തിരുവനന്തപുരം> എല്ലാ സഹകരണ ബാങ്കുകളും ഇനി ഗ്യാരണ്ടി പദ്ധതിയിൽ ചേരണമെന്ന് നിർദ്ദേശവുമായി പുതിയ നിയമ ഭേദഗതി. അടിക്കടി സഹകരണ ബാങ്കുകൾ തകരുന്നതും പ്രതിസന്ധിയിലാക്കുന്നതും പതിവായിരിക്കുകയാണ്. ബാങ്കിലെ തിരിമറികളും ക്രമക്കേടുകളും പലവിധ തട്ടിപ്പുകളും അനേകം സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കേരളത്തിൽ ഒരോ പ്രദേശത്തെയും സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലാണ് ഒരു പരിധി വരെ സഹകണ സംഘങ്ങൾ. ഇവ തകർന്നാൽ ആ പ്രദേശം തന്നെ പ്രതിസന്ധിയിലാകും.
സാധാരണക്കാരുടെ ആശ്രയമായ സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വം നൽകുന്നതാണ് പുതിയ ഭേദഗതി. സഹകരണ ബാങ്ക് പ്രതിസന്ധിയിലായാൽ നിക്ഷേപകന് അഞ്ചു ലക്ഷം രൂപ വരെ ഉടനെ ലഭ്യമാക്കുന്ന ഗാരന്റി പദ്ധതിയിൽ എല്ലാ സംഘങ്ങളും ചേരണമെന്നത് നിർബന്ധമാക്കി. നിക്ഷേപകർക്ക് 15ദിവസത്തിനകം 5 ലക്ഷം രൂപ വരെ ലഭിക്കുന്ന രീതിയിലാണ് പദ്ധതിയിൽ മാറ്റം.
ഒരാൾക്ക് നിക്ഷേപമുള്ള ഒന്നിലേറെ ബാങ്കുകൾ പ്രതിസന്ധിയിലായാൽ അവിടെ നിന്നെല്ലാം ഈ താൽക്കാലിക സഹായം ലഭിക്കും. ഗാരന്റി സ്കീമിൽ ചേരാതെ സംഘങ്ങൾ നിക്ഷേപം സ്വീകരിച്ചാൽ റജിസ്ട്രാർ തടഞ്ഞ് പിഴ ഈടാക്കുമെന്നു ഉത്തരവ് ഭേദഗതി ചെയ്തു.