വയനാട്> വയനാട് ജില്ലയിലെ അഞ്ച് സഹകരണബാങ്കുകളിൽ നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ സഹകരണവകുപ്പ്. ചില സർവീസ് സഹകരണബാങ്കുകൾ കേന്ദ്രീകരിച്ച് നിയമനത്തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്ന പ്രാഥമിക അന്വേഷണത്തിലെ വിവരങ്ങളെത്തുടർന്നാണ് നടപടി. ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യക്ക് പിന്നാലെ നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽകൂടിയാണ് അന്വേഷണം. വയനാട് ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ(ജനറൽ) ആണ് കേരള സഹകരണനിയമം വകുപ്പ് 66(1) പ്രകാരം പരിശോധനയ്ക്ക് ഉത്തരവിട്ടത്. ബത്തേരി അസിസ്റ്റന്റ് രജിസ്ട്രാർ(ജനറൽ) കെ.കെ. ജമാലിനാണ് അന്വേഷണച്ചുമതല.
ബത്തേരി സഹകരണ അർബൻബാങ്ക്, ബത്തേരി സർവീസ് സഹകരണബാങ്ക്, ബത്തേരി സഹകരണ കാർഷിക ഗ്രാമവികസനബാങ്ക്, പൂതാടി സർവീസ് സഹകരണബാങ്ക്, മടക്കിമല സർവീസ് സഹകരണബാങ്ക് എന്നിവയിലാണ് അന്വേഷണം നടത്തുക. ഈ സഹകരണസംഘങ്ങളിൽ ജീവനക്കാരുടെ നിയമവിരുദ്ധമായ നിയമനത്തിൽ സാമ്പത്തിക അഴിമതി നടന്നതായ ആരോപണങ്ങളെക്കുറിച്ചും എൻ.എം. വിജയന് വിവിധ സഹകരണബാങ്കുകളിൽ നിലവിലുള്ള വായ്പകളെക്കുറിച്ചും അന്വേഷിക്കാനാണ് ഉത്തരവ്. അന്വേഷണവുമായി ബന്ധപ്പെട്ട ചെലവ് എത്രയാണെന്നും ആരിൽനിന്ന് ഈടാക്കണമെന്നതും അന്വേഷണറിപ്പോർട്ടിൽ വ്യക്തമാക്കാൻ നിർദേശമുണ്ട്. ഈ മാസം 16-ന് ഇറക്കിയ ഉത്തരവുപ്രകാരം 30 ദിവസമാണ് അന്വേഷണ കാലാവധി.
നിയമനത്തട്ടിപ്പ് നടന്നതായ വിവരത്തെത്തുടർന്ന് കണ്ണൂർ ഡെപ്യൂട്ടി രജിസ്ട്രാർ (വിജിലൻസ്), എറണാകുളം ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം) എന്നിവരുടെ നേതൃത്വത്തിൽ പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിയമവിരുദ്ധമായി ജീവനക്കാരെ നിയമിച്ചതായി ബോധ്യപ്പെട്ടതായി റിപ്പോർട്ട് ചെയ്തിരുന്നു. ബത്തേരി സർവീസ് ബാങ്കിലും അർബൻ ബാങ്കിലുമായി 2016-നുശേഷം 80 തസ്തികകളിൽ നിയമനം നടന്നിട്ടുണ്ട്. അർബൻ ബാങ്കിൽ 2020-ൽ 41 തസ്തികകൾക്ക് അനുമതിക്ക് അപേക്ഷിച്ചെങ്കിലും അനുമതി നിഷേധിച്ചിട്ടുണ്ട്. 2022-ൽ ആറ്ു പുതിയ തസ്തികകൾ അനുവദിച്ചതോടെ ആകെ 91 തസ്തികകളായി. 1:4 അനുപാതം പാലിക്കാതെ ക്രമവിരുദ്ധമായി സ്ഥാനക്കയറ്റം നൽകിയതായും റിപ്പോർട്ടിലുണ്ട്.
എൻ.എം. വിജയന് അർബൻ ബാങ്കിൽ 63.72 ലക്ഷം രൂപയും ബത്തേരി സർവീസ് സഹകരണബാങ്കിൽ 29.49 ലക്ഷം രൂപയും മകന്റെ പേരിലുള്ള ജാമ്യത്തിൽ 11.26 ലക്ഷം രൂപയും വായ്പയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ബത്തേരി സർവീസ് സഹകരണബാങ്കിൽ എൻ.എം. വിജയന്റെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കുശേഷം വന്ന ഭരണസമിതി 2016-ൽ 22 തസ്തികകളിലേക്കും തുടർവർഷങ്ങളിൽ 13 തസ്തികകളിലേക്കുമായി ആകെ 35 നിയമനങ്ങൾ നടത്തിയിട്ടുണ്ട്. പൂതാടി, മടക്കിമല, ബത്തേരി കാർഷിക ഗ്രാമവികസനബാങ്ക് എന്നിവയിൽ 2016 കാലയളവ് മുതൽ വലിയതോതിൽ നിയമനങ്ങൾ നടന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ 8848801594 എന്ന നമ്പറിൽ വാട്സാപ്പ് മെസ്സേജായോ, [email protected] എന്ന ഇമെയിലിലേക്കോ അയക്കാം. ഇൻഫോർമറെ സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമായിരിക്കും.