GST; പഴംപൊരിക്ക് 18%, ഉണ്ണിയപ്പത്തിനും അടയ്ക്കും വടയ്ക്കുമൊക്കെ 5%,  ജി.എസ്.ടി വേര്‍തിരിവ്?

- Advertisement -spot_img

ബേക്കറികളില്‍ പഴം പൊരിക്ക് 18 ശതമാനം ജി.എസ്.ടി, ചായക്കടകളില്‍ എല്ലാ പലഹാരങ്ങള്‍ക്കും അഞ്ച് ശതമാനം ജി.എസ്.ടി. മലയാളികളുടെ പ്രിയപ്പെട്ട ഈ ചെറുകടികളുടെ നികുതി പ്രശ്‌നം ഇപ്പോള്‍ വലിയ ചര്‍ച്ചയാണ്. എന്താണ് ഉയര്‍ന്ന ജി.എസ്.ടിക്കു പിന്നിലെ കാരണമെന്നു നോക്കാം.

- Advertisement -

സ്വന്തമായി കിച്ചണുള്ള ചായക്കടകള്‍ ഉള്‍പ്പെടെയുള്ളവയെ സര്‍വീസ് വിഭാഗത്തിലാണ് ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് എല്ലാ ഉത്പന്നങ്ങള്‍ക്കും അഞ്ച് ശതമാനമാണ് ജി.എസ്.ടി. അതേസമയം, ബേക്കറികളിലെ ഉത്പന്നങ്ങള്‍ക്കനുസരിച്ച് വിവിധ നിരക്കാണ് ഈടാക്കുക. ഹാര്‍മണൈസ്ഡ് സിസ്റ്റം ഓഫ് നോമന്‍ക്ലേച്ചര്‍ അഥവാ എച്ച്.എസ്.എന്‍ എന്ന കോഡാണ് ഈ നിരക്ക് വ്യത്യാസത്തിനു പിന്നില്‍. ചേരുവകളും നിര്‍മാണവും കണക്കെലടുത്താണ് ഓരോ ഉത്പന്നത്തെയും ഈ കോഡില്‍ ഉള്‍പ്പെടുന്നത്.

- Advertisement -

ഉദാഹരണത്തിന് ഒരു ബേക്കറിയില്‍ പോയി ബ്രഡ് വാങ്ങിയെന്നു വിചാരിക്കുക. അതിന് ടാക്‌സില്ല, റസ്‌കിന് 5 ശതമാനമാണ്, കുക്കിയും കേക്കുമാണെങ്കില്‍ 18 ശതമാനമാകും, ചിപ്‌സാണെങ്കില്‍ 12 ശതമാനമാണ്. ബില്ലടിക്കുമ്പോള്‍ ഇതെല്ലാം പ്രത്യേകമായി ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്നുണ്ട്.

അപ്പോള്‍ പഴംപൊരിക്ക് എങ്ങനെ 18 ശതമാനമായി

കേരളത്തിലെ കാര്യമെടുത്താല്‍ ഒട്ടനവധി ഉത്പന്നങ്ങളുണ്ട്. ഇതിനെല്ലാം നിരക്ക് നിശ്ചയിക്കാനാകാത്തതിനാല്‍ ഒരേ വിഭാഗത്തില്‍ വരുന്ന ഉത്പന്നങ്ങളെ ഒരേ എച്ച്.എസ്.എന്‍ കോഡിലാക്കി ടാക്‌സ് നിശ്ചയിക്കും. അതായത് പാര്‍ട്‌സ് ഓഫ് ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് എന്ന വിഭാഗത്തില്‍ വരുന്ന ഉത്പന്നങ്ങള്‍ക്ക് ഒരു എച്ച്.എസ്.എന്‍ കോഡ് നിശ്ചയിക്കും. ഈ വിഭാഗത്തില്‍ വരുന്ന ഉത്പന്നങ്ങള്‍ക്ക് 12 ശതമാനമാണ് നികുതി. കായ് വറുത്തത്, കപ്പ ചിപ്‌സ്, ഉരുളക്കിഴങ്ങ് വറുത്തത്, ഫ്രൂട്ട് ജാം എന്നിവയൊക്കെ ഈ 12 ശതമാനത്തിലാണ് ഉള്‍പ്പെടുന്നത്.

