ദില്ലി> റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ചെക്കുകൾ എഴുതുന്നതിന് പ്രത്യേക മഷി നിറങ്ങൾ നിർബന്ധമാക്കിയിട്ടുണ്ടെന്ന തരത്തിലുള്ള പ്രചരണം സോഷ്യൽ മീഡിയയിൽ വ്യാപകമായിട്ടുണ്ട്. എന്നാൽ ഈ പ്രചരണം തികച്ചും വ്യാജമാണെന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് യൂണിറ്റ് (പിഐബി ഫാക്ട് ചെക്ക്) വ്യക്തമാക്കുന്നത്. ചെക്ക് എഴുതുന്നതിന് പ്രത്യേക മഷി വേണമെന്ന നിബന്ധന റിസർവ്വ് ബാങ്ക് ഇറക്കിയില്ലെന്നാണ് PIB പറയുന്നത്.
ചെക്ക് എഴുതുന്നതിന് പ്രത്യേക മഷി നിറങ്ങൾ വേണമെന്ന് ആർബിഐ ഒരു നിർദ്ദേശവും പുറപ്പെടുവിച്ചിട്ടില്ലെന്ന് എക്‌സിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് പിഐബി ഫാക്റ്റ് ചെക്ക് വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച പ്രചരണങ്ങൾ തെറ്റായ വിവരങ്ങൾ അടിസ്ഥാനരഹിതമാണെന്നും പൊതുജനങ്ങൾ ഇത് അവഗണിക്കണമെന്നുമാണ് PIB പറയുന്നത്.
ചെക്കുകളിൽ ഏതൊക്കെ തരം മഷികൾ ഉപയോഗിക്കാം?
ബാങ്കിംഗ് രീതികളിൽ പ്രധാനമായും ശുപാർശ ചെയ്യുന്നത് നീല അല്ലെങ്കിൽ കറുപ്പ് മഷി ഉപയോഗിക്കാനാണ്. കാരണം ഈ നിറങ്ങൾ വ്യക്തത നൽകുകയും ചെക്കിലെ അച്ചടിച്ച വാചകങ്ങളിൽ നിന്ന് കൈയക്ഷരങ്ങൾ വേർതിരിച്ചറിയാൻ സഹായിക്കുകയും ചെയ്യും. നീല മഷി കൂടുതൽ വേറിട്ടുനിൽക്കുന്നതിനാൽ ആളുകൾ ഇത് കൂടുതലായി തിരഞ്ഞെടുക്കുന്നുവെന്ന് മാത്രം. അതേ സമയം തന്നെ വായിക്കാനുള്ള എളുപ്പം കാരണം കറുത്ത മഷിയും വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
എന്നാൽ ചുവന്ന മഷി പൊതുവെ അനൗപചാരികമായി കണക്കാക്കപ്പെടുന്നതു കൊണ്ട് ഒഴിവാക്കുന്നതാണ് ഉചിതം. കൂടാതെ തിരുത്തലുകളായി തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്. അതുപോലെ, പെൻസിലോ മായ്ക്കാവുന്ന മഷിയോ കർശനമായി നിരോധിച്ചിട്ടുമുണ്ട്. അവ എളുപ്പത്തിൽ മാറ്റാൻ കഴിയും. ഇത് ചെക്ക് വിനിയോഗ സുരക്ഷയെ സാരമായി ബാധിക്കുകയും ചെയ്യും. പച്ച അല്ലെങ്കിൽ പർപ്പിൾ പോലുള്ള മറ്റ് നിറങ്ങൾ ബാങ്ക് സ്കാനിംഗ് സിസ്റ്റങ്ങളുമായി പൊരുത്തപ്പെടണമെന്നില്ല. ഇത് പ്രോസസ്സിംഗ് പ്രശ്നങ്ങളിലേക്ക് നയിക്കാനിടയുണ്ട്. അതിനാൽ അതും ഒഴിവാക്കുന്നതാണ് നല്ലത്.