‘നവകേരളത്തില്‍’ ഖജനാവ് കാലി; ഈ മാസത്തെ ബില്ലുകള്‍ മാറുന്നതിന് ട്രഷറിയില്‍ പണമില്ല;  കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുന്നത് 12,000 കോടി കൂടി കടമെടുക്കാനുള്ള അനുവാദം

- Advertisement -spot_img

തിരുവനന്തപുരം > കൊല്ലത്തെ സംസ്ഥാന സമ്മേളനത്തിലെ വികസന വീമ്പു പറച്ചിലും നവകേരള സൃഷ്ടിയും വെറും തള്ളുകൾ മാത്രമോ? കേരളം കടക്കെണിയുടെ ദുരിതക്കഴത്തിൽ മുങ്ങിത്താഴുമ്പോഴും അവകാശവാദങ്ങൾക്ക് കുറവൊന്നുമില്ല. അത്യാവങ്ങൾക്ക് പോലും പണമില്ലാതെ ദുരിതാവസ്ഥയിലാണ് കേരളം. ഈ മാസം 12,000 കോടികൂടി കടമെടുക്കാന്‍ അനുവദിക്കണമെന്നാണ് കേന്ദ്രത്തോടുള്ള കേരളത്തിന്റെ അഭ്യര്‍ത്ഥന. ഇതിന് അര്‍ഹതയുണ്ടെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു. സാമ്പത്തികവര്‍ഷാവസാനമായ മാര്‍ച്ചിലെ ചെലവുകള്‍ നേരിടാനാകാത്ത പ്രതിസന്ധിയിലാണ് കേരളം. ഇനി ഈ സാമ്പത്തിക വര്‍ഷം കടപ്പത്രം ഇറക്കാന്‍ രണ്ടുതവണകൂടിയേ സാധിക്കൂ. ഈ മാസം 18-നും 25-നും. അതിന് മുമ്പ് അനുമതി കിട്ടുമെന്നാണ് പ്രതീക്ഷ.

ഈ മാസത്തെ ബില്ലുകള്‍ മാറുന്നതിന് ആവശ്യമായ പണം ട്രഷറിയിലില്ലെന്നാണ് വിവരം. പണം കണ്ടെത്തിയില്ലെങ്കില്‍ ബില്ലുകള്‍ മാറുന്നതിന് കൂടുതല്‍ നിയന്ത്രണം കൊണ്ടുവന്നേക്കും. മാസത്തിന്റെ ആദ്യ അഞ്ച് ദിവസം ശമ്പളവും പെന്‍ഷനും മാത്രമേ ട്രഷറികളില്‍ നിന്ന് നല്‍കുകയുള്ളൂ. തുടര്‍ന്നാണ് പദ്ധതിച്ചെലവുകള്‍ക്ക് ഉള്‍പ്പെടേയുള്ള ബില്ലുകള്‍ അനുവദിക്കുന്നത്. ഈ മാസം തുടങ്ങിയ ശേഷം കഴിഞ്ഞ വെള്ളിയാഴ്ച മാത്രമാണ് ഈ ബില്ലുകള്‍ വന്നത്. പ്രശ്‌നങ്ങളില്ലാതെ വെള്ളിയാഴ്ച ബില്ലുകളെല്ലാം പാസായിട്ടുണ്ട്. എന്നാല്‍ ഇന്ന് മുതല്‍ പ്രതിസന്ധിയ്ക്ക് സാധ്യതയുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ടാണ് കേന്ദ്രത്തിന് മുന്നില്‍ കടം എടുക്കാനുള്ള നിര്‍ദ്ദേശം വയ്ക്കുന്നത്. അല്ലാത്ത പക്ഷം മാര്‍ച്ച് മാസം കേരളത്തിന് വലിയ പ്രതിസന്ധിയുടേതായി മാറും.

