തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവി; വലിയ മാറ്റത്തിനൊരുങ്ങി സിപിഎം, 'ഉൾപ്പാർട്ടി ചർച്ചകളുടെ രീതി മാറ്റും, സമയപരിധി മുന്‍കൂട്ടി നിശ്ചയിക്കില്ല' - Kerala Times    

തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവി; വലിയ മാറ്റത്തിനൊരുങ്ങി സിപിഎം, ‘ഉൾപ്പാർട്ടി ചർച്ചകളുടെ രീതി മാറ്റും, സമയപരിധി മുന്‍കൂട്ടി നിശ്ചയിക്കില്ല’

May 8, 2026
file 000000007d8471fba1c33aad2af9bf42

തിരുവനന്തപുരം> നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഉൾപ്പാർട്ടി ചർച്ചകളുടെ രീതികളിൽ വലിയ മാറ്റത്തിനൊരുങ്ങി സിപിഎം. സമയപരിധി മുൻകൂട്ടി നിശ്ചയിച്ച് നടത്തുന്ന ചർച്ചകൾ ഇനി പറ്റില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ആവശ്യം ജനറൽ സെക്രട്ടറി എംഎ ബേബി പൂർണ്ണമായും അംഗീകരിച്ചു. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമെതിരായി നിശിത വിമർശനം ഉയർന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ ശൈലിയിൽ തന്നെ താഴേത്തട്ടുമുതൽ തെരഞ്ഞെടുപ്പ് അവലോകനത്തിനാണ് പാർട്ടി തീരുമാനം.

തെരഞ്ഞെടുപ്പിൽ തോറ്റത് സർക്കാരും സംഘടനാ നേതൃത്വവും ആണെങ്കിൽ ജയിച്ചത് പാർട്ടിയാണ്. ഇതാണ് കനത്ത തോൽവിക്ക് ശേഷം സിപിഎമ്മിലെ പൊതുവികാരം. അതുകൊണ്ട് തന്നെ ആദ്യമേ സമയം അടിച്ചേൽപ്പിച്ചുള്ള ചർച്ചകൾ ഇനി വേണ്ടെന്ന് തുറന്ന് പറഞ്ഞു സെക്രട്ടേറിയറ്റ് അംഗങ്ങൾ. സംസാരിക്കാൻ നിശ്ചിത സമയവും നാല് മണിക്ക് വാർത്താസമ്മേളനവും മുൻകൂട്ടി തീരുമാനിച്ച സെക്രട്ടേറിയറ്റ് യോഗം പതിമൂന്ന് മണിക്കൂർ വരെ നീണ്ടത് അങ്ങനെയാണ്. ഓരോ അംഗങ്ങളും ആവശ്യത്തിന് സമയമെടുത്ത് പറയാനുള്ളതെല്ലാം പറഞ്ഞു. സമീപകാലത്തൊന്നും ഇല്ലാത്ത വിധം ഉയർന്ന കടുത്ത വിമർശനങ്ങൾ അടക്കം എല്ലാം പിണറായി വിജയനും പാർട്ടി സെക്രട്ടറിയും കേട്ടിരുന്നു.

Latest from Blog

error: Content is protected !!