ന്യൂഡൽഹി> രാജ്യത്തെ നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട വിഷയം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിആർടി). എട്ടാം ക്ലാസിലെ പുതിയ സോഷ്യൽ സയൻസ് പാഠപുസ്തകത്തിലാണ് നീതിന്യായ വ്യവസ്ഥയിലെ അഴിമതി എന്നൊരു വിഭാഗം ഉൾപ്പെടുത്തിയത്. നീതിന്യായ വ്യവസ്ഥയുടെ വിവിധ തലങ്ങളിലെ അഴിമതി, ജഡ്ജിമാരുടെ കുറവ്, സങ്കീർണ്ണമായ നിയമനടപടികൾ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങിയ കാരണങ്ങളാൽ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ എന്നിവയെ നീതിന്യായ വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളികളായി പുതിയ പാഠഭാഗത്തിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.
പഴയ പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്, സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുടെ പ്രാധാന്യം, കോടതികളുടെ ഘടന, കോടതികളെ സമീപിക്കാനുള്ള അവകാശം എന്നിവയെക്കുറിച്ച് മാത്രമായിരുന്നു വിശദീകരിച്ചിരുന്നത്. അഴിമതിയെക്കുറിച്ച് യാതൊരു പരാമർശവും പഴയ പുസ്തകത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ, ഒരു കേസ് കേൾക്കാൻ കോടതികൾ എടുക്കുന്ന ദീർഘകാലം സാധാരണക്കാരന് നീതി ലഭിക്കുന്നതിനെ തടസ്സപ്പെടുത്തുന്നു എന്നൊരു ഖണ്ഡിക പഴയ പുസ്തകത്തിൽ ഉണ്ടായിരുന്നു. “നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ്” എന്ന പ്രയോഗം കോടതികൾ എടുക്കുന്ന കാലതാമസത്തെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നു.
രാജ്യത്തെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്ന കേസുകളുടെ ഏകദേശ കണക്കുകളും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുപ്രീം കോടതിയിൽ ഏകദേശം 81,000 കേസുകളും ഹൈക്കോടതികളിൽ 62 ലക്ഷത്തിലധികം കേസുകളും ജില്ലാ-കീഴ്ക്കോടതികളിലായി 4.7 കോടിയിലധികം കേസുകളും കെട്ടിക്കിടക്കുന്നുണ്ടെന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു. നീതിന്യായ വ്യവസ്ഥയിലെ സുതാര്യതയെക്കുറിച്ച് മുൻ സുപ്രീം കോടതി ജഡ്ജി ബി.ആർ.ഗവായ് നടത്തിയ പ്രസംഗത്തിലെ ഭാഗങ്ങളും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. “അഴിമതിയും ദുർനടപടികളും നീതിന്യായ വ്യവസ്ഥയിലുണ്ടാകുന്നത് പൊതുജനങ്ങൾക്ക് നിയമത്തിലുള്ള വിശ്വാസം തകർക്കാൻ കാരണമാകും. ഇത് പരിഹരിക്കാൻ ശക്തമായ നടപടികൾ അനിവാര്യമാണ്” എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ജഡ്ജിമാരുടെ പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചും പരാതികൾ സമർപ്പിക്കാനുള്ള ‘സെൻട്രലൈസ്ഡ് പബ്ലിക് ഗ്രീവൻസ് റിഡ്രസ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം’ പോലുള്ള സംവിധാനങ്ങളെക്കുറിച്ചും പുസ്തകം വിദ്യാർത്ഥികൾക്ക് അറിവ് നൽകുന്നു. 2017-നും 2021-നും ഇടയിൽ ഇത്തരത്തിൽ 1,600-ഓളം പരാതികൾ ലഭിച്ചതായും പുസ്തകം ചൂണ്ടിക്കാട്ടുന്നു. നീതിന്യായ വ്യവസ്ഥയെ കൂടുതൽ സുതാര്യമാക്കാനും അഴിമതി തുടച്ചുനീക്കാനും സാങ്കേതികവിദ്യയുടെ സഹായത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും പാഠഭാഗത്തിൽ വിവരിച്ചിട്ടുണ്ട്.