12-ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനുമായി നടത്തുന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഈ ആവശ്യം ഉന്നയിക്കും. അനുമതി നേടിയെടുക്കാനുള്ള ചര്‍ച്ചകള്‍ക്കായി ധനവകുപ്പ് പ്രതിനിധികളും ഡല്‍ഹിയിലുണ്ട്. കെവി തോമസും സമ്മര്‍ദ്ദവുമായി രംഗത്തുണ്ട്. കേരളത്തിന്റെ ഒന്നുമില്ലായ്മ കേന്ദ്രം തിരിച്ചറിയുമെന്നാണ് പ്രതീക്ഷ. വൈദ്യുതിമേഖലയിലെ പരിഷ്‌കാരങ്ങളെ മുന്‍നിര്‍ത്തി 6250 കോടി കടമെടുക്കാനാണ് അര്‍ഹത. കഴിഞ്ഞ രണ്ടുവര്‍ഷവും വായ്പയെടുക്കാന്‍ അനുവദിച്ചിരുന്നു. പങ്കാളിത്തപെന്‍ഷനിലെ വിഹിതത്തിന്റെ അടിസ്ഥാനത്തിലും അക്കൗണ്ടന്റ് ജനറല്‍ അംഗീകരിച്ച പൊതുകണക്ക് അനുസരിച്ചും 6000 കോടിയോളം കടമെടുക്കാന്‍ അര്‍ഹതയുണ്ടെന്നും കേരളം വാദിക്കുന്നു. ഇത് അംഗീകരിച്ചാല്‍ മുഴുവന്‍ തുകയും കടമെടുക്കും.

കഴിഞ്ഞവര്‍ഷം സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് അവസാനത്തെ ഗഡു കടമെടുപ്പിനായി 13,500 കോടി അനുവദിച്ചത്. ഇത്തവണയും കേന്ദ്രം വൈകിപ്പിക്കുന്നുവെന്നാണ് സംസ്ഥാനത്തിന്റെ പരാതി. എത്രയും വേഗം ഇത് അനുവദിക്കണമെന്നാണ് ആവശ്യം. വായ്പയ്ക്കുള്ള അനുമതിക്കുപുറമേ, വിഴിഞ്ഞത്തിനുള്ള പ്രത്യേക സഹായം, മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനുള്ള പണം അനുവദിക്കല്‍ എന്നിവയെക്കുറിച്ചും മുഖ്യമന്ത്രി കേന്ദ്രധനമന്ത്രിയുമായി ചര്‍ച്ച നടത്തും. 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ പാസാക്കാന്‍ നിലവില്‍ തന്നെ ട്രഷറിയില്‍ നിയന്ത്രണമുണ്ട്. ഈ സാഹചര്യത്തില്‍ ഡല്‍ഹി ചര്‍ച്ച നിര്‍ണ്ണായകമാകും.

അത്യാവശ്യത്തിനുള്ള പണം കണ്ടെത്താനായില്ലെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് ധനവകുപ്പ് നിര്‍ബന്ധിതമാകും. ഇല്ലെങ്കില്‍ ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുന്ന സാഹചര്യം വരെ ഉണ്ടായേക്കാം. ഈ മാസം പലതവണ ട്രഷറിയില്‍ സെര്‍വര്‍ പ്രശ്‌നങ്ങള്‍ മൂലം ഇടപാടുകള്‍ മുടങ്ങിയിരുന്നു. പണ വിതരണം നീട്ടാനുള്ള കുറുക്കുവഴികളാണ് ഇത്തരം തകരാറുകളെന്ന വിമര്‍ശനം സജീവമാണ്. സാമ്പത്തികമായി ഞെരുങ്ങുമ്പോള്‍ കടമെടുത്താണ് വര്‍ഷങ്ങളായി കേരളം മുന്നോട്ടു പോകുന്നത്. എന്നാല്‍ കിഫ്ബിയും പെന്‍ഷന്‍ കമ്പനിയുമെടുത്ത വായ്പകള്‍ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കി കേന്ദ്രം കേരളത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചതോടെയാണ് കടുത്ത ധനപ്രതിസന്ധി നേരിട്ടത്.

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img