ഇന്ത്യ-പാകിസ്താൻ അതിർത്തിയിലെ കിലോമീറ്ററുകളോളം നീളുന്ന മുള്ളുവേലികളിൽ തൂങ്ങിക്കിടക്കുന്ന ഒഴിഞ്ഞ ചില്ലുകുപ്പികൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ദൂരക്കാഴ്ചയിൽ അലങ്കാരമെന്നോ പാഴ്വസ്തുക്കളെന്നോ തോന്നാമെങ്കിലും, ശത്രുരാജ്യത്തുനിന്നുള്ള നുഴഞ്ഞുകയറ്റക്കാരെയും ഭീകരരെയും തുരത്താൻ അതിർത്തി രക്ഷാസേന (BSF) പ്രയോഗിക്കുന്ന അതിബുദ്ധിശക്തിയുള്ള ഒരു പ്രതിരോധ തന്ത്രമാണിത്. അത്യാധുനിക തെർമൽ ക്യാമറകളും ഡ്രോണുകളും നിരീക്ഷിക്കുന്ന അതിർത്തിയിൽ, വൈദ്യുതിയുടെയോ ഇന്റർനെറ്റിന്റെയോ സഹായമില്ലാതെ പ്രവർത്തിക്കുന്ന ഈ ‘ലോ-ടെക്’ വിദ്യ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഉറക്കം കെടുത്തുകയാണ്.
അതിർത്തിയിലെ വേലി മുറിക്കാനോ അതിൽ സ്പർശിക്കാനോ ആരെങ്കിലും ശ്രമിച്ചാൽ ഈ കുപ്പികൾ തമ്മിലടിച്ചുണ്ടാകുന്ന ശബ്ദം ഉടൻ തന്നെ കാവൽ നിൽക്കുന്ന സൈനികർക്ക് അപായസൂചന നൽകും. പഞ്ചാബ്, ജമ്മു മേഖലകളിലെ കാർഷിക മേഖലകളിലും നദീതീരങ്ങളിലുമാണ് ഈ വിദ്യ പ്രധാനമായും പ്രയോഗിക്കുന്നത്. രാത്രികാലങ്ങളിൽ കാഴ്ച മങ്ങുന്ന മഞ്ഞുള്ള സമയത്തോ മഴയുള്ളപ്പോഴോ ഇലക്ട്രോണിക് സെൻസറുകളെ പോലും വെട്ടിച്ച് ഭീകരർ അതിർത്തി കടക്കാൻ ശ്രമിച്ചേക്കാം. എന്നാൽ വേലിയിൽ നേരിയ ചലനം ഉണ്ടായാൽ പോലും ഈ കുപ്പികൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കും. ശബ്ദമില്ലാത്ത ഇരുട്ടിൽ കുപ്പികൾ തമ്മിലടിക്കുന്ന ശബ്ദം ബിഎസ്എഫ് ജവാന്മാർക്ക് കൃത്യമായ ലൊക്കേഷൻ മനസ്സിലാക്കാൻ സഹായിക്കുന്നു.
ഡ്രോണുകൾക്കും ഹൈടെക് ക്യാമറകൾക്കും ഇടയിൽ ചില്ലുകുപ്പികൾക്ക് എന്ത് പ്രസക്തി എന്ന് തോന്നാം. എന്നാൽ ഇലക്ട്രോണിക് സംവിധാനങ്ങൾക്ക് വൈദ്യുതി തടസ്സമോ സാങ്കേതിക തകരാറുകളോ സംഭവിക്കാം. എന്നാൽ ചില്ലുകുപ്പികൾക്ക് അറ്റകുറ്റപ്പണികളോ ചാർജിംഗോ ആവശ്യമില്ല. ഏത് കഠിനമായ കാലാവസ്ഥയെയും ഇവ പ്രതിരോധിക്കും. ലഹരിമരുന്നും ആയുധങ്ങളും അതിർത്തി കടത്താൻ ശ്രമിക്കുന്ന സ്മഗ്ലർമാരുടെ തന്ത്രങ്ങളെയും ഈ ലളിതമായ വിദ്യയിലൂടെ സൈന്യം തകർക്കുന്നു. രാജസ്ഥാൻ മരുഭൂമികൾ മുതൽ കശ്മീരിലെ മലനിരകൾ വരെ നീളുന്ന അതിർത്തിയിൽ ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിലാണ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. അതിർത്തിയിലെ ഓരോ ശബ്ദത്തിനും കാതോർത്ത് നമ്മുടെ ജവാന്മാർ ഉറക്കമിളയ്ക്കുമ്പോൾ, ഈ ചില്ലുകുപ്പികളും രാജ്യത്തിന്റെ കാവൽക്കാരായി മാറുന്നു.
