പിണറായി സര്‍ക്കാരിന് കനത്ത തിരിച്ചടി; ഐഎഎസ് സ്ഥലംമാറ്റം കേഡര്‍ നിയമങ്ങള്‍ പാലിക്കണമെന്ന് കാറ്റ്; ബി. അശോകിന്റെ മാറ്റം റദ്ദാക്കി; എം.ആര്‍. അജിത് കുമാറിന്റെ എക്‌സൈസിലെ നിയമനവും അസാധു - Kerala Times    

പിണറായി സര്‍ക്കാരിന് കനത്ത തിരിച്ചടി; ഐഎഎസ് സ്ഥലംമാറ്റം കേഡര്‍ നിയമങ്ങള്‍ പാലിക്കണമെന്ന് കാറ്റ്; ബി. അശോകിന്റെ മാറ്റം റദ്ദാക്കി; എം.ആര്‍. അജിത് കുമാറിന്റെ എക്‌സൈസിലെ നിയമനവും അസാധു

March 6, 2026

കൊച്ചി> സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടികളില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. 2014-ലെ കേഡര്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ (സിഎടി) ഉത്തരവിട്ടു. ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന വിധി. ബി. അശോക് കുമാറിനെ മാറ്റിയതുള്‍പ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകള്‍ ട്രിബ്യൂണല്‍ റദ്ദാക്കി.

നിലവിലെ എക്‌സൈസ് കമ്മീഷണറായ എം.ആര്‍. അജിത് കുമാറിന്റെ നിയമനവും സിഎടി നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. എക്‌സൈസ് കമ്മീഷണര്‍ പദവി ഒരു ഐഎഎസ് കേഡര്‍ തസ്തികയാണെന്നും അവിടെ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും കോടതി നിരീക്ഷിച്ചു. തൃശൂര്‍ പൂരം കലക്കലും പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലുകളും സൃഷ്ടിച്ച വിവാദങ്ങളെത്തുടര്‍ന്നാണ് എഡിജിപി ആയിരുന്ന അജിത് കുമാറിനെ പോലീസ് ചുമതലകളില്‍ നിന്ന് മാറ്റി എക്‌സൈസില്‍ നിയമിച്ചത്. പുതിയ ഉത്തരവോടെ അദ്ദേഹത്തിന് എക്‌സൈസില്‍ തുടരാനാകില്ല. ഇത് അദ്ദേഹത്തിന് വീണ്ടും പോലീസ് സേനയിലേക്ക് തന്നെ മടങ്ങിവരാനുള്ള സാഹചര്യമൊരുക്കും.

ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളില്‍ കേഡര്‍ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സിഎടി വ്യക്തമാക്കി. കില (KILA), ഐഎംജി (IMG) ഡയറക്ടര്‍ സ്ഥാനങ്ങളും ഐഎഎസ് കേഡര്‍ തസ്തികകളാണെന്ന് ഉത്തരവില്‍ പറയുന്നു. സിവില്‍ സര്‍വീസസ് ബോര്‍ഡിന്റെ ശുപാര്‍ശയില്ലാതെയും കൃത്യമായ കാരണങ്ങള്‍ ബോധിപ്പിക്കാതെയും ഉദ്യോഗസ്ഥരെ പന്തുതട്ടുന്നത് ശരിയല്ല. ഉദ്യോഗസ്ഥര്‍ക്ക് ഒരു തസ്തികയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ കാലാവധി ഉറപ്പാക്കണമെന്ന സുപ്രീം കോടതി വിധി ട്രിബ്യൂണല്‍ ഓര്‍മ്മിപ്പിച്ചു.

ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കാനും അല്ലാത്തവരെ സ്ഥലംമാറ്റാനുമുള്ള സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഈ വിധി തടയിടും. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ ഭരണനിര്‍വഹണത്തെ ബാധിക്കരുതെന്ന സിഎടിയുടെ കര്‍ശന നിര്‍ദ്ദേശം ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ ആശ്വാസമാണ് നല്‍കുന്നത്. വരുംദിവസങ്ങളില്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ വലിയ അഴിച്ചുപണിക്ക് ഈ വിധി കാരണമായേക്കും.



Latest from Blog

error: Content is protected !!