ഹൈദരാബാദ്> ഫാൽക്കൺ ഇൻവോയ്‌സ് ഡിസ്‌കൗണ്ടിംഗ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട 850 കോടി രൂപയുടെ പോൻസി സ്കീം തട്ടിപ്പിൽ ഉൾപ്പെട്ട ഫാൽക്കൺ ഗ്രൂപ്പ് സിഎംഡി അമർദീപ് കുമാറിൻ്റെ വിമാനം ഇഡി പിടിച്ചെടുത്തു. അമർദീപ് കുമാറും സിഇഒ വിവേക് സേത്തും ജനുവരി 22 ന് കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനം ഉപയോഗിച്ച് ദുബായിലേക്ക് കടന്നിരുന്നു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈദരാബാദ് ഉദ്യോഗസ്ഥർ എട്ട് സീറ്റുള്ള വിമാനമായ N935H ഹോക്കർ 800A പിടിച്ചെടുത്തതിന് പിന്നാലെ, അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 850 കോടി രൂപയുടെ പോൻസി കേസിലെ പ്രധാന പ്രതി അമർദീപാണെന്ന് മുതിർന്ന ഇഡി ഉദ്യോഗസ്ഥൻ കേരള ടൈംസിനോട് പറഞ്ഞു. വിമാനത്തിൻ്റെ ഇന്റീരിയർ കാര്യങ്ങൾക്ക് മാത്രം കോടികളാണ് ചെലവഴിച്ചിട്ടുള്ളത്.
“മെഡിക്കൽ ആംബുലൻസായി വിമാനം പ്രവർത്തിപ്പിച്ച പ്രതി, ഐസിഎടിടി പോലുള്ള വിവിധ ബുക്കിംഗ് വെബ്‌സൈറ്റുകൾ വഴി, മണിക്കൂറിൽ 3000-3500 ഡോളർ ഈടാക്കിയിരുന്നത്. മാത്രമല്ല വിമാനത്തിന്റെ ഉടമസ്ഥാവകാശം മറച്ചുവെക്കുന്നതിനായി, ദുബായിൽ രജിസ്റ്റർ ചെയ്ത മറ്റൊരു സേവന ദാതാവ് വഴി ഡൽഹി ആസ്ഥാനമായുള്ള ഒരു കമ്പനിക്ക് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് പ്രവർത്തനങ്ങളും ചുമതല നൽകിയിരുന്നു. കൂടാതെ, യുഎസ്എയിൽ പ്രസ്റ്റീജ് ജെറ്റ്‌സ് ഇൻകോർപ്പറേറ്റഡ് എന്ന കമ്പനി സ്ഥാപിച്ചത് ഒരു വിദേശിയുടെ പേരിലാണെന്നും വ്യക്തമായിട്ടുണ്ട്. തുടർന്ന് എല്ലാ അവകാശങ്ങളും അമർദീപിന് നൽകുകയായിരുന്നു. ഇതേത്തുടർന്നാണ് പിഎംഎൽഎ 2002 ലെ സെക്ഷൻ 17 പ്രകാരം വിമാനം കണ്ടുകെട്ടിയതെന്ന് ഇഡി വൃത്തങ്ങൾ പറഞ്ഞു.
പ്രെസ്റ്റീജ് ജെറ്റ്സ് ഇൻകോർപ്പറേറ്റഡ് എന്ന സ്വകാര്യ ചാർട്ടർ കമ്പനി അമർദീപ് കുമാറിന്റേതാണെന്ന് ഇഡിയുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. 2024 ഫെബ്രുവരിയിൽ പ്രെസ്റ്റീജ് ജെറ്റ്സ് ഇൻകോർപ്പറേറ്റഡിന്റെ പേരിൽ വിമാനം (N935H) രജിസ്റ്റർ ചെയ്തതായും കണ്ടെത്തി.
അമർദീപ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ഒരു കൂട്ടം കമ്പനികളിലെ സഹ-ഡയറക്ടറായ മറ്റൊരു പ്രധാന പ്രതിയുടെ മൊഴിയിൽ, തന്റെ ഉടമസ്ഥതയിലുള്ള ജെറ്റിനായി ക്രൂ അംഗങ്ങളെ അദ്ദേഹം നിയമിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ജെറ്റ് ആർജിഐഎയിൽ എത്തിയ വിവരം ലഭിച്ചതിനെത്തുടർന്ന്, ഹൈദരാബാദ് ഇഡി ഓഫീസിലെ ഉദ്യോഗഥരെത്തി വിമാനം പിടിച്ചെടുക്കുകയായിരുന്നു. പ്രെസ്റ്റീജ് ജെറ്റ്സ് ഇൻകോർപ്പറേറ്റഡ് യുഎസ്എയുടെ ഡയറക്ടറായ സപ്തർഷി ചാറ്റർജിയുടെ നേതൃത്വത്തിലുള്ള ക്രൂ അംഗങ്ങളുടെ മൊഴികളുടെയും അവരുടെ ഫോണുകളിൽ നിന്ന് ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ, അമർദീപ് കുമാർ തട്ടിപ്പിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്നാണ് വിമാനം വാങ്ങിയതെന്ന് കണ്ടെത്തിയതായി ഇഡി വൃത്തങ്ങൾ പറഞ്ഞു.