കൊച്ചി > തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിലെ അധികാര തർക്കം പെരുമ്പാവൂരിൽ എം.എൽ.എ ഓഫീസ് പൂട്ടിക്കുന്നതിലേക്ക് വരെയെത്തി. തന്റെ ഭാര്യയെ നഗരസഭാ ചെയർപേഴ്സൺ ആക്കാത്തതിൽ പ്രതിഷേധിച്ച കെട്ടിട ഉടമ, എൽദോസ് കുന്നപ്പിള്ളിയുടെ എം.എൽ.എ ഓഫീസ് ബലമായി ഒഴിപ്പിച്ചു. ഓഫീസിന്റെ ബോർഡ് ഇളക്കിമാറ്റുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തതോടെ എം.എൽ.എയും ജീവനക്കാരും പ്രതിസന്ധിയിലായി.
നഗരസഭയിലെ 20-ാം വാർഡിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച ജെസി എജി എന്ന കൗൺസിലറുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഡിസംബർ ആദ്യവാരമാണ് കരാർ എഴുതാതെ തന്നെ എം.എൽ.എ ഓഫീസ് ഇവിടേക്ക് മാറ്റിയിരുന്നത്. എന്നാൽ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് മൂന്ന് പേർ അവകാശവാദം ഉന്നയിച്ചപ്പോൾ, ഡി.സി.സി കെ.എസ്. സംഗീതയെ തിരഞ്ഞെടുക്കുകയായിരുന്നു. ഇതോടെയാണ് കെട്ടിട ഉടമ എം.എൽ.എയോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്.
ഇന്ന് രാവിലെ ഓഫീസിലെത്തിയ ജീവനക്കാർ കണ്ടത് റോഡരികിൽ ഉപേക്ഷിച്ച നിലയിലുള്ള ഓഫീസ് ബോർഡാണ്. നിലവിൽ മറ്റൊരു സ്ഥലത്തേക്ക് ഓഫീസ് മാറ്റാനുള്ള തിരക്കിലാണ് ജീവനക്കാർ. അതേസമയം, പുതിയ ചെയർപേഴ്‌സൺ കെ.എസ്. സംഗീതയുടെ സ്ഥാനാരോഹണവും ശ്രദ്ധേയമായി. രാവിലെ 11.15-ന് നടപടിക്രമങ്ങൾ പൂർത്തിയായെങ്കിലും രാഹുകാലം കഴിയാൻ കാത്തുനിന്ന സംഗീത 12.05-നാണ് ഔദ്യോഗികമായി കസേരയിൽ ഇരുന്നത്. രാഹുകാലം നോക്കി സ്ഥാനമേറ്റിട്ടും എം.എൽ.എ ഓഫീസ് പൂട്ടിക്കേണ്ടി വന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
