കൊച്ചി> കൊച്ചിയില്‍ നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ നടന്‍ ദിലീപിന്റെ കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യമെന്ന് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. റിപ്പോർട്ടർ ടിവിയാണ് പൾസർ സുനിയുടെ വെളിപ്പെടുത്തൽ പുറത്ത് വിട്ടത്. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും അതിക്രമം നടക്കുമ്പോള്‍ താന്‍ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും സുനി പറയുന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നു. അതിക്രമം ഒഴിവാക്കാന്‍ പണം തരാമെന്ന് നടിയും പറഞ്ഞിരുന്നതായാണ് പള്‍സര്‍ സുനി വെളിപ്പെടുത്തിയത്.
‘നടിയെ ബലാത്സംഗം ചെയ്യാന്‍ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നല്‍കിയത്. ബലാത്സംഗം പകര്‍ത്താനും നിര്‍ദേശിച്ചു. എന്താണ് ചെയ്യാന്‍ ഉദ്ദേശിച്ചത് എന്ന് അതിജീവിതയ്ക്ക് അറിയാം. അതിക്രമം ഒഴിവാക്കാന്‍ എത്രകാശും തരാമെന്ന് അതിജീവിത പറഞ്ഞു. ആ പണം വാങ്ങിയിരുന്നെങ്കില്‍ ജയിലില്‍ പോകാതെ രക്ഷപ്പെടാമായിരുന്നെന്നാണ്’പള്‍സര്‍ സുനി പറയുന്നത്. ‘ദിലീപിന്റെ കുടുംബം തകര്‍ത്തതാണ് വൈരാഗ്യത്തിന് കാരണം. അതിക്രമം നടക്കുമ്പോള്‍ താന്‍ ദിലീപിന്റെ നിരീക്ഷണത്തിലാണ്. എല്ലാം തത്സമയം വേറെ ചിലര്‍ അറിയുന്നുണ്ടായിരുന്നു. തന്റെ പിറകില്‍ നിരീക്ഷിക്കാന്‍ ആളുണ്ടായിരുന്നു. താന്‍ ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ആളുണ്ടായിരുന്നു. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യം. പീഡനദൃശ്യങ്ങള്‍ ചിത്രീകരിക്കാനും തീരുമാനിച്ചിരുന്നെന്നും’ പള്‍സര്‍ സുനി പറയുന്നുണ്ട്.