അതിസാധാരണക്കാരുടെ ഇന്‍ഷുറന്‍സ് പോളിസികൾക്കും 18% GST; കണ്ണ് തുറക്കുമോ കേന്ദ്രം?

- Advertisement -spot_img

സര്‍ക്കാരുകള്‍ നികുതി പിരിക്കുന്നത് രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടിയാണ്. എന്നാല്‍ ഇതു സമൂഹത്തിന്റെ താഴെ തട്ടില്‍ നിന്നുളള ആളുകളില്‍ നിന്നാവുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ച നടപടിയല്ല. ഇത്തരത്തില്‍ സമൂഹത്തിലെ അതിസാധാരണക്കാരില്‍ നിന്ന് ജി.എസ്.ടി ഈടാക്കുന്ന മേഖലയായി മാറിയിരിക്കുകയാണ് ഇന്‍ഷുറന്‍സ്.റൂറല്‍ ഇന്‍ഷുറന്‍സ്, മൈക്രോ ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, ടേം ലൈഫ് ഇന്‍ഷുറന്‍സ്, വീട് ഇന്‍ഷുറന്‍സ് തുടങ്ങി അതിസാധാരണക്കാര്‍ എടുക്കുന്ന പോളിസികളില്‍ നിന്ന് 18 ശതമാനം ജി.എസ്.ടി യാണ് ഈടാക്കുന്നത്. ഗ്രാമീണ മേഖലയില്‍ തൊഴില്‍ എടുക്കുന്ന ആളുകള്‍, പശുവിനെ വളര്‍ത്തുന്നവര്‍, കൃഷി ജോലി ചെയ്യുന്ന ആളുകള്‍, ചെറുകിട കച്ചവടക്കാര്‍, കുടുംബശ്രീ പോലുളള കൂട്ടായ്മകളിലുളള സ്ത്രീകള്‍ തുടങ്ങിയ വിഭാഗത്തിലുളളവരാണ് ഇത്തരം ഇന്‍ഷുറന്‍സുകള്‍ എടുക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ ബുദ്ധിമുട്ടുന്നവരാണ് ഇവര്‍.

- Advertisement -

യുക്തിഹീനത

- Advertisement -

ഇത്തരം പോളിസികളില്‍ നിന്ന് 18 ശതമാനം നികുതി പിരിച്ച് അതേ തുക അവര്‍ക്ക് വേണ്ടി ചെലവാക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുളളത്. ഇവരില്‍ നികുതി ഭാരം പരമാവധി അടിച്ചേല്‍പ്പിക്കാതെ മധ്യവര്‍ഗത്തില്‍ നിന്നോ ഉയര്‍ന്ന വരുമാനത്തിലുളള വിഭാഗത്തില്‍ നിന്നോ നികുതി പിരിച്ച് സാമ്പത്തിക സന്തുലിതാവസ്ഥ കണ്ടെത്തുന്നതില്‍ എന്തുകൊണ്ട് അധികൃതര്‍ ഉദാസീനരാകുന്നുവെന്നാണ് വിദഗ്ധര്‍ ആരായുന്നത്. കേന്ദ്രബജറ്റ് ഫെബ്രുവരി 1 ന് അവതരിപ്പിക്കാനുളള ഒരുക്കത്തിലാണ് ഇന്ത്യാ ഗവണ്‍മെന്റ്. ഇടപെടല്‍ തീര്‍ച്ചയായും വേണ്ട ഈ മേഖലയില്‍ നിന്ന് അധികൃതര്‍ കണ്ണെടുക്കുന്നത് മനുഷ്യത്വരഹിതമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

