മുംബൈ> ഏകദേശം അഞ്ച് ലക്ഷം നിക്ഷേപകരെ കബളിപ്പിച്ച 4,500 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുംബൈ ആസ്ഥാനമായുള്ള പാൻകാർഡ് ക്ലബ്സ് ലിമിറ്റഡുമായും അതിന്റെ പ്രൊമോട്ടർമാരുമായും ബന്ധപ്പെട്ട നാല് സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. വിദേശ സ്വത്തുക്കളുടെതടക്കം നിരവധി രേഖകൾ പിടിച്ചെടുത്തതായി ഇഡി സ്ഥിരീകരിച്ചു.
പാൻകാർഡ് ക്ലബ്ബ്സ് ലിമിറ്റഡിനെതിരെ മുംബൈ പോലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനെത്തുടർന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചത്. 1992 ലെ സെബി ആക്ടിന്റെ ലംഘനമായ കളക്ടീവ് ഇൻവെസ്റ്റ്‌മെന്റ് സ്കീമുമായി ബന്ധപ്പെട്ട്, 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം, പാൻകാർഡ് ക്ലബ്സ് ലിമിറ്റഡുമായും മറ്റുള്ളവരുമായും ബന്ധപ്പെട്ട സ്ഥലങ്ങൾ ഫെബ്രുവരി 28 ന് റെയ്ഡ് ചെയ്തിരുന്നു.
4,500 കോടി രൂപയുടെ തട്ടിപ്പ് കേസിൽ വിദേശ സ്വത്തുക്കളുടെ രേഖകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു
