ദില്ലി> സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് യു.എസിലേക്ക് സ്റ്റീല്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് വലിയ തോതില്‍ സ്റ്റീല്‍ ഡമ്പ് ചെയ്യാനിടയാക്കുമെന്ന ആശങ്കയിലാണ് ആഭ്യന്തര സ്റ്റീല്‍ നിര്‍മ്മാതാക്കള്‍. ഇന്ത്യയില്‍ സ്റ്റീലിനുളള വലിയ ആവശ്യകത ഇത്തരത്തില്‍ സ്റ്റീല്‍ എത്താനുളള സാധ്യതകള്‍ക്ക് ആക്കം കൂട്ടും. ജിൻഡാൽ സ്റ്റീൽ ചെയർമാൻ നവീൻ ജിൻഡാല്‍ ഇതുസംബന്ധിച്ച ആശങ്ക ഇതിനോടകം പങ്കുവെച്ചു കഴിഞ്ഞു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസിന് (DGTR) ഇതിനോടകം ഇന്ത്യന്‍ സ്റ്റീല്‍ അസോസിയേഷന്‍ പരാതി നല്‍കിയിട്ടുണ്ട്. ചില രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ വിപണിയിലേക്ക് ക്രമാതീതമായി സ്റ്റീല്‍ തളളുന്നത് സംബന്ധിച്ച പരാതികള്‍ ഇന്ത്യൻ കമ്പനികള്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി നിരന്തരം ഉന്നയിക്കുകയാണ്. ഇത് ആഭ്യന്തര കമ്പനികളുടെ മത്സരശേഷിയെ കാര്യമായി ബാധിക്കുന്നതായാണ് ആരോപണം. ചൈനയില്‍ നിന്നാണ് ഇത്തരത്തില്‍ കൂടുതലായും സ്റ്റീല്‍ ഡമ്പിംഗ് നടക്കുന്നത്.
സ്റ്റീല്‍ ഡംബിഗ് ഒഴിവാക്കാന്‍ അധിക തീരുവ ചുമത്തുന്നത് അടക്കമുളള നടപടികളാണ് അധികൃതരില്‍ നിന്ന് ഇന്ത്യന്‍ സ്റ്റീല്‍ കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. ഇറക്കുമതിക്ക് 25 ശതമാനം വരെ തീരുവ ഏർപ്പെടുത്തണമെന്ന ആവശ്യവും കമ്പനികള്‍ ഉന്നയിക്കുന്നുണ്ട്. നിലവില്‍ 7.5 ശതമാനം കസ്റ്റംസ് തീരുവയാണ് സ്റ്റീലിന് മേല്‍ ചുമത്തുന്നത്.
ജനുവരി-ഏപ്രിൽ കാലയളവിൽ ഇന്ത്യയുടെ സ്റ്റീല്‍ കയറ്റുമതിയില്‍ 28.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയതും സ്റ്റീല്‍ കമ്പനികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. 3.99 ദശലക്ഷം ടണ്ണാണ് ഈ കാലയളവിലുണ്ടായ കയറ്റുമതി. മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തില്‍ ഇത് 5.61 ദശലക്ഷം ടണ്ണായിരുന്നു.