ദില്ലി> ഇന്ത്യൻ ചരക്കുകൾക്ക് മേൽ യു.എസിലെ ട്രംപ് ഭരണകൂടം ചുമത്തിയ 25 ശതമാനം തീരുവയും പിഴച്ചുങ്കവും അമേരിക്കൻ ചങ്ങാത്തത്തെച്ചൊല്ലിയുള്ള മോദി സർക്കാരിന്റെ അവകാശവാദങ്ങൾക്ക് ഇരുട്ടടിയായി. ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ ഏൽപ്പിച്ച ആഘാതത്തിന് പിന്നാലെയാണിത്.
ഇന്ത്യയുടെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും, അമേരിക്കൻ താത്പര്യങ്ങൾക്ക് മുന്നിൽ അടിയറവ് പറഞ്ഞെന്ന പ്രതിപക്ഷ ആരോപണം ശക്തമായി. ബിജെ.പി സർക്കാർ രാജ്യത്തിന്റെ സാമ്പത്തിക, പ്രതിരോധ, വിദേശകാര്യനയങ്ങൾ തകർത്തെന്ന് പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി വിമർശിച്ചു. കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ വ്യാഴാഴ്ച ഇരുസഭകളിലും താരിഫ് നടപടിയെക്കുറിച്ച് ഇന്ത്യയുടെ നിലപാട് വിശദീകരിച്ചെങ്കിലും പ്രധാനമന്ത്രിയുടെ പ്രതികരണമാരാഞ്ഞ് പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധമുയരും.
ഇന്ത്യ-പാക് സംഘർഷകാലംമുതൽ ട്രംപ് നടത്തുന്ന പ്രസ്താവനകൾ രാജ്യത്തിന്റെ ആഭ്യന്തരരാഷ്ട്രീയത്തിൽ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം ഉപേക്ഷിക്കാത്ത ട്രംപ് വാണിജ്യരംഗത്ത് ഇന്ത്യക്കുനേരേ പ്രയോഗിച്ച താരിഫ് ആയുധം അപ്രതീക്ഷിത നീക്കമായി. ഇന്ത്യക്ക് ഉയർന്ന താരിഫ് നിരക്ക് പ്രഖ്യാപിച്ച ട്രംപ് പാകിസ്താനുമായി കുറഞ്ഞ താരിഫിൽ കരാറിന് തീരുമാനിച്ചത് ഉഭയകക്ഷിബന്ധത്തിൽ വെല്ലുവിളിയാണ്. റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നതിന് ഇന്ത്യക്കുമേൽ പിഴച്ചുങ്കം ചുമത്തുമെന്ന അമേരിക്കയുടെ പ്രഖ്യാപനം പഴയ ശീതയുദ്ധകാലത്തിന്റെ ഓർമ്മപ്പെടുത്തലായി.
ട്രംപ് ഉയർന്ന തീരുവ നിശ്ചയിച്ചതിനെതിരേ ഔദ്യോഗികതലത്തിൽ വിമർശനങ്ങളോ ആരോപണങ്ങളോ സർക്കാരോ ഭരണപക്ഷമോ ഇതുവരെ ഉന്നയിച്ചിട്ടില്ല. പകരം, സമസ്ത മേഖലകളിലും ഇന്ത്യയുടെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന് അഭിപ്രായപ്പെട്ട് പ്രസ്താവന കേന്ദ്രവാണിജ്യമന്ത്രാലയം പുറത്തിറക്കി. ഇന്ത്യ ഒരു ഡെഡ് ഇക്കോണമിയാണെന്ന ട്രംപിന്റെ പരാമർശത്തിന് മറുപടിയെന്ന നിലയിൽ, ഇന്ത്യ ലോകത്തിലെ മൂന്നാം സാമ്പത്തികശക്തിയായി വളരുമെന്ന് ഗോയൽ പ്രതിവാദമുന്നയിച്ചു. ഏകപക്ഷീയമായി താരിഫ് നിരക്കുകൾ പ്രഖ്യാപിച്ച ട്രംപ് ഭരണകൂടത്തിന്റെ നടപടി കേന്ദ്രസർക്കാരിനെ അമ്പരപ്പിലാക്കിയിട്ടുണ്ട്.
