കൊച്ചി> വായനക്കാരിൽ പരിഭ്രാന്തി പരത്തി കലാപം അഴിച്ചുവിടാനുള്ള ശ്രമമായിരുന്നു ജനുവരി ഇരുപത്തിനാലിലെ പത്രങ്ങളുടെ ഒന്നാം പേജെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പരസ്യമെന്ന പേരിൽ എന്ത് തോന്നിവാസവും കാണിക്കാമെന്ന അവസ്ഥയിലാണ് ഇന്ന് പത്രമുത്തശ്ശിമാർ. നിയമങ്ങളെയെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടാണ് ഇത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ഇന്നലത്തെ സംഭവത്തോടെ പലരും പത്രങ്ങൾക്കെതിരെ നിയമ നടപടികൾക്കൊരുങ്ങുകയാണ്. ആദ്യ പരാതി സുപ്രീം കോടതി അഭിഭാഷകൻ ശ്രീജിത്ത് പെരുമനയുടേതാണ്. പോലീസിലും കേന്ദ്ര മന്ത്രിക്കും പരാതി നൽകിയതായി അദ്ദേഹം ഫെയ്സ് ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. അഡ്വ.ശ്രീജിത്ത് പെരുമനയുടെ കുറിപ്പിൻ്റെ പൂർണ്ണരൂപം ഇങ്ങനെ;
വായനക്കാരനെ തെറ്റിദ്ധരിപ്പിക്കുകയും ആശങ്കയിലാഴ്ത്തുകയും, സമൂഹത്തിൽ ഭീതി പടർത്തുകയും, മനുഷ്യരിൽ ആശങ്ക പടർത്തി കലാപശ്രമം നടത്തുകയും ചെയ്തുകൊണ്ട് പരസ്യം എന്ന നിലയിൽ തെറ്റിദ്ധാരണജനകമായ തലക്കെട്ടുകൾ വർത്തയെന്ന രൂപത്തിൽ ഒന്നാം പേജിൽ നൽകിയ പത്രങ്ങൾ ഗുരുതരമായ നിയമലംഘനമാണ് നടത്തിയിട്ടുള്ളത്.
സംഭവത്തിൽ ഞാനുൾപ്പെടെയുള്ള നിരവധിയായ മനുഷ്യർ തെറ്റിദ്ധരികപ്പെടുകയും, വഞ്ചിക്കപ്പെടുകയും, വിശ്വാസ വഞ്ചനക്ക് ഇടവരികയും ചെയ്തതിനാൽ സംഭവത്തിൽ ക്രിമിനലായും സിവിലായും നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി പോലീസിലും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രിക്കും, സെക്രട്ടറിക്കും മറ്റു ബന്ധപ്പെട്ട അധികാരികൾക്കും രേഖമൂലം പരാതി നൽകി. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പത്രം കാശ് കൊടുത്ത് വാങ്ങി വായിക്കുന്ന വരിക്കാരനോടാണ് പത്രത്തിന് ആദ്യ കടപ്പാട് ഉണ്ടാകേണ്ടത്. വാർത്തയേത് പരസ്യമേത് എന്ന് തിരിച്ചറിയാത്ത രൂപത്തിൽ വായനക്കാരെ അല്ലെങ്കിൽ കൺസ്യുമാർമാരെ പറ്റിക്കുന്നതിലൂടെ ചെയ്യുന്നത് ശുദ്ധ തെമ്മാടിത്തരമാണ് എന്നത് മാത്രമല്ല ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് നിയമപ്രകാരമുള്ള ഗുരുതരമായ നിയമലംഘനവും, ചട്ട ലാംഘനവുമാണ്. മാർക്കറ്റിങ് ഫീച്ചറുകൾ അത് തിരിച്ചറിയുന്ന രൂപത്തിൽ അവതരിപ്പിക്കണം എന്നാണ് നിയമം എന്നിരിക്കെ തികച്ചും സമൂഹത്തിൽ പരിഭ്രാന്തി പടർത്തുന്നതായിരുന്നു പത്രങ്ങളുടെ ഇന്നത്തെ നടപടി. പ്രസ്സ് കൗൺസിൽ പ്രോട്ടൊക്കോൾ ലംഘനത്തിനപ്പുറം ക്രിമിനൽ കുറ്റകൃത്യമാണ് നടന്നത് എന്നതിനാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു മുന്നൊരുക്കങ്ങളും ചെയ്യാതെ ഒരു അർദ്ധരാത്രി ടെലിവിഷനിൽ വന്ന് നോട്ട് നിരോധനം പ്രഖ്യാപിച്ച പ്രധാനമന്ത്രിയുള്ള നാടാണ്, ഇതും ഇതിലപ്പുറവും സംഭവിച്ചാലും ജനങ്ങൾ വിശ്വസിക്കാൻ നിർബന്ധിതരാകും വിധമുള്ള രാഷ്ട്രീയമാണ് രാജ്യത്തെ നയിക്കുന്നത്. അപ്പോൾ “നോട്ടേ വിട” എന്ന വെണ്ടയ്ക്ക തലക്കെട്ട് കൊടുത്ത് വ്യാജ പരസ്യങ്ങൾ അച്ചടിക്കുമ്പോൾ അത് എത്ര വായനക്കാർക്ക് ഷോക്കേൽപ്പിച്ചിട്ടുണ്ടാകുമെന്ന് ഒരു നിമിഷം ചിന്തിക്കണ്ടേ. ഇത് വായിച്ച് ഹൃദയാഘാതം വന്ന മനുഷ്യരുണ്ടെങ്കിലും അത്ഭുതപ്പെടേണ്ടതില്ല.
പത്രങ്ങളിലെ ഈ തലക്കെട്ട് വായിച്ച് “നോട്ടേ വിട” എന്ന് ബ്രെക്കിങ് ന്യൂസ് പോലെ കൊടുത്ത ചാനലുകളുണ്ട്. ഫെബ്രുവരി ഒന്ന് മുതൽ നോട്ടുകൾ ഇല്ലാതാകുമെന്ന് ബ്രെക്കിങ് ഹെഡിങ്ങോടെ റിപോർട്ടറിൽ അരുൺകുമാർ ഇതൊരു വാർത്ത പോലെ വായിക്കുന്നതും കണ്ടു. ബോധപൂർവമാണെങ്കിലും അല്ലെങ്കിലും ഇതൊക്കെ വാർത്ത പോലെ അവതരിപ്പിക്കുമ്പോൾ അത് കേൾക്കുന്ന മനുഷ്യരിലുണ്ടാക്കുന്ന ആശങ്കയും അങ്കലാപ്പും എത്രമാത്രമായിരിക്കും.
Courtesy: അഡ്വ ശ്രീജിത്ത് പെരുമന