വിശ്വദീപ്തി സൊസൈറ്റിയുടെ പേരിൽ തട്ടിപ്പ് : മാനേജർ ജീവലതയെ പോലീസ് അറസ്റ്റ് ചെയ്തു - Kerala Times    

വിശ്വദീപ്തി സൊസൈറ്റിയുടെ പേരിൽ തട്ടിപ്പ് : മാനേജർ ജീവലതയെ പോലീസ് അറസ്റ്റ് ചെയ്തു

April 10, 2025
Jeevalatha Viswadeepthi Agri MSCS

തൃശ്ശൂർ> ഇരിങ്ങാലക്കുട ചന്തക്കുന്നിൽ പ്രവർത്തിക്കുന്ന വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ്  അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ പലിശ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വല്ലച്ചിറ സ്വദേശിയിൽ നിന്ന് 13,50,000 രൂപയും, തലോർ സ്വദേശിയിൽ നിന്ന് 1,00,000 രൂപയും, കോണത്തുകുന്ന് സ്വദേശിയിൽ നിന്ന് 15,00,000 രൂപയും, ഇരിങ്ങാലക്കുട സ്വദേശിയിൽ നിന്ന് 5,50,000 രൂപയും ഫിക്സഡ് ഡെപ്പോസിറ്റ് ആയി വാങ്ങിയതിനു ശേഷം പലിശ നൽകാതെയും നിക്ഷേപിച്ച പണം തിരികെ നൽകാതെയും തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതികളിൽ ഒരാളും സ്ഥാപനത്തിൻ്റ മാനേജരുമായ മുട്ടിത്തടി സ്വദേശിനി അറക്കൽ വീട്ടിൽ ജീവലതയെ (39) ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. 

വല്ലച്ചിറ സ്വദേശിയുടെ പരാതിയിൽ ഫെബ്രുവരി 14നും, തലോർ സ്വദേശിയുടെ പരാതിയിൽ മാർച്ച് 8നും, കോണത്തുകുന്ന് സ്വദേശിയുടെ പരാതിയിൽ മാർച്ച് 18നും, ഇരിങ്ങാലക്കുട സ്വദേശിയുടെ പരാതിയിൽ മാർച്ച് 20നും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. ഈ 4 കേസുകളിലും അന്വേഷണം നടത്തി വരുന്നതിനിടെ ജീവലതയെ മുട്ടിത്തടിയിലുള്ള വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു വന്ന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ ജീവലതയെ റിമാന്റ് ചെയ്തു.  

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ എം എസ് ഷാജൻ, സബ്ബ് ഇൻസ്പെക്ടർമാരായ സി എം ക്ലീറ്റസ്, പ്രസന്നകുമാർ, എ.എസ്.ഐ.മാരായ സുനിത, ഷാബു, സി.പി.ഒ.മാരായ സിജു, ജോവിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ 8848801594 എന്ന നമ്പറിൽ വാട്സാപ്പ് മെസ്സേജായോ, [email protected] എന്ന ഇമെയിലിലേക്കോ അയക്കാം. ഇൻഫോർമറെ സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമായിരിക്കും.

Latest from Blog

error: Content is protected !!