കൊച്ചി> എറണാകുളം – അങ്കമാലി അതിരൂപതയിലെ തർക്കത്തിൽ താത്കാലിക സമവായം. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും വൈദികരും തമ്മിൽ നടത്തിയ ചർച്ചക്കൊടുവിലാണ് സമവായം. പൂർണമായ പ്രശനപരിഹാരത്തിന് പാംപ്ലാനി വൈദികരോട് ഒരു മാസം സമയം ആവശ്യപ്പെട്ടു. ഇത് വൈദികർ സമ്മതിച്ചതായാണ് വിവരം. എട്ടുമണിക്ക് സമരം അവസാനിപ്പിക്കാമെന്ന് വൈദികർ പറഞ്ഞുവെന്നും കേസുകളിൽ മേലുദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്നും എസിപി സി. ജയകുമാർ അറിയിച്ചു.
കാര്യങ്ങൾ സമവായത്തിലേക്കെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ചർച്ചയ്ക്ക് ശേഷം വിശദീകരിച്ചു. പ്രശ്നങ്ങൾ പഠിക്കാൻ ഒരു മാസത്തെ സമയം ചോദിച്ചു. ഇത് വൈദികർ സമ്മതിച്ചു. സമരം വൈദികർ അവസാനിപ്പിച്ചു. രാത്രിയും രാവിലെയുമായി എല്ലാവരും മടങ്ങും. പ്രശ്നരഹിതമായിരിക്കാനാണ് സഭ ആഗ്രഹിക്കുന്നതെന്നും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി വിശദീകരിച്ചു.