ദില്ലി > ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ ലഖാനി ഇന്ത്യ ഷൂ കമ്പനിയുടെ 110 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം കണ്ടുകെട്ടിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ലഖാനി ഇന്ത്യ ലിമിറ്റഡിനും അതിന്റെ ഗ്രൂപ്പ് കമ്പനികളായ ലഖാനി റബ്ബർ ഉദ്യോഗ് പ്രൈവറ്റ് ലിമിറ്റഡ്, ലഖാനി അപ്പാരൽ പ്രൈവറ്റ് ലിമിറ്റഡ്, അവരുടെ പ്രൊമോട്ടർമാരായ പി ഡി ലഖാനി, സുമൻ ലഖാനി എന്നിവർക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) അന്വേഷണം നടന്നു വരുന്നതായി ഇഡി വ്യക്തമാക്കി. 2021 ലും 2023 ലും തട്ടിപ്പ് ലക്ഷ്യമിട്ട് വിവിധ ബാങ്കുകൾക്കെതിരെ ഇവർ ക്രിമിനൽ ഗൂഢാലോചന, വഞ്ചന, എന്നിവ നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
ലഖാനി ഇന്ത്യ ലിമിറ്റഡും അതിന്റെ ഗ്രൂപ്പ് കമ്പനികളും ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയെ സംയുക്തമായി വഞ്ചിക്കുകയും, മറ്റ് ഗ്രൂപ്പ് കമ്പനികളിലേക്ക് ഫണ്ട് വഴിതിരിച്ചുവിടുകയും ചെയ്തു. ഇതിലൂടെ 162 കോടി രൂപയുടെ തട്ടിപ്പാണ് ഇവർ നടത്തിയത്. പരാതിക്കാരായ ബാങ്കുകൾ നൽകിയ ബിസിനസ്/മൂലധന വായ്പകളം ക്രെഡിറ്റ് സൗകര്യങ്ങളും, പ്രൊമോട്ടർമാരുടെ നിർദ്ദേശപ്രകാരം ലഖാനി ഗ്രൂപ്പ് വകമാറ്റി വഞ്ചിച്ചെന്നും ഇഡി അറിയിച്ചു.
ഡൽഹി-എൻസിആറിലെ 20 ഏക്കറിലധികമുള്ള അഞ്ച് വാണിജ്യ പ്ലോട്ടുകൾ, രണ്ട് ഏക്കർ ഫാംഹൗസ്, ഒരു വാണിജ്യ ഫ്ലാറ്റ്-കം-ഓഫീസ് എന്നിവ പിഎംഎൽഎ പ്രകാരം താൽക്കാലികമായി കണ്ടുകെട്ടിയതായി ഇഡി പറഞ്ഞു. ഈ സ്വത്തുക്കൾക്ക് 110 കോടിയിലധികം വിലവരും.
