാഷ്ട്ര സർക്കാരിന്റെ സഹകരണ കമ്മീഷണറും സഹകരണ സംഘങ്ങളുടെ രജിസ്ട്രാറും നടത്തിയ പരിശോധനയിൽ, സൊസൈറ്റിയുടെ ഹെഡ് ഓഫീസ് പോലീസ് സീൽ ചെയ്തതായും, നിക്ഷേപകരുടെ പണം തിരികെ നൽകുന്നതിൽ ഡയറക്ടർ ബോർഡ് കടുത്ത അനാസ്ഥ കാണിച്ചതായും കണ്ടെത്തി. സൊസൈറ്റിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഒരു അഡ്മിനിസ്ട്രേറ്ററെയോ ലിക്വിഡേറ്ററെയോ നിയമിക്കാൻ ശുപാർശ ചെയ്തിതിട്ടുണ്ട്.
ജിജാവ് മാ സാഹിബ് മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് 160 കോടി രൂപയുടെ നിക്ഷേപം ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിരുന്നു. സൊസൈറ്റിയുടെ ചെയർപേഴ്‌സണും മറ്റ് പ്രധാന ഉദ്യോഗസ്ഥരും ഒളിവിൽ പോയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2021-22 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ, സെക്ഷൻ 67 ഉൾപ്പെടെ 2002 ലെ എംഎസ്‌സിഎസ് ആക്ടിലെ ഒന്നിലധികം വ്യവസ്ഥകൾ സൊസൈറ്റി ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സൊസൈറ്റിക്ക് അയച്ച നിരവധി തവണ നോട്ടീസുകൾ അയച്ചെങ്കിലും മറുപടി ലഭിച്ചില്ല.
മഹാരാഷ്ട്ര സഹകരണ സംഘ രജിസ്ട്രാർ നടത്തിയ പരിശോധനയിൽ, പോലീസ് നിരവധി സാമ്പത്തിക രേഖകൾ പിടിച്ചെടുത്തതായും ഫണ്ട് ദുരുപയോഗം ചെയ്തതായും സ്ഥിരീകരിച്ചു. ഗുരുതരമായ നിയമ ലംഘനങ്ങൾ കണക്കിലെടുത്ത്, 2002 ലെ എംഎസ്സിഎസ് ആക്ട് പ്രകാരം രണ്ട് സൊസൈറ്റികളെയും പിരിച്ചുവിടൽ പ്രക്രിയയുമായി മുന്നോട്ട് പോകാൻ രജിസ്ട്രാർ തീരുമാനിക്കുകയായിരുന്നു.
തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ 8848801594 എന്ന നമ്പറിൽ വാട്സാപ്പ് മെസ്സേജായോ, [email protected] എന്ന ഇമെയിലിലേക്കോ അയക്കാം. ഇൻഫോർമറെ സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമായിരിക്കും.