യുഎസ് തീരുവയിൽ ആശങ്ക. ഇന്ത്യയിൽനിന്ന് ഇറക്കുമതി ഉത്പന്നങ്ങൾക്ക് 25ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ നടപടിയിൽ ആശങ്കയുമായി കയറ്റുമതി മേഖല. ഓഗസ്റ്റ് ഒന്നിന് പകരച്ചുങ്കം നടപ്പാകുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് രാജ്യത്തുനിന്നുള്ള ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, ജനറിക് മരുന്നുകൾ, ആഭരണങ്ങൾ, വൈരക്കല്ലുകൾ, സമുദ്രോത്പന്നങ്ങൾ, കാർഷികോത്പന്നങ്ങൾ ഇവയുടെ കയറ്റുമതിയെയാകും കൂടുതലായി ബാധിക്കുക. ലോകത്ത് ഏറ്റവും ഉയർന്ന തീരുവ ചുമത്തുന്ന രാജ്യമെന്നാണ് ട്രംപ് ഇന്ത്യയെ വിശേഷിപ്പിക്കുന്നത്. യഥാർഥത്തിൽ അങ്ങനെയല്ല കാര്യങ്ങൾ. ഇന്ത്യയിൽനിന്ന് അമേരിക്കയിലെത്തുന്ന ഉത്പന്നങ്ങൾക്ക് ശരാശരി 17 ശതമാനമാണ് തീരുവയെന്നാണ് കണക്കാക്കുന്നത്. ആഭ്യന്തര ഉത്പന്നങ്ങളുടെ സംരക്ഷണത്തിന് എല്ലാ രാജ്യങ്ങളും പിന്തുടരുന്ന രീതിയാണ് ഇന്ത്യയും പിന്തുടരുന്നത്.
ഇന്ത്യയുടെ കാർഷിക, ക്ഷീര വിപണികൾ തുറന്നു നൽകാത്തതിലും റഷ്യയുമായി വ്യാപാരം തുടരുന്നതിലും ബ്രിക്സ് കൂട്ടായ്മയിലെ ഇടപെടലുകളുമാണ് ഇപ്പോഴത്തെ പകരച്ചുങ്കത്തിനു കാരണമെന്നാണ് കരുതുന്നത്. റഷ്യയുമായുള്ള വ്യാപാര ഇടപാടുകൾ കുറയ്ക്കുന്നതിനുള്ള സമ്മർദതന്ത്രമായും ഇതിനെ വിലയിരുത്തുന്നുണ്ട്. എന്തു തന്നെയായാലും 25 ശതമാനം തീരുവ നടപ്പായാൽ ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ പത്തു ശതമാനത്തെവരെ ബാധിക്കാമെന്നാണ് കണക്കാക്കുന്നത്. 2024-’25 സാമ്പത്തികവർഷം ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാരം ഏകദേശം 12,920 കോടി ഡോളറിന്റേതായിരുന്നു. ഇതിൽ 4,000 കോടിയോളം വ്യാപാര മിച്ചമാണ് ഇന്ത്യക്കുള്ളത്.
ബാധിക്കുന്ന മേഖലകൾ
ആഭരണ, വൈരക്കൽ
ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള പ്രധാന കയറ്റുമതി ഇനം. വർഷം 1,000 കോടി ഡോളറിനടുത്ത് കയറ്റുമതി. 25 ശതമാനം തീരുവ ഈ മേഖലയിൽ പ്രതിസന്ധിയാകുമെന്ന് ജെംസ് ആൻഡ് ജൂവലറി കയറ്റുമതി പ്രോത്സാഹന കൗൺസിൽ (ജിജെഇപിസി) അഭിപ്രായപ്പെട്ടു. പകരച്ചുങ്കം കയറ്റുമതി ചെലവുയർത്തും. ചരക്കുനീക്കത്തിന്റെ വേഗം കുറച്ചേക്കാം. ഉത്പന്നങ്ങളുടെ വില കൂടാനും ഇതിടയാക്കും. ഈ മേഖലയിലെ മൂല്യവർധന ശൃംഖലയിൽ ഒന്നാകെ സമ്മർദമുണ്ടാകും.
ഫാർമ
ഇന്ത്യയിൽനിന്നുള്ള പേറ്റന്റ് ഇല്ലാത്ത ജനറിക് മരുന്നുകളുടെ പ്രധാന വിപണിയാണ് അമേരിക്ക. ഏകദേശം 800 കോടി ഡോളറിന്റെ വാർഷിക കയറ്റുമതി നടക്കുന്നു. ഇന്ത്യയിൽനിന്നുള്ള ജനറിക് മരുന്നുകൾക്ക് ഉയർന്ന തീരുവ വരുന്നത് അമേരിക്കയിലെ മരുന്നുവിതരണത്തിൽ വലിയ വെല്ലുവിളി സൃഷ്ടിക്കാമെന്ന് ഫാർമസ്യൂട്ടിക്കൽ കയറ്റുമതി പ്രോത്സാഹന കൗൺസിൽ ചെയർമാൻ നമിത് ജോഷി പറഞ്ഞു. 2022-ൽ അമേരിക്കയിൽ കുറിച്ചു നൽകുന്ന പത്ത് പ്രിസ്ക്രിപ്ഷനിൽ നാലെണ്ണംവരെ ഇന്ത്യൻ കമ്പനികൾ വിതരണംചെയ്യുന്ന മരുന്നായിരുന്നു.
