ഉത്തർപ്രദേശ് മുൻ എംഎൽസി മുഹമ്മദ് ഇഖ്ബാലിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) വ്യാഴാഴ്ച (ഫെബ്രുവരി 27, 2025) ₹995.75 കോടി വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി. അടച്ചുപൂട്ടിയ മൂന്ന് പഞ്ചസാര മില്ലുകൾ കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇഖ്ബാലിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളായ മാലോ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ്, ഡൈനാമിക് ഷുഗേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഹണിവെൽ ഷുഗേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ പേരിലുള്ള സ്വത്തുക്കളാണ് കണ്ടു കെട്ടിയത്.
1860 ലെ ഐപിസിയിലെ വിവിധ വകുപ്പുകളും 1956 ലെ കമ്പനി നിയമവും പ്രകാരം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(CBI) രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ടിന്റെ (FIR) അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. മുൻ എംഎൽസിയും കൂട്ടാളികളും ഉത്തർപ്രദേശിലെ ഒന്നിലധികം പഞ്ചസാര മില്ലുകൾ വ്യാജരേഖകൾ ചമച്ച് സ്വന്തമാക്കിയതായി എഫ്ഐആറിൽ ആരോപിക്കുന്നുണ്ട്.
ഇഡി അന്വേഷണത്തിൽ ഓഹരി വിറ്റഴിക്കൽ നടപടികളിലും വലിയ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്, അതിൽ ആസ്തികളുടെ മൂല്യം കുറച്ചുകാണിക്കലും ലേല നടപടികളിലെ കൃത്രിമവും ഉൾപ്പെടും. പഞ്ചസാര മില്ലുകളുടെ വിപണി മൂല്യം അവ വിറ്റ വിലയേക്കാൾ വളരെ കൂടുതലാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മുഹമ്മദ് ഇഖ്ബാലിന്റെ കൈവശമുണ്ടായിരുന്ന കള്ളപ്പണം ഉപയോഗിച്ചായിരുന്നു ഈ പഞ്ചസാര മില്ലുകൾ സ്വന്തമാക്കിയത്. വി.കെ. ഹെൽത്ത് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് ഈട് ഇല്ലാത്ത വായ്പകളുടെ രൂപത്തിലും പണം സ്വീകരിച്ചിട്ടുണ്ട്, വിവിധ ഷെൽ കമ്പനികൾ വഴി വൻതോതിൽ കള്ളപ്പണ ഇടപാട് നടത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.
പഞ്ചസാര മില്ലുകളും അവയുമായി ബന്ധപ്പെട്ട ഭൂമി ആസ്തികളും മാലോ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ്, ഡൈനാമിക് ഷുഗേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഹണിവെൽ ഷുഗേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ഷെൽ കമ്പനികൾ വഴിയാണ് വാങ്ങിയതെന്ന് ഇഡി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഈ കമ്പനികളുടെ ഓഹരി പങ്കാളിത്തം തന്ത്രപരമായി കൈമാറ്റം ചെയ്തും. ഒടുവിൽ ഇവയെല്ലാം മുഹമ്മദ് ഇഖ്ബാലിന്റെയും അദ്ദേഹത്തിന്റെ അടുത്ത കൂട്ടാളികളുടെയും/കുടുംബാംഗങ്ങളുടെയും നിയന്ത്രണത്തിലാക്കി. ഈ ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട ക്രിത്രിമവും ഇഡി കണ്ടെത്തി. ഇതേത്തുടർന്നാണ് ₹995.75 കോടി വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കൾ കണ്ടുകെട്ടിയതെന്ന് ഇഡി പറഞ്ഞു.