കോഴിക്കോട്> തേങ്ങയുടെ വില ഉയരങ്ങളിലേക്ക് കുതിക്കുമ്പോൾ രാജകീയ പദവിയിലേക്കുയർന്ന തെങ്ങിൽ നിന്ന് വരുമാന വർധനയ്ക്ക് സഹായിക്കുന്ന ഒരു ഗവേഷണഫലം കൂടിയെത്തി. പറമ്പിൽ വീണ് അഴുകിപ്പോകുന്ന, വിറകടുപ്പിൽ ചാരമായി ഒടുങ്ങുന്ന ഓലമടലാണ് ഇനി താരം.
ഓലമടലിന്റെ മുകൾഭാഗത്തുള്ള ‘വഴുക’ എന്നറിയപ്പെടുന്ന വള്ളി(റാച്ചിസ്- Rachis)യിൽനിന്ന് ഉന്നതഗുണനിലവാരമുള്ള ഉത്തേജിതകരി (ആക്ടിവേറ്റഡ് കാർബൺ) നിർമിക്കാമെന്ന് കൊല്ലം അമൃതവിശ്വവിദ്യാപീഠത്തിന് കീഴിലുള്ള അമൃത സ്കൂൾ ഓഫ് ഫിസിക്കൽ സയൻസിലെ ഗവേഷകർ കണ്ടെത്തി. ഇവിടത്തെ ഗ്രീൻ എനർജി ലാബിൽ മൂന്നുവർഷമാണ് പഠനം നടന്നത്. ചിരട്ടയിൽനിന്ന് കിട്ടുന്ന ഉത്തേജിതകരിയെക്കാൾ 47 ശതമാനം ഊർജം സംഭരിച്ചുവെക്കാൻ വഴുകയിലെ ഉത്തേജിതകരിക്ക് കഴിയുമെന്നാണ് കണ്ടെത്തൽ.
ഫിസിക്സ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സി.ഒ. ശ്രീകലയുടെ കീഴിൽ ഡോ. ബി. ദേവുവാണ് ഗവേഷണം നടത്തിയത്. മലേഷ്യയിലെ പഹാങ് അൽ സുൽത്താൻ അബ്ദുള്ള സർവകലാശാലയും സഹകരിച്ചു. ഇവിടത്തെ അഡ്വാൻസ്ഡ് ഇന്റലിജന്റ് മെറ്റീരിയൽ സെന്ററിലെ പ്രൊഫ. രാജൻ ജോസിന്റെ മേൽനോട്ടവുമുണ്ടായി. ഉത്തേജിതകരി നിർമാണരംഗത്ത് വലിയ മാറ്റം സൃഷ്ടിക്കാൻ പര്യാപ്തമായ ഈ കണ്ടുപിടിത്തത്തിന് ഇന്ത്യയിലും അമേരിക്കയിലും പേറ്റന്റിനായി അപേക്ഷിച്ചിട്ടുണ്ട്. കൂടാതെ, വ്യാവസായികമായി വഴുകയിൽനിന്നുള്ള ഉത്തേജിതകരി നിർമാണത്തിനും നടപടിതുടങ്ങിയെന്ന് ഡോ. സി.ഒ. ശ്രീകല പറഞ്ഞു. ഉത്തേജിതകരി നിർമാണസ്ഥാപനവുമായി സഹകരിച്ചാണിത്.
വ്യാവസായികാടിസ്ഥാനത്തിലുള്ള പരീക്ഷണം വിജയിച്ചാൽ കർഷകർക്ക് ഓലമടലിൽനിന്ന് വരുമാനം ലഭിക്കും. ഊർജ-ജലശുദ്ധീകരണ മേഖലയിൽ ആഗോളതലത്തിൽ വൻ ഡിമാൻഡാണ് ഉത്തേജിതകരിക്ക്. 10.19 ലക്ഷം ടൺ ഉത്തേജിതകരിയാണ് വിവിധരാജ്യങ്ങൾ കഴിഞ്ഞവർഷം ഇറക്കുമതിചെയ്തത്.
ഗവേഷണഫലം ഇങ്ങനെ
വഴുക സാധാരണ കരിയാക്കിയ ശേഷം ഇതിനെ നിയന്ത്രിത വായു പ്രവാഹത്തിൽ 450 ഡിഗ്രി സെൽഷ്യസ് വരെ ചൂടാക്കിയപ്പോൾ ബിസിടി ക്രിസ്റ്റൽ (ബോഡി സെൻ ട്രേഡ് ടെട്രാഗണൽ) അഥവാ തേനറരൂപത്തിലുള്ള കാർബൺ ലഭിച്ചു. ഏറ്റവും സവിശേഷമായ കാർബൺഘടനയാണ് ഇതെന്ന് ഗവേഷകസംഘം കണ്ടെത്തി. ചിരട്ടയിൽനിന്നുള്ള ഉത്തേജിതകരിയെക്കാൾ പ്രതലവിസ്തൃതി കൂടുതലാണ് ഈ കരിക്ക്. ഊർജസംഭരണശേഷിയും ചിരട്ടയെക്കാൾ 47 ശതമാനം കൂടുതൽ.
ചിരട്ടയിൽനിന്നുള്ള ഉത്തേജി തകരി ഒരു ഗ്രാമിൽ സംഭരിക്കുന്നത് 218 ഫാരെഡ് (വൈദ്യുതിവി ശ്ലേഷണത്തിൽ ഉപയോഗിക്കുന്ന ഏകകം) ഇലക്ട്രിക് ചാർജാണ്. എന്നാൽ, വഴുകയിൽനിന്നുള്ള ഉത്തേജിതകരി 320 ഫാരെഡ് ചാർജ് സംഭരിക്കുന്നു. വഴുകയിലെ കാർബണിന്റെ സുഷിരങ്ങൾക്ക് രണ്ട് നാനോമീറ്ററാണ് വിസ്തൃതി. ചിരട്ടക്കരിയുടേത് 100 നാനോ മീറ്റർ. അതിസൂക്ഷ്മമായ കണികകളെപ്പോലും സംഭരിക്കാൻ വഴുകയിലെ കരിക്ക് കഴിയും.
ഈ ഉത്തേജിതകരികൊണ്ട് മലിനജലം ശുദ്ധീകരിച്ചും പരീക്ഷണം നടത്തി. ഈയം, കാഡ്മിയം എന്നീ വിഷലോഹങ്ങൾ കലർത്തിയ വെള്ളമാണ് ശുദ്ധീകരിച്ചത്. 96 ശതമാനം ലോഹത്തിന്റെ അംശവും നിർവീര്യമായതായി കണ്ടെത്തി. വഴുക ഉത്തേജിതകരിയുടെ ചാർജ് സ്റ്റോറിങ്, ജലശുദ്ധീകരണം. സ്ട്രക്ചറൽ, ഇലക്ട്രിക്കൽ സവിശേഷതകളെല്ലാം പഠിച്ചു. ഇനി മെക്കാനിക്കൽ സവിശേഷതകളാണ് പഠിക്കേണ്ടത്.
