വാഷിംടൺ> Donald Trump – Prime Minister Modi – Russian Oil റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച അവകാശപ്പെട്ടു. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ ഒരു വലിയ ചുവടുവയ്പ്പാണിതെന്ന് ട്രംപ് വിശേഷിപ്പിച്ചു. ഇന്ത്യ എണ്ണ വാങ്ങുന്നതിൽ ഞാൻ സന്തുഷ്ടനായിരുന്നില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് അദ്ദേഹം ഇന്ന് എനിക്ക് ഉറപ്പ് നൽകിയെന്ന് വൈറ്റ് ഹൗസിൽ നടന്ന പരിപാടിയിൽ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതൊരു വലിയ ചുവടുവയ്പ്പാണ്. ഇനി നമ്മൾ ചൈനയെയും അതേ കാര്യം ചെയ്യാൻ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.
എന്നാൽ പ്രധാനമന്ത്രി മോദി ട്രംപിനോട് അത്തരമൊരു വാഗ്ദാനം നൽകിയോ എന്നതിന് വ്യക്തയില്ല. ഇതേക്കുറിച്ച് വ്യക്തത വരുത്തുന്നതിന് അയച്ച ഇമെയിൽ ചോദ്യങ്ങൾക്ക് വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി മറുപടി നൽകിയിട്ടില്ല എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ട്രംപ് പല വിഷയങ്ങളിലും പൊള്ളയായ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് പതിവായതോടെ ഇതിൻ്റെ സത്യവസ്ഥ സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. ഇന്ത്യയുടെ പ്രതികരണം നിർണ്ണായകമാവുകയാണ്. ഉക്രെയ്‌നിലെ യുദ്ധം തുടരുന്നതിനിടയിൽ റഷ്യയുടെ എണ്ണ വരുമാനം വെട്ടിക്കുറയ്ക്കാനുള്ള ശ്രമങ്ങൾ അമേരിക്ക ശക്തമാക്കുമ്പോൾ, റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ നിർത്തുമെന്ന ഇന്ത്യ പ്രഖ്യാപിച്ചെങ്കിൽ ആഗോള ഊർജ്ജ നയതന്ത്രത്തിൽ അതൊരു ഒരു വഴിത്തിരിവായിരിക്കും.
റഷ്യയിലെ മുൻനിര ഊർജ്ജ ഉപഭോക്താക്കളിൽ ഒരാളുടെ പ്രധാന മാറ്റത്തിനും ഇത് ഇടനൽകും. കൂടാതെ റഷ്യൻ ക്രൂഡ് ഓയിൽ ഇപ്പോഴും ഇറക്കുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങളെ ഇത് സ്വാധീനിക്കുകയും ചെയ്യും. ബഹുമുഖ ഉപരോധങ്ങളെ മാത്രം ആശ്രയിക്കുന്നതിനുപകരം സാമ്പത്തിക ഒറ്റപ്പെടൽ നടപ്പിലാക്കുന്നതിനായി ട്രംപ് ഉഭയകക്ഷി ബന്ധങ്ങൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ്. ഇന്ത്യയ്ക്ക് ഇറക്കുമതി “ഉടനടി” നിർത്താൻ കഴിയില്ലെന്നും ഇത് “ഒരു ചെറിയ പ്രക്രിയയാണ്, പക്ഷേ ആ പ്രക്രിയ ഉടൻ അവസാനിക്കും” എന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
