അമേരിക്ക ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ ഉപയോഗിച്ച ബങ്കർ ബസ്റ്റർ ബോംബുകളുടെ പരീക്ഷണ ദൃശ്യങ്ങൾ പങ്കുവെച്ച് യു.എസ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ. സാധാരണ ബോംബുകളിൽ നിന്ന് വ്യത്യസ്തമായി, ഒരു ബങ്കർ-ബസ്റ്റർ ബോംബ് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഉപരിതലത്തിൽ കാണാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ കോൺക്രീറ്റ് ഉപയോഗിച്ച് മൂടാൻ ശ്രമിച്ച ഫോർദോയുടെ വെന്റിലേഷൻ ഷാഫ്റ്റുകളെയാണ് (ventilation shafts) ബോംബുകൾ ലക്ഷ്യം വെച്ചതെന്ന് ജനറൽ കെയ്ൻ പറഞ്ഞു. ആദ്യ ബോംബ് ഷാഫ്റ്റ് തുറന്നു. അതിന് ശേഷമുള്ള നാല് ബോംബുകൾ സെക്കൻഡിൽ 1,000 അടിയിൽ കൂടുതൽ വേഗതയിൽ ഉള്ളിൽ പ്രവേശിച്ചു. അവസാനത്തെ ബോംബ് ഫ്ലെക്സ് വെപ്പൺ ആയി പ്രവർത്തിച്ചു. അദ്ദേഹം വ്യക്തമാക്കി. എന്തെങ്കിലും കാരണത്താൽ അതിൽ ഏതെങ്കിലും ബോംബ് പൊട്ടാതിരുന്നാലും ഉദ്ദേശിച്ച കാര്യം പൂർത്തിയാക്കാനാണ് ഈ രീതി.
15 വർഷത്തോളം ഫൊർദൊയിലെ ആണവകേന്ദ്രത്തേ നിരീക്ഷിച്ചിരുന്ന ഡിഫൻസ് ത്രെട്ട് റിഡക്ഷൻ ഏജൻസിയിലെ രണ്ട് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് ആക്രമണ പദ്ധതി നടപ്പിലാക്കിയത്. 15 വർഷത്തെ ഗവേഷണ പരീക്ഷണങ്ങൾക്കൊടുവിലാണ് ബോംബ് വികസിപ്പിച്ചതെന്ന് ജനറൽ കെയ്ൻ വിശദീകരിച്ചു. തുടർന്ന് വികസന കാലഘട്ടത്തിലെടുത്ത വീഡിയോ ദൃശ്യങ്ങളും ഉപയോഗിച്ചാണ് എന്താണ് ഫൊർദൊയിൽ സംഭവിച്ചിട്ടുണ്ടാവുക എന്ന് അദ്ദേഹം വിശദീകരിച്ചു. വിവിധ മാതൃകയിൽ നൂറുകണക്കിന് പരീക്ഷണങ്ങളാണ് നടത്തിയത്. അദ്ദേഹം പറഞ്ഞു. അതേസമയം നതാൻസിനെക്കുറിച്ചും ഇസ്ഫഹാനെക്കുറിച്ചും ഉദ്യോഗസ്ഥർ പ്രതികരിക്കാൻ തയാറായില്ല.
അമേരിക്കൻ ആക്രമണം ആണവ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ വരുത്തിയെങ്കിലും ഇറാന്റെ ആണവശേഷി നശിപ്പിച്ചില്ലെന്നും ആണവ പദ്ധതികളെ ഏതാനും മാസത്തേക്ക് വൈകിപ്പിക്കാൻ മാത്രമേ സാധിച്ചിട്ടുള്ളൂ എന്നുമുള്ള രഹസ്യ പ്രതിരോധ ഇന്റലിജൻസ് ഏജൻസിയുടെ റിപ്പോർട്ടിനെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ഡാൻ കെയ്നും തള്ളി. റിപ്പോർട്ടിന് വിശ്വാസ്യത കുറവാണെന്നും വിവരങ്ങളിൽ ന്യൂനതയുണ്ടെന്നും പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. അവിടെ നിന്ന് യുറേനിയം ഇറാൻ മാറ്റിയിട്ടില്ലെന്ന് ട്രംപ് ട്രൂത്ത് പോസ്റ്റിലൂടെ വിശദീകരിച്ചു. അവിടെ കണ്ട വലിയ ട്രക്കുകളും കാറുകളും ഫൊർദൊയിലെ വെന്റിലേഷൻ ഷാഫ്റ്റുകൾ കോൺക്രീറ്റ് ചെയ്ത് അടയ്ക്കാനായി എത്തിച്ച ജോലിക്കാരും സംവിധാനങ്ങളുമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ആണവ വസ്തുക്കളെ അവിടെ നിന്ന് മാറ്റുക എന്നത് അത്ര എളുപ്പത്തിൽ സാധിക്കുന്ന കാര്യമല്ലെന്നും ട്രംപ് പറഞ്ഞു.
