കൊച്ചി> അങ്കമാലിയിൽ അനധികൃതമായി കുടിയേറി താമസിച്ച ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ. നിർമാണമേഖലയിലെ തൊഴിലാളികളായ മുനീറുൽ മുല്ല(27), അൽത്താഫ് അലി(30) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റുചെയ്തത്. 2017 മുതൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ചായിരുന്നു ഇവർ അങ്കമാലിയിൽ താമസിച്ചിരുന്നത്. ഇരുവരേയും കോടതിയിൽ ഹാജരാക്കും.
എറണാകുളം ജില്ലയിൽ മുൻപും ഇത്തരത്തിൽ വ്യാജ ആധാർ കാർഡ് നിർമിച്ച് താമസിച്ചിരുന്നവരെ പോലീസ് പിടികൂടിയിരുന്നു. വ്യാജ ആധാർകാർഡ് ഉൾപ്പടെ നിർമിച്ച് നൽകി എല്ലാവിധ സഹായങ്ങളും ചെയ്തു നൽകുന്നതിനു പിന്നിൽ ഒരു സംഘംതന്നെയുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. ട്രെയിൻ ടിക്കറ്റെടുക്കുന്നതിന് വ്യാജ ആധാർ കാർഡ് നിർമിച്ചു നൽകുന്ന രണ്ട് പേരെ അടുത്തിടെ പെരുമ്പാവൂരിൽ ആലുവ പോലീസ് പിടികൂടിയിരുന്നു.