ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ രാജിവെച്ചു. ലേബർ പാർട്ടിക്കുള്ളിൽ രാജി സമ്മർദ്ദം ഉണ്ടായതിന് പിന്നാലെയാണ് സ്റ്റാർമർ പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞത്.ലേബർ പാർട്ടി നേതൃസ്ഥാനവും സ്റ്റാർമർ രാജിവെച്ചു. തൻ്റെ തീരുമാനം ചാൾസ് മൂന്നാമനോട് അറിയിച്ചതായും പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുംവരെ കാവൽ പ്രധാനമന്ത്രിയായി തുടരുമെന്നും കിയർ സ്റ്റാർമർ മാധ്യമങ്ങളോട് അറിയിച്ചു.സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ജനപിന്തുണയിൽ ഇടിവുണ്ടാകുകയും നേതൃമാറ്റത്തിനായി പാർട്ടിക്കുള്ളിൽ മുറവിളി ഉയർന്നതിനും പിന്നാലെ സ്റ്റാർമർ രാജിവെച്ചേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു.
ബ്രിട്ടൻ്റെ 58-ാമത് പ്രധാനമന്ത്രിയായി അധികാരമേറ്റ് രണ്ട് വർഷത്തിന് ശേഷമാണ് കിയർ സ്റ്റാർമർ രാജിവെച്ച് ഒഴിയുന്നത്. 2024ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ വമ്പൻ ഭൂരിപക്ഷത്തോടെയായിരുന്നു സ്റ്റാർമറുടെ നേതൃത്വത്തിൽ ലേബർ പാർട്ടി അധികാരം പിടിച്ചത്.14 വർഷത്തെ കൺസർവേറ്റീവ് പാർട്ടിയുടെ ഭരണത്തിന് അന്ത്യം കുറിച്ചായിരുന്നു ലേബർ പാർട്ടിയുടെ മുന്നേറ്റം. എന്നാൽ അധികാരത്തിലെത്തി ഒരുവർഷം പിന്നിട്ടതിന് പിന്നാലെ കിയർ സ്റ്റാർമർ പലവിധ വിവാദങ്ങളിൽ പെട്ടിരുന്നു.
അടുത്തിടെ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വലിയ തിരിച്ചടി നേരിടിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാർമറുടെ രാജി ആവശ്യപ്പെട്ട് ലേബർ പാർട്ടിക്കുള്ളിൽ മുറവിളി ഉയർന്നത്. രാജിവെക്കില്ലെന്ന് ആദ്യം നിലപാടെടുത്തെങ്കിലും എംപിമാർ പൂർണമായും കൈവിട്ടതോടെയാണ് പദവി ഒഴിയാൻ കിയർ സ്റ്റാർമർ നിർബന്ധിതനായത്.