എല്ലാവർക്കും പ്രീയപ്പെട്ടതാണ് സ്വർണാഭാരണങ്ങൾ. 22 കാരറ്റ് സ്വർണമാണ് പൊതുവെ ആഭരണങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. 24 കാരറ്റ് ആണ് ശുദ്ധമായ സ്വർണം. ഇത് ആഭരണം നിർമ്മിക്കാൻ ഉപയോഗിക്കാറില്ല. 22 കാരറ്റിലേക്ക് വരുമ്പോൾ സ്വർണത്തിനൊപ്പം തന്നെ നേരിയ അളവിൽ മറ്റ് ലോഹങ്ങളും ചേർക്കും. മുൻപൊക്കെ പ്രധാനമായും 22 കാരറ്റ് സ്വർണത്തെയാണ് ആഭരണം പോലുള്ള ആവശ്യങ്ങൾക്കായി ആളുകൾ പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാൽ സ്വർണ വില കുതിച്ചതോടെ വിപണിയിലെ ട്രാന്റ് ആകെ മാറി. 22 കാരറ്റ് സ്വർണം കൈപ്പിടിയിലൊതുങ്ങുന്നില്ലെന്ന തോന്നലിൽ മറ്റ് കാരറ്റുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ് ആളുകൾ.
22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് വില 10,190 രൂപയാണ്. അതായത് പവന് 81520 രൂപ. സാധാരണക്കാർ മറ്റ് കാരറ്റിലേക്ക് തിരിയുന്നിൽ യാതൊരു അത്ഭുതവുമില്ല. വില വർധിച്ചതോടെ ആളുകൾ 18 കാരറ്റ് ആഭരണങ്ങളാണ് കൂടുതലായി വാങ്ങി തുടങ്ങിയത്. എന്നാൽ അടുത്തിടെ സർക്കാർ ഒരു നിർണായക തീരുമാനം കൂടി കൈക്കൊണ്ടു. കുറഞ്ഞ കാരറ്റുള്ള ആഭരണങ്ങളോടുള്ള വിശ്വാസവും സ്വീകാര്യതയും വർദ്ധിപ്പിക്കുന്നതിനായി 9 കാരറ്റ് സ്വർണത്തിനുള്ള ഹോൾമാർക്കിംഗ് മാനദണ്ഡങ്ങൾ അംഗീകരിച്ചു. 37.5% ശുദ്ധമായ സ്വർണ്ണവും 62.5% സിങ്ക്, വെള്ളി അല്ലെങ്കിൽ ചെമ്പ് പോലുള്ള അലോയ് ലോഹങ്ങളും ചേർന്നതാണ് 9 കാരറ്റ് സ്വർണം. വില കുറഞ്ഞ് പൊന്ന് കിട്ടുമെന്നായതോടെ ഈ തൂക്കത്തിലുള്ള ആഭരണങ്ങൾക്കായി ജനം അടിച്ചുകയറുകയാണെന്നാണ് വ്യാപാരികൾ പറയുന്നത്.
പ്രതിമാസം 1,000-ൽ അധികം ഉപഭോക്താക്കൾ 9 കാരറ്റ് ഡിസൈനുകൾ തിരഞഅഞെടുക്കുന്നുണ്ടെന്നാണ് പ്രമുഖ ജ്വല്ലറി വ്യാപാരികൾ പറയുന്നത്. ബിഐഎസ് സർട്ടിഫിക്കേഷൻ പോലുള്ള സർക്കാർ ഇടപെടലുകൾ കുറഞ്ഞ കാരറ്റുള്ള ആഭരണങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിലും ഉപഭോക്തൃ വിശ്വാസം വർദ്ധിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
14 കാരറ്റുള്ള ആഭരണങ്ങളുടെ ആവശ്യകതയിലും ഏകദേശം 17 ശതമാനം വാർഷിക വർധനവ് ഉണ്ടായിട്ടുണ്ടെന്നും ചില വ്യാപാരികൾപറഞ്ഞു.
25-40 വയസിന് ഇടയിലുള്ളവരാണ് പ്രധാനമായും ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ വാങ്ങുന്നത്. അണിയാനും സമ്മാനം നൽകാനുമൊക്കെ ആളുകൾ ഇതാണ് തിരഞ്ഞെടുക്കുന്നത്. സമ്മാനമായി ആഭരണങ്ങൾ നൽകുന്നത് വർധിച്ച് വരുന്നുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.. പ്രത്യേകിച്ച് ഉത്സവ സീസണുകളിലും പ്രത്യേക അവസരങ്ങളിലും. ചെറിയ തുക കൈയ്യിൽ ഉണ്ടാകുമ്പോൾ അതിന് എന്നാൽ സ്വർണം ആയിക്കോട്ടെ എന്ന് കരുതുന്നവരും ഇത്തരം ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്ക് പിറകെ ഉണ്ട്.
കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,190 രൂപയാണ്. 18 കാരറ്റിന് ഗ്രാമിന് 8370 രൂപയും 9 കാരറ്റിന് 4205 രൂപയുമാണ്, പവന് 33,640 രൂപ. ഇതിനൊപ്പം 3 ശതമാനം ജി എസ് ടിയും പണിക്കൂലിയും വരും കേട്ടോ. ഇത്രയും കുറഞ്ഞ തുകയ്ക്ക് ഒരു പവൻ കിട്ടുമെങ്കിൽ എന്തിന് 22 കാരറ്റിന് പുറകെ പോണം എന്ന് തോന്നുന്നില്ലേ?. പക്ഷേ അവിടേയും പ്രശ്നമുണ്ട്. 9 കാരറ്റ് വാങ്ങുമ്പോൾ അവയിൽ സ്വർണത്തിന്റെ അളവ് കുറവാണ്. നിക്ഷേപം പോലുള്ള ആവശ്യമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ 22, 24 കാരറ്റ് സ്വർണം തന്നെ വാങ്ങേണ്ടതുണ്ട്. മാത്രമല്ല ചെറിയ കാരറ്റിലുള്ള ആഭരണങ്ങൾക്ക് പണിക്കൂലിയും വളരെ അധികമായിരിക്കും. വൈവിധ്യമാർന്ന ഇവയുടെ ഡിസൈനുകൾ തന്നെയാണ് പണിക്കൂലിയും കൂട്ടുന്നത്. എന്തായാലും വെറുതെ സ്വർണാഭരണം ഇട്ട് നടക്കണമെന്നാണെങ്കിൽ കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ തന്നെയാണ് നല്ലത്. സ്വർണം നിക്ഷേപ ലക്ഷ്യത്തോടെയാണ് വാങ്ങുന്നതെങ്കിൽ 24,22 കാരറ്റും.