500 രൂപ, 1,000 രൂപ, 2,000 രൂപ എന്നിങ്ങനെ വളരെ കുറഞ്ഞ പ്രീമിയം വരുന്ന ചെറിയ പോളിസികളാണ് ഇവരില്‍ ഭൂരിഭാഗവും എടുക്കുന്നത്. ഇതില്‍ 18 ശതമാനം നികുതി അടയ്ക്കേണ്ടി വരുന്നത് അതിസാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയൊരു തുകയാണ്. എന്നാല്‍ സര്‍ക്കാരിന് ഇതില്‍ അത്ര വലിയൊരു നേട്ടമുണ്ട് എന്ന് കാണാനും കഴിയില്ല. സാധാരണക്കാരില്‍ സാധാരണക്കാരന്റെ പക്കല്‍ നിന്ന് നികുതി പിരിച്ച് അവര്‍ക്കു വേണ്ടി തന്നെ ചെലവാക്കുന്നതിലെ യുക്തിഹീനത സര്‍ക്കാര്‍ ഇനിയും മനസിലാകാത്തത് എന്തുകൊണ്ടെന്ന വാദവും ഉയരുന്നു.ഇവര്‍ക്ക് പോളിസി സര്‍ക്കാരുകള്‍ സൗജന്യമായി കൊടുക്കുകയോ സബ്സിഡി നിരക്കില്‍ കൊടുക്കുകയോ ആണ് വേണ്ടതെന്ന് ഇന്‍ഷുറന്‍സ് വിദഗ്ധനും എയിംസ് ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറുമായ വിശ്വനാഥന്‍ ഒഡാട്ട് പറയുന്നു. എന്നാല്‍ ഇതു രണ്ടും ചെയ്യുന്നില്ലെന്ന് മാത്രമല്ല അടയ്ക്കേണ്ട പ്രീമിയത്തില്‍ ഇവര്‍ 18 ശതമാനം ജി.എസ്.ടി നല്‍കേണ്ടിയും വരുന്നു.

ആരോഗ്യമേഖല

ആരോഗ്യമേഖലയ്ക്ക് വേണ്ടി വിവിധ സര്‍ക്കാരുകള്‍ ധാരാളം പൈസയാണ് ചെലവാക്കുന്നത്. ചികിത്സാ ചെലവ് എല്ലാ മനുഷ്യര്‍ക്കും ഒരു പോലെയാണ്. സമൂഹത്തിലെ ആളുകളുടെ വരുമാനത്തിന് അനുസരിച്ചായിരിക്കില്ല ചികിത്സാ ചെലവ്. വലിയ ആശുപത്രികളില്‍ ചെല്ലുമ്പോള്‍ ചികിത്സാ ചെലവ് താരതമ്യേന കൂടുതലും ആയിരിക്കും. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ആവശ്യകത ഈ സാഹചര്യത്തിലാണ് ഉയരുന്നത്. ഇവിടെയും 18 ശതമാനം ജി.എസ്.ടി യായി കൂടുതല്‍ അടയ്ക്കേണ്ടി വരിക എന്നത് ഇവര്‍ക്ക് വലിയൊരു ബാധ്യതയാണ്. ആരോഗ്യ ഇന്‍ഷുറന്‍സില്‍ സാധാരണക്കാര്‍ അടയ്ക്കുന്ന പ്രീമിയത്തില്‍ ഇളവ് നല്‍കേണ്ട ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.മരണ ആനുകൂല്യമായി ലഭിക്കുന്ന ടേം ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ പല കമ്പനികളും വില്‍ക്കുന്നില്ല എന്ന പരാതികളും ഉയരുന്നുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ അത്ര തന്നെ പ്രാധാന്യം ടേം ഇന്‍ഷുറന്‍സിനും നല്‍കേണ്ടതുണ്ട്. ടേം ഇന്‍ഷുറന്‍സില്‍ ഇളവ് കൊടുക്കുകയോ അല്ലെങ്കില്‍ സാധാരണക്കാര്‍ക്കായി ഇത്തരം ഒരു പോളിസി സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നടപ്പാക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്. ആരോഗ്യ ഇന്‍ഷുറന്‍സും ടേം ഇന്‍ഷുറന്‍സും സൗജന്യമായി കൊടുക്കാന്‍ പറ്റിയില്ലെങ്കിലും ചുരുങ്ങിയ ചെലവില്‍ കൊടുക്കാന്‍ സാധിച്ചാല്‍ രാജ്യത്ത് നല്ലൊരു ശതമാനം ആളുകളിലേക്കും ഇന്‍ഷുറന്‍സ് പരിരക്ഷ എത്തും.

