കൊച്ചി> ഭാരതീയാർ സർവകലാശാല(Bharathiar University) യുടെ യു.ജി. സി. അംഗീകാരമില്ലാത്ത വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് നൽകുന്നത് നിർത്തിവെച്ച് കാലിക്കറ്റ് സർവകലാശാല( Calicut University) വി.സി. ഉത്തരവിറക്കി. 2015 മുതൽ 2022 വരെയുള്ള വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് യു.ജി.സി. അംഗീകാരമില്ലാത്തതിനാൽ ഭാരതീയാർ സർവകലാശാലയും യു.ജി.സി.യും തമ്മിൽ സുപ്രീകോടതിയിൽ കേസ് നടക്കുകയാണ്.
എന്നാൽ യു.ജി.സി. ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോയുടെ അംഗീകാരമില്ലാതിരുന്നിട്ടും കോഴ്സുകൾക്ക് കാലിക്കറ്റ് സർവകലാശാല തുല്യതാ സർട്ടിഫിക്കറ്റ് നൽകിവന്നിരുന്നു. ഇത് ചോദ്യം ചെയ്ത് വിദ്യാർഥികളിലൊരാൾ നടത്തിയ നിയമ പോരാട്ടമാണ് കാലിക്കട്ട് യൂണിവേഴ്സിറ്റിയെ ഉത്തരവിറക്കാൻ നിർബന്ധിതരാക്കിയത്. കൂടാതെ ഗവർണർ, വിദ്യാഭ്യാസമന്ത്രി, സർവകലാശാല വി.സി., രജിസ്ട്രാർ എന്നിവർക്ക് കഴിഞ്ഞ സെപ്റ്റംബറിൽ പരാതിയും നൽകിയിരുന്നു.
ഇതിനെത്തുടർന്ന് കോഴ്സുകൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് നൽകുന്നത് താത്കാലികമായി നിർത്തിയിരുന്നു. ഫെബ്രുവരി ഒന്നിന് വി.സി.യുടെ ഉത്തരവിനെത്തുടർന്നാണ് തുല്യതാ സർട്ടിഫിക്കറ്റ് വിതരണം നിർത്തിവെച്ചത്. മറ്റു സർവകലാശാലകളുടെ യു.ജി. സി. അംഗീകാരമില്ലാത്ത കോഴ്സുകൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് നൽകുന്നത് നിർത്തുന്ന വിഷയം അക്കാദമിക് കൗൺസിലിന്റെ പരിഗണനയ്ക്ക് വിട്ടു. ഫെബ്രുവരി ഒന്നിന് കാലിക്കറ്റ് സർവകലാശാല പ്രസിദ്ധീകരിച്ച തുല്യതാ സർട്ടിഫിക്കറ്റ് നൽകുന്ന കോഴ്സുകളുടെ പുതിയ പട്ടികയിൽ പോലും യു.ജി.സി. അംഗീകാരമില്ലാത്ത കോഴ്സുകളുണ്ടെന്നും ആക്ഷേപമുണ്ട്.