സ്രാവുകളിൽ കണ്ടെത്തിയത് മയക്കുമരുന്നും കഫീനും: വിരൽ ചൂണ്ടുന്നത് ഭീകര അപകടത്തിലേക്ക് - Kerala Times    

സ്രാവുകളിൽ കണ്ടെത്തിയത് മയക്കുമരുന്നും കഫീനും: വിരൽ ചൂണ്ടുന്നത് ഭീകര അപകടത്തിലേക്ക്

April 25, 2026
file 00000000f64c71fa816c7effba96b38d

വിനോദസഞ്ചാരികളുടെ പറുദീസയായ ബഹാമാസിലെ തെളിഞ്ഞ സമുദ്രജലം നൂറുകണക്കിന് സ്രാവുകളുടെയും ആവാസ വ്യവസ്ഥയാണ് മറ്റേതൊരു സമുദ്ര മേഖലയിലും എന്നതു പോലെ വേട്ടയാടലിൽ ഇവിടെയും സ്രാവുകൾ മുൻപന്മാരുമാണ്. എന്നാൽ അടുത്തയിടെ നടന്ന ഒരു പഠനത്തിൽ കടലിലെ ഈ ശക്തന്മാർ മനുഷ്യന്റെ ഇടപെടൽ മൂലം മറ്റൊരു വലിയ ഭീഷണി നേരിടുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്. ബഹാമാസിലെ സ്രാവുകളിൽ മയക്കുമരുന്നിന്റെയും കഫീനിൻ്റെയും വേദനസംഹാരികളുടെയും സാന്നിധ്യമാണ് ഗവേഷകർ തിരിച്ചറിഞ്ഞിരിക്കുന്നത്.

ബ്രസീലിലെയും ചിലിയിലെയും ഗവേഷകരാണ് പ്രദേശത്തെ 85 സ്രാവുകളിൽ പഠനം നടത്തിയത്. നിയമപരവും നിയമവിരുദ്ധവുമായ 24 തരം മരുന്നുകളുടെ സാന്നിധ്യം ഇവയിൽ ഉണ്ടോ എന്ന് കണ്ടെത്താനായിരുന്നു ശ്രമം. പഠനത്തിനായി തിരഞ്ഞെടുത്തവയിൽ എല്യൂതേര ദ്വീപിനു സമീപം സമുദ്രത്തിൽ വസിക്കുന്ന 28 സ്രാവുകളിൽ കഫീൻ, കൊക്കെയ്ൻ, വേദനസംഹാരികൾ തുടങ്ങിയ പദാർത്ഥങ്ങൾ കണ്ടെത്തി. ഈ മരുന്നുകൾ ബോധപൂർവ്വം സ്രാവുകളുടെ ഉള്ളിൽ എത്തുന്നതല്ല മറിച്ച് മലിനീകരണം മൂലം അവയിൽ അടിച്ചേൽപ്പിക്കപ്പെടുന്നതാണ് എന്നത് ആശങ്കയുണർത്തുന്നുണ്ട്.

സ്രാവുകളിൽ ഏറ്റവും അധികം കണ്ടെത്തിയ പദാർത്ഥം കഫീനാണ്. രണ്ട് സ്രാവുകളിലാണ് കൊക്കെയ്ൻ പരിശോധന പോസിറ്റീവ് ഫലത്തിൽ എത്തിയത്. സമുദ്ര ജലത്തിൽ വീണ കൊക്കെയ്ൻ പായ്ക്കറ്റുകൾ സ്രാവുകൾ അബദ്ധത്തിൽ കടിച്ചതുമൂലമാവാം അത് അവയുടെ ശരീരത്തിൽ കടന്നതെന്നാണ് ഗവേഷകരുടെ അനുമാനം. ഭക്ഷണമാണെന്ന് കരുതി അവ പായ്ക്കറ്റുകൾ പലയാവർത്തി കടിച്ച് പരിശോധിച്ചിട്ടുണ്ടാവണം. രക്തസാമ്പിളുകളിൽ തിരിച്ചറിഞ്ഞ മറ്റ് രണ്ട് മരുന്നുകൾ വേദനസംഹാരികളായ അസറ്റാമിനോഫെൻ, ഡൈക്ലോഫെനാക് എന്നിവയായിരുന്നു.

ഡൈവിംഗ്, ടൂറിസ്റ്റ് ക്രൂയിസ് സ്ഥലങ്ങൾക്ക് സമീപത്തു നിന്നുമാണ് സ്രാവുകളെ പിടികൂടിയത്. ബോട്ടുകളിൽ നിന്നുള്ള സംസ്കരിക്കാത്ത മലിന ജലത്തിലൂടെയാവാം ഈ പദാർത്ഥങ്ങൾ സമുദ്ര ജീവികളിലേക്ക് എത്തുന്നത് എന്നും സംശയിക്കപ്പെടുന്നു. സമുദ്രത്തിലേക്ക് പുറന്തള്ളപ്പെടുന്ന മാലിന്യങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം പുറത്തുവന്ന മറ്റൊരു റിപ്പോർട്ടും ഇതുമായി ചേർത്ത് വായിക്കണം. ആർട്ടിക്കിലേക്ക് സന്ദർശനം നടത്തുന്ന ക്രൂയിസ് കപ്പലുകളിൽ നിന്നും മറ്റു വസ്തുക്കൾക്കൊപ്പം ആന്റിബയോട്ടിക്കുകളും ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളും സമുദ്ര ജലത്തിലേക്ക് പുറന്തള്ളുന്നുണ്ട് എന്നായിരുന്നു റിപ്പോർട്ട്.

ഇത്തരം വസ്തുക്കൾ ആ പ്രത്യേക ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന എല്ലാ ജീവജാലങ്ങളിലും ശക്തമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് തിരിച്ചറിയുന്നതിനായി സ്രാവുകളിലെ ചില ഉപാപചയ സൂചകങ്ങൾ ഗവേഷകർ വിലയിരുത്തി. അവയുടെ ശരീരം വിഷവിമുക്തമാക്കാൻ സ്വയം പ്രവർത്തിക്കുമ്പോൾ ഈ മരുന്നുകളുമായി സമ്പർക്കത്തിൽ എത്തുകയും അത് ഉയർന്ന സമ്മർദ്ദത്തിനു കാരണമാവുകയും ചെയ്യുന്നു. ഈ സങ്കീർണതകളെ മറികടക്കാൻ അവ കൂടുതലായി ശാരീരിക ഊർജ്ജം ഉപയോഗിക്കേണ്ടിയും വരുന്നുണ്ട്.

ചില സ്രാവുകളുടെ രക്തത്തിൽ ഒന്നിലധികം വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും പരിശോധനയിൽ തെളിഞ്ഞു. സമുദ്ര മലിനീകരണം എത്രത്തോളം അപകടകരമാം വിധം വർദ്ധിച്ചുകഴിഞ്ഞു എന്നുള്ളതിന്റെ നേർചിത്രമാണ് ഈ പഠനഫലങ്ങൾ. ലോകത്തിൻ്റെ മറ്റു മേഖലകളിൽ നിന്നും വ്യത്യസ്തമായി പൊതുവേ പ്രകൃതി സുന്ദരവും ശാന്തവുമായി കണക്കാക്കപ്പെടുന്ന ഒരു പ്രദേശത്തെ സുപ്രധാനമായ ഒരു സമുദ്ര ജീവിയിൽ മയക്കുമരുന്നിന്റെയടക്കം സാന്നിധ്യം കണ്ടെത്തുന്നത് അപകടകരമായ സാഹചര്യം തന്നെയാണ്.

Latest from Blog

error: Content is protected !!