ഇറാനിൽ നാശം വിതച്ചത്, തൊടുത്തതിന് ശേഷവും ലക്ഷ്യം മാറ്റാനാകുന്ന യുഎസിന്റെ ടോമാഹോക്ക് മിസൈലും ഇസ്രായേലിന്റെ ബ്ലൂ സ്പാരോയുമാണ്. ഖമേനിയ്ക്കായി പറന്നെത്തിയ മിസൈലുകൾക്കിടയിലെ മിസൈലുകളിലൊന്ന് റഡാറുകള്‍ക്ക് പോലും ദൃശ്യമാകാതെ എങ്ങനെ ഇറാന്റെ വ്യോമമേഖലയില്‍ കയറിക്കൂടാനാകുമെന്ന ചിന്തയിൽ നിന്ന് ഉയർന്നു വന്ന ഒരു പേര് ‘ ടോമാഹോക്ക് ‘ ആയിരുന്നു. 2,500 കിലോമീറ്റർ ദൂരപരിധിയില്‍ റഡാറിന്റെ കണ്ണ് വെട്ടിച്ച് പറക്കാൻ കഴിയുന്ന യുഎസ് ക്രൂയിസ് മിസൈലുകള്‍.
അമേരിക്കൻ സൈന്യത്തിന്റെ ആയുധപ്പുരയിലെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നാണ് ടോമാഹോക്ക് ക്രൂയിസ് മിസൈല്‍. ഒരു ചെറുവീടിന്റെ വലിപ്പമുള്ള ലക്ഷ്യം പോലും ആയിരക്കണക്കിന് കിലോമീറ്റർ അകലെ നിന്ന് കൃത്യമായി തകർക്കാൻ ഇതിന് കഴിയും . ജിപിഎസ്, ടെറൈൻ-കോണ്ടൂർ മാപ്പിങ് (TERCOM) പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാല്‍ ലക്ഷ്യത്തില്‍ നിന്ന് ഏതാനും മീറ്ററുകള്‍ മാത്രം വ്യത്യാസത്തില്‍ ആക്രമണം നടത്താൻ സാധിക്കും.
ഭൂമിയോട് വളരെ താഴ്ന്ന്, മണിക്കൂറില്‍ 885 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കുന്നതിനാല്‍ ശത്രുരാജ്യങ്ങളുടെ റഡാർ സംവിധാനങ്ങള്‍ക്ക് ഇതിനെ കണ്ടെത്താൻ പ്രയാസമാണ്.വിക്ഷേപിച്ചതിന് ശേഷം പോലും ടോമാഹോക്കിന്റെ ലക്ഷ്യസ്ഥാനം മാറ്റാനോ, പുതിയ നിർദ്ദേശങ്ങള്‍ നല്‍കാനോ സാധിക്കും. മാറിക്കൊണ്ടിരിക്കുന്ന യുദ്ധസാഹചര്യങ്ങളില്‍ ഇത് നിർണായകമാണ്
1991-ലെ ഗള്‍ഫ് യുദ്ധത്തിലാണ് ടോമാഹോക്ക് ആദ്യമായി ലോകശ്രദ്ധ നേടുന്നത്. അതിനുശേഷം നടന്ന പ്രധാനപ്പെട്ട അമേരിക്കൻ സൈനിക നീക്കങ്ങളിലെല്ലാം ഈ മിസൈല്‍ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ചർച്ചകള്‍ക്കൊടുവില്‍ പദ്ധതികള്‍ വ്യക്തമായി ആസൂത്രണം ചെയ്തു. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം നാവിക, കര പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഒരേസമയം ആരംഭിച്ചു. അറേബ്യൻ കടലിലെയും ഇസ്രായേല്‍ തീരത്തെയും വിമാനവാഹിനിക്കപ്പലുകളില്‍ നിന്ന് യുഎസ് യുദ്ധവിമാനങ്ങള്‍ പറന്നുയർന്നു. ഖമേനി ‘അതിജീവിക്കാൻ സാധ്യതയില്ല, ജോലി പൂർത്തിയാക്കൂ ‘ എന്ന നെതന്യാഹുവിന്റെ സന്ദേശം ഇസ്രായേല്‍ സൈനികരെ തേടിയെത്തി.
യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളില്‍ ആസ്ഥാനമായുള്ള വ്യോമത്താവളങ്ങളില്‍ നിന്നുള്ള യുഎസ് വിമാനങ്ങളും ദൗത്യത്തില്‍ പങ്കെടുത്തു. ഇസ്രായേലിനുള്ളിലെ താവളങ്ങളില്‍ നിന്നാണ് ഇസ്രായേലി യുദ്ധവിമാനങ്ങളും മിസൈലുകളും വിക്ഷേപിച്ചത്. ഇറാനിയൻ ലക്ഷ്യങ്ങള്‍ നശിപ്പിക്കാൻ യുഎസ് പ്രധാനമായും ഉപയോഗിച്ചത് ശക്തമായ ടോമാഹോക്ക് ക്രൂയിസ് മിസൈലുകളാണ്.
ഇവ യുദ്ധക്കപ്പലുകളില്‍ നിന്നാണ് വിക്ഷേപിച്ചത്. ഇസ്രായേല്‍ ബ്ലൂ സ്പാരോ ബാലിസ്റ്റിക് മിസൈലുകളും സ്പൈസ് ഗൈഡഡ് ബോംബുകളും ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം, ഇറാനെതിരായ പ്രതിരോധ നടപടികളില്‍ യുഎസിനെ സഹായിച്ചതായി യുകെ സ്ഥിരീകരിച്ചു.