വസ്ത്രങ്ങൾ
തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, ചെരുപ്പുകൾ ഇവയുടെ അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഇന്ത്യ നിർണായക പങ്കുവഹിക്കുന്നു. എന്നാൽ, ഉയർന്ന തീരുവ വരുന്നത് ബംഗ്ലാദേശ്, പാകിസ്താൻ, വിയറ്റ്നാം പോലുള്ള വിപണികളിലേക്ക് അമേരിക്കൻ കമ്പനികൾ പോകാനുള്ള സാധ്യത വർധിപ്പിക്കുന്നു. പകരച്ചുങ്കം ടെക്സ്റ്റൈൽ, വസ്ത്ര മേഖലയിലെ കയറ്റുമതിക്ക് വലിയ തിരിച്ചടിയാകുമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ടെക്സ്റ്റൈൽ ഇൻഡസ്ട്രി സൂചിപ്പിച്ചു.
ഇലക്ട്രോണിക്സ്
സ്മാർട്ട്ഫോൺ കയറ്റുമതിയിൽ ചൈനയെ ഇന്ത്യ മറികടന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പകരച്ചുങ്കം വരുന്നത്. അതേസമയം, ഇത് ഉടനടി പ്രാബല്യത്തിലായേക്കില്ല. പകരച്ചുങ്കം സ്മാർട്ട്ഫോൺ, കംപ്യൂട്ടർ, മറ്റ് ഇലക്ട്രോണിക്സ് ഉത്പന്നമേഖലയിൽ എങ്ങനെ ആഘാതമുണ്ടാക്കുമെന്ന് പഠിക്കാൻ ട്രേഡ് എക്സ്പാൻഷൻ ആക്ടിലെ 232 വകുപ്പ് പ്രകാരം യുഎസ് വാണിജ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ വിലയിരുത്തൽ പൂർത്തിയായാൽ മാത്രമേ തീരുവ ബാധകമാകൂ. രണ്ടാഴ്ചയ്ക്കകം ഇതിൽ തീരുമാനമാകുമെന്നാണ് കരുതുന്നത്. ഉയർന്ന തീരുവ വന്നാൽ വിയറ്റ്നാംപോലുള്ള വിപണികളിലേക്ക് അമേരിക്കൻ കമ്പനികൾ മാറാനുള്ള സാധ്യത തള്ളാനാകില്ല.
അരി, സമുദ്രോത്പന്ന മേഖല
ബസ്മതി അരി, സമുദ്രോത്പന്നങ്ങൾ, കാപ്പി, പുകയില തുടങ്ങിയ ഉത്പന്നങ്ങളാണ് കാർഷിക മേഖലയിൽനിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ പ്രധാനം. വർഷം 500 കോടി ഡോളറിന്റെ കയറ്റുമതി നടക്കുന്നു. ഇതിൽ 60 ശതമാനം വരെ അരിയും ചെമ്മീനുമാണ്. നിലവിൽ ഇവയ്ക്ക് അമേരിക്കയിൽ തീരുവയുണ്ടായിരുന്നില്ല. ഇക്വഡോറിൽനിന്നുള്ള ഇറക്കുമതിക്ക് ട്രംപ് പത്തു ശതമാനം തീരുവ മാത്രമാണ് ചുമത്തിയിട്ടുള്ളതെന്നതിനാൽ ചെമ്മീൻ ഉൾപ്പെടെയുള്ള ഇറക്കുമതി അവിടേക്കു മാറിയേക്കാം. ആകെ 738 കോടി ഡോളറിന്റെ ചെമ്മീനാണ് ഇന്ത്യ കഴിഞ്ഞ സാമ്പത്തികവർഷം കയറ്റി അയച്ചത്. ഇതിൽ 35 ശതമാനം വരുന്ന 280 കോടി ഡോളറിന്റെ കയറ്റുമതി അമേരിക്കയിലേക്കായിരുന്നു.
ഇന്ത്യയുടെ വളർച്ചയെ നേരിയതോതിൽ ബാധിച്ചേക്കാം
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനംവരെ പകരച്ചുങ്കവും പിഴയും ചുമത്തിയത് രാജ്യത്തെ സാമ്പത്തികവളർച്ചയിൽ ഇടിവുണ്ടാക്കിയേക്കാമെന്ന് ആഗോള റിസർച്ച് ഏജൻസികൾ. നോമുറ, ബാർക്ലേയ്സ്, ഗോൾഡ്മാൻ സാക്സ് തുടങ്ങിയ ഏജൻസികളുടെ അവലോകനത്തിൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദന(ജിഡിപി)വളർച്ചയിൽ 0.20 ശതമാനത്തിനും 0.30 ശതമാനത്തിനും ഇടയിൽ കുറവുണ്ടായേക്കാമെന്നാണ് പറയുന്നത്. ഇന്ത്യയുടെ ഉപഭോഗം ആഭ്യന്തരവിപണിയെ ആശ്രയിച്ചാണ്. മൊത്തം ഉത്പാദനത്തിൽ കയറ്റുമതിയുടെ പങ്ക് വളരെ കുറവാണ്. എങ്കിലും ഇന്ത്യയുടെ വലിയ വ്യാപാരപങ്കാളിയെന്ന നിലയിൽ അമേരിക്ക കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ചെറിയരീതിയിലുള്ള തിരിച്ചടികളുണ്ടാക്കാമെന്ന് ഇവർ വിലയിരുത്തുന്നു. അമേരിക്കയിലേക്ക് ഇന്ത്യയിൽനിന്ന് 2024-25 സാമ്പത്തികവർഷം 8,650 കോടി ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. ഇന്ത്യയുടെ വ്യാപാര മിച്ചമുള്ള പ്രധാന രാജ്യമാണ് അമേരിക്ക. പകരച്ചുങ്കം 25 ശതമാനത്തിൽ മുന്നോട്ടുപോയാൽ അമേരിക്കയിലേക്കുള്ള കയറ്റുമതിയെ ബാധിക്കുമെന്ന് നോമുറ പറയുന്നു.
ട്രംപ് ആവശ്യപ്പെട്ടിട്ടും നിരക്കുമാറ്റാതെ യുഎസ് ഫെഡറൽ റിസർവ്
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തുടർച്ചയായുള്ള സമ്മർദത്തിനു വഴങ്ങാതെ അടിസ്ഥാനപലിശ നിലനിർത്തി ഫെഡറൽ റിസർവ്. പലിശനിരക്ക് 4.25 ശതമാനം മുതൽ 4.5 ശതമാനംവരെയായി തുടരും. തുടർച്ചയായ അഞ്ചാംയോഗത്തിലാണ് യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് മാറ്റാതെ നിലനിർത്തുന്നത്. തൊഴിലവസരങ്ങൾ കുറഞ്ഞെങ്കിലും പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുന്നതിനാൽ നിരക്കുമാറ്റാതെ നിർത്താൻ ഫെഡറൽ റിസർവിന്റെ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. വിപണിയിൽനിന്നുള്ള വിവരങ്ങൾ പരിശോധിച്ചായിരിക്കും ഭാവിയിൽ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയെന്നും ഫെഡ് റിസർവ് ചെയർമാൻ ജെറോം പവൽ വ്യക്തമാക്കി.
വിപണിയിൽ അനിശ്ചിതത്വം, ക്ലോസിങ് നഷ്ടത്തിൽ
അമേരിക്ക ഇന്ത്യയിൽനിന്നുള്ള കയറ്റുമതിക്ക് 25 ശതമാനം തീരുവയും റഷ്യൻ എണ്ണ ഇടപാടുകളുടെപേരിൽ പിഴയും ചുമത്തിയതിനെത്തുടർന്ന് വ്യാഴാഴ്ച ഓഹരിവിപണയിൽ അനിശ്ചിതത്വം. രാവിലെമുതൽ കയറിയിറങ്ങി നീങ്ങിയ സൂചികകൾ ഒടുവിൽ നഷ്ടത്തിലാണ് വ്യാപാരം നിർത്തിയത്. 30 ഓഹരികളുടെ സൂചികയായ സെൻസെക്സ് 296.28 പോയിന്റ് നഷ്ടത്തിൽ 81,185.58 പോയിന്റിലവസാനിച്ചു. 50 ഓഹരികളുടെ സൂചികയായ നിഫ്റ്റി 86.70 പോയിന്റ് നഷ്ടപ്പെട്ട് 24,768.35 പോയിന്റിൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ സെൻസെക്സ് 80,695 പോയിന്റു വരെയും നിഫ്റ്റി 24,635 പോയിന്റു വരെയും ഇടിഞ്ഞിരുന്നു. പിന്നീട് തിരിച്ചുകയറി നേട്ടത്തിന്റെ പാതയിലായെങ്കിലും അവസാനംവരെ ഇതു നിലനിർത്താനായില്ല.
