ദില്ലി> “ക്ലൗഡ് പാർട്ടിക്കിൾസ് (സെർവറുകൾ)” വിൽക്കാമെന്നും പ്രതിമാസം വൻതുക വാടക വരുമാനം നൽകാമെന്നുമുള്ള ഉറപ്പിൽ നിക്ഷേപകരെ വഞ്ചിച്ച കേസിൽ വ്യൂനോ ഗ്രൂപ്പ്(Vuenow Group) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുഖ്വീന്ദർ സിംഗ് ഖരൂർ, ഭാര്യ ഡിംപിൾ ഖരൂർ എന്നിവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തട്ടിപ്പിലൂടെ 3,558 കോടി രൂപയുടെ ഫണ്ടാണ് ഇവർ സ്വരൂപിച്ചത്.
ഈ തട്ടിപ്പിന് പിന്നിലെ ബുദ്ധികേന്ദ്രം ശ്രീ ഖരൂർ ആണെന്ന് മുതിർന്ന ഇഡി ഉദ്യോഗസ്ഥൻ കേരള ടൈംസിനോട് പറഞ്ഞു. വിദേശയാത്ര തടയുന്നതിനായി പ്രതികൾക്കെതിരെ വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് സർക്കുലറുകൾ പുറപ്പെടുവിച്ചിരുന്നു. നേപ്പാളിലേക്കുള്ള യാത്രക്കായി ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അവരെ കസ്റ്റഡിയിലെടുത്ത്. തുടർന്ന് ഇഡി അവരെ അറസ്റ്റ് ചെയ്തു.
പഞ്ചാബിലെ ജലന്ധറിലെ കോടതിയിൽ ഹാജരാക്കി ഇഡി കസ്റ്റഡിയിൽ വാങ്ങി.സുഖ് വീർ സിങ്ങിനെ 10 ദിവസത്തേക്കും ഭാര്യയെ ഡിംപിളിനെ അഞ്ച് ദിവസത്തേക്കുമാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ (നോയിഡ) പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണം.
സെയിൽ-ആൻഡ്-ലീസ്-ബാക്ക് മോഡൽ (SLB മോഡൽ) അടിസ്ഥാനമാക്കിയുള്ള സെർവ്വറുകളുടെ ബിസിനസ്സ് നിലവിലില്ലെന്നും നിക്ഷേപകരെ വഞ്ചിക്കുന്നതിനായി വ്യാജമായി രേഖകൾ ചമച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിൽ നിന്ന് ലഭിച്ച 3,558 കോടി രൂപ മറ്റു ബിസിനസ്സ് ആവശ്യങ്ങൾക്ക് വിനിയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഇഡി വ്യക്തമാക്കി. വ്യൂനോ മാർക്കറ്റിംഗ് സർവീസസ് ലിമിറ്റഡും (VMSL) വ്യൂനോ ഗ്രൂപ്പ് കമ്പനികളും തങ്ങളുടെ ഏജൻറുമാർക്ക് ഉയർന്ന കമ്മീഷൻ നൽകുന്നതിനും വിവിധ ആഡംബര വാഹനങ്ങൾ, സ്വർണ്ണം, വജ്രങ്ങൾ എന്നിവ വാങ്ങുന്നതിനും ഫണ്ട് ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ നിരവധി ഷെൽ കമ്പനികളിലേക്ക് നിക്ഷേപം മാറ്റി. കൂടാതെ ഡിംപിൾ ഖരൂരിന്റെയും അവർ ഡയറക്ടറായിരുന്ന ഖരൂർ ഫിലിംസ് LLP, ഫ്രൂട്ട്ചാറ്റ് എന്റർടൈൻമെന്റ്, അവ്നി ഐടി ഇൻഫ്ര വെഞ്ച്വേഴ്സ് ലിമിറ്റഡ് എന്നിവയുൾപ്പെടെയുള്ള വിവിധ കമ്പനികളുടെ അക്കൗണ്ടിലേക്കും പണം മാറ്റിയിട്ടുണ്ട്.
2024 നവംബർ മുതൽ VMSL-ലും അനുബന്ധ സ്ഥാപനങ്ങളിലും ഇ.ഡി നിരവധി റൗണ്ട് റെയ്ഡുകൾ നടത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് ₹178.12 കോടി മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടുകയും ആരിഫ് നിസാർ എന്ന മറ്റൊരു പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
“വ്യൂനോ ഗ്രൂപ്പിന്റെ അഫിലിയേറ്റുകളായ സെബൈറ്റ് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡും (ZIPL) സെബൈറ്റ് റെന്റൽ പ്ലാനറ്റ് പ്രൈവറ്റ് ലിമിറ്റഡും ക്ലൗഡ് പാർട്ടിക്കിളുകളുടെ സബ്-ലീസ് വാടകയുടെ മറവിൽ പുതിയ നിക്ഷേപകരുടെ പണം മറ്റു പലയിടങ്ങളിലേക്കും മാറ്റുന്നുണ്ടെന്ന് ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തി. “ZIPL-ൽ 75% ഓഹരി കൈവശം വച്ചിരിക്കുന്ന കുറ്റാരോപിതനുമായ ആരിഫ് നിസാർ, VMSL ഗ്രൂപ്പിന്റെ ഉപദേഷ്ടാവും സ്ഥാപകനും സുഖ്വീന്ദർ സിംഗ് ഖരൂരിന്റെ അടുത്ത അനുയായിയുമാണെന്ന് ഉന്നത ഇഡി ഉദ്യോഗസ്ഥൻ പറഞ്ഞു.