എന്നാല്‍ കൃത്യമായി ഏത് കോഡില്‍ വരുമെന്ന് നിര്‍വചിച്ചിട്ടില്ലാത്ത ഉത്പന്നങ്ങള്‍ക്ക് 18 ശതമാനം നികുതി ഈടാക്കണമെന്നാണ് നിയമം. പഴം പൊരി ഫ്രൂട്‌സ് വിഭാഗത്തില്‍ വരുന്ന ഉത്പന്നമാണെങ്കിലും കൃത്യമായി പറയാത്തതാണ് ആശയക്കുഴപ്പത്തിന് കാരണം. ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി 12 ശതമാനം നികുതി വാങ്ങി അടച്ചാല്‍ പിന്നീടൊരിക്കല്‍ അസസ്‌മെന്റ് വരുമ്പോള്‍ ജി.എസ്.ടി വകുപ്പ് ഇത് 18 ശതമാനം നികുതി ഈടാക്കേണ്ട ഉത്പന്നമാണെന്ന് പറഞ്ഞാല്‍ ബേക്കറികള്‍ ഇതുവരെ നടത്തിയ വില്‍പ്പനയ്ക്ക് എല്ലാം 6 ശതമാനം നികുതി കൈയില്‍ നിന്ന് നല്‍കേണ്ടി വരും. അതുകൊണ്ട് കൂടിയ നികുതി ഉപയോക്താക്കളില്‍ നിന്ന് ഈടാക്കി അടയ്ക്കുകയാണ് ബേക്കറികള്‍ ചെയ്യുന്നത്. അട, കൊഴുക്കട്ട തുടങ്ങിയ പല പലഹാരങ്ങള്‍ക്കും ഈ പ്രശ്‌നമുണ്ട്. അതേ സമയം ഉണ്ണിയപ്പത്തിനെ മധുര പലഹാര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ 5 ശതമാനം മതി. ലഡു, ജിലേബി, ഹല്‍വ എന്നിവയൊക്കെ ഇതില്‍പെടും. എന്നാല്‍ ഫ്രൂട്‌സ് കൊണ്ടുള്ള ഹല്‍വയാണെങ്കില്‍ ഏതു വിഭാഗത്തില്‍ വരുമെന്നതും ആശയക്കുഴപ്പമുണ്ട്.

ഒറ്റ നികുതി മതി

ജി.എസ്.ടി അവതരിപ്പിച്ച് ഏഴു വര്‍ഷം കഴിഞ്ഞിട്ടും ഇത്തരം ആശയക്കുഴപ്പം മാറ്റാനാകാത്തത് ബേക്കറികളെ വലയ്ക്കുന്നുണ്ടെന്ന് ബേക്കേഴ്‌സ് അസോസിയേഷന്‍ കേരള (BAKE) ജനറല്‍ സെക്രട്ടറി ബിജു പ്രേം ശങ്കര്‍ ധനം ഓണ്‍ലൈനിനോട് പറഞ്ഞു. ക്ലാരിഫിക്കേഷന്‍ ചോദിച്ചാല്‍ കിട്ടുന്ന സംവിധാനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. മാസങ്ങള്‍ക്ക് മുമ്പ് അപേക്ഷ നല്‍കിയെങ്കിലും ഹിയറിംഗ് നടക്കുന്നില്ല. ആദ്യം കുറെ ഉത്പന്നങ്ങള്‍ക്ക് ക്ലാരിഫിക്കേഷന്‍ ലഭിച്ചെങ്കിലും രണ്ടാമത് നല്‍കിയ അപേക്ഷകള്‍ക്ക് 10 മാസം കഴിഞ്ഞിട്ടും ക്ലാരിഫിക്കേഷന്‍ കിട്ടിയിട്ടില്ല. ക്ലാരിഫിക്കേഷന്‍ കിട്ടാത്തതു കൊണ്ടു മാത്രം പല ഉത്പന്നങ്ങള്‍ക്കും അധിക നികുതി ജനങ്ങളില്‍ നിന്ന് ഈടാക്കേണ്ടി വരുന്ന സാഹചര്യമാണെന്നും അദ്ദേഹം പറയുന്നു.

ജി.എസ്.ടി നടപ്പാക്കിയതിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യം ആശയക്കുഴപ്പം ഒഴിവാക്കി രാജ്യത്ത് മൊത്തം ഒറ്റ നികുതി നടപ്പാക്കുകയായിരുന്നു. ഭക്ഷണ സാധനങ്ങള്‍ക്കെല്ലാം ഒറ്റ നികുതി നടപ്പാക്കി ആശയക്കുഴപ്പം പരിഹരിക്കണമെന്നാണ് ബേക്കറി അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. നാടന്‍ പലഹാരങ്ങള്‍ ഇപ്പോള്‍ കൂടുതലും വില്‍ക്കുന്നത് ബേക്കറികള്‍ വഴിയാണ്. 24 മണിക്കൂറിൽ താഴെ മാത്രം ഷെല്‍ഫ് ലൈഫ് ഉള്ള ഇത്തരം ലഘുഭക്ഷണങ്ങളില്‍ വില്‍ക്കപ്പെടാത്തവ നിരസിക്കപ്പെട്ടാല്‍ ഇന്‍പുട്ട് ക്ലെയിമുകള്‍ നിഷേധിക്കപ്പെടുകയും ബേക്കറികള്‍ക്ക് സാമ്പത്തിക നഷ്ടം സംഭവിക്കകുയും ചെയ്യും.

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img