2047 ഓടെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണമെന്നാണ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ) ലക്ഷ്യമിടുന്നത്. നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ഉളളത് ഉയര്‍ന്ന വരുമാനക്കാര്‍ അല്ല. സാധാരണക്കാരായ ആളുകളാണ് നമ്മുടെ ഇടയില്‍ കൂടുതലായും ഉളളത്. സാധാരണക്കാരിലേക്ക് പോളിസികള്‍ കൂടുതലായി എത്തണമെങ്കില്‍ അവര്‍ക്ക് താങ്ങാവുന്ന ഇന്‍ഷുറന്‍സ് ആയിരിക്കണം നല്‍കേണ്ടത്. 100 രൂപ അടയ്ക്കേണ്ട സ്ഥാനത്ത് 118 രൂപ അടയ്ക്കേണ്ട അവസ്ഥ വന്നാല്‍ പലരും അതില്‍ നിന്ന് പിന്മാറും. എന്നാല്‍ 18 ശതമാനം ഇളവ് ലഭിക്കുകയാണെങ്കില്‍ അവര്‍ക്ക് അതിനോട് താല്‍പ്പര്യം ഉണ്ടാകാം.സരള്‍ ബീമാ യോജന എന്ന 25 ലക്ഷം രൂപ വരെയുളള ടേം ഇന്‍ഷുറന്‍സ് എല്ലാ കമ്പനികളും കൊടുക്കണമെന്നാണ് ഐ.ആര്‍.ഡി.എ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ കോവിഡിന് ശേഷം പല ഇന്‍ഷുറന്‍സ് കമ്പനികളും ഇപ്പോള്‍ ഈ പോളിസി കൊടുക്കാന്‍ തയാറാകുന്നില്ല. ആദായനികുതി അടയ്ക്കാത്ത ശമ്പള രേഖയില്ലാത്ത അതിസാധാരണക്കാര്‍ക്ക് ഈ പോളിസി കിട്ടുന്നില്ലെന്നും പലരും പരാതിപ്പെടുന്നു.

സബ്സിഡി

സര്‍ക്കാരുകള്‍ക്ക് ചെറിയ രീതിയില്‍ സബ്സിഡി കൊടുക്കാന്‍ സാധിച്ചാല്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന അഭിപ്രായവും ഉയരുന്നു. പ്രീമിയത്തിന്റെ ഒരു ഭാഗം ഉപയോക്താവ് അടയ്ക്കുകയും ഒരു ഭാഗം സര്‍ക്കാര്‍ അടയ്ക്കുകയും ചെയ്താല്‍ ജനകീയ പങ്കാളിത്തത്തോട് കൂടി ഇവ നടപ്പാക്കാന്‍ സാധിച്ചു എന്ന നേട്ടവും സ്വന്തമാക്കാന്‍ സാധിക്കും. ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി ഇത്തരം പദ്ധതികള്‍ വിജയിപ്പിക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ പറയുന്നു.കുടുംബശ്രീ പോലുളള കൂട്ടായ്മകള്‍ വഴിയോ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വഴിയോ 50,000 രൂപയില്‍ താഴെ എടുക്കുന്ന ലോണുകളെയാണ് മൈക്രോ ലോണുകള്‍ എന്നു പറയുന്നത്. സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുളള ആളുകളാണ് ഇത്തരം വായ്പകള്‍ എടുക്കുന്നത്. ഇത്തരം വായ്പകള്‍ക്കുളള ലോണ്‍ പ്രൊട്ടക്ടര്‍ എന്ന നിലയില്‍ ഇന്‍ഷുറന്‍സ് എടുക്കുന്നവരും ഉണ്ട്. ഒരു മരണമോ അപകടമോ സംഭവിച്ച് അവര്‍ക്ക് വായ്പ തിരിച്ച് അടയ്ക്കാന്‍ പറ്റാത്ത അവസ്ഥ വന്നാല്‍ ഇത്തരം ഇന്‍ഷുറന്‍സ് പരിരക്ഷ സഹായകരമാണ്. ഏറ്റവും സാധാരണക്കാരില്‍ സാധാരണക്കാരാണ് മൈക്രോ ഫിനാന്‍സ്, മൈക്രോ ഇന്‍ഷുറന്‍സ് പോലുളളവ എടുക്കുന്നത്. ഇങ്ങനെയുളള ഇന്‍ഷുറന്‍സിന് നിര്‍ബന്ധമായും ജി.എസ്.ടി ഒഴിവാക്കേണ്ടതുണ്ട്. കുടംബശ്രീ പോലുളള കൂട്ടായ്മകളില്‍ നിന്ന് 10,000 രൂപ, 20,000 രൂപ എന്ന നിരക്കില്‍ പരമാവധി 50,000 രൂപ വരെ വായ്പ എടുക്കുന്നവരാണ് ഇവര്‍. ഇവരെ എന്തിന് ജി.എസ്.ടി യില്‍ ഉള്‍പ്പെടുത്തുന്നു എന്നതാണ് ചോദ്യം. സര്‍ക്കാരിനുളള വരുമാനം കുറയുമോ എന്നാണ് സര്‍ക്കാര്‍ ചിന്തിക്കുന്നത്. നികുതി പിരിച്ച് ക്ഷേമവും വികസനവും നടപ്പാക്കുന്നത് പ്രധാനമായും സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ആളുകള്‍ക്ക് വേണ്ടിയാണ്. എന്നാല്‍ അവരുടെ കയ്യില്‍ നിന്ന് പൈസ വാങ്