വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനങ്ങൾ വാങ്ങാൻ തീരുമാനം. 97 തേജസ് മാർക്ക് 1 എ യുദ്ധവിമാനങ്ങളാണ് വാങ്ങുക. ഇതിനായി 62,000 കോടിയുടെ പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) നിന്നാണ് യുദ്ധവിമാനങ്ങൾ വാങ്ങുക. ഇതിനായുള്ള കരാർ ഉടൻ ഒപ്പിടും.
കാലപ്പഴക്കം ചെന്ന മിഗ്-21 യുദ്ധവിമാനങ്ങൾ സേനയിൽനിന്ന് ഒഴിവാക്കാനൊരുങ്ങുകയാണ്. ഇതിന് പകരമാണ് തേജസ് വിമാനങ്ങളെത്തുക. 97 വിമാനങ്ങൾ വാങ്ങാനുള്ള കരാർ വരുന്നതോടെ തദ്ദേശീയ വിമാന നിർമാണത്തിലൂടെ രാജ്യത്തെ ചെറുകിട സംരംഭങ്ങൾക്കും വലിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക.
ഇതിനുമുമ്പ് 40 തേജസ് വിമാനങ്ങൾ വ്യോമസേനയ്ക്ക് കൈമാറിയിരുന്നു. ഇതിനെ അപേക്ഷിച്ച് മാർക്ക് 1 പതിപ്പ് സാങ്കേതികമായി കൂടുതൽ മികച്ചവയാണ്. മെച്ചപ്പെട്ട ഏവിയോണിക്സ്, റഡാർ എന്നിവയാണ് തേജസ് മാർക്ക് 1 എ-യുടെ പ്രത്യേകതകൾ. ഇതിനുപുറമെ വിമാനത്തിന്റെ 65 ശതമാനവും തദ്ദേശീയമായി നിർമിച്ച ഘടകങ്ങളാണ്.
തേജസിന്റെ മാർക്ക് 2 പതിപ്പിന്റെ വികസനം അന്തിമഘട്ടത്തിലാണ്. തേജസ് മാർക്ക് 2-വിന്റെ 200 യൂണിറ്റുകൾ വ്യോമസേന വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ, നിലവിൽ പ്രോട്ടോടൈപ്പ് ഘട്ടത്തിലുള്ള എഎംസിഎയുടെ ഉത്പാദനം തുടങ്ങിയാൽ 200 വിമാനങ്ങൾ വ്യോമസേന വാങ്ങിയേക്കും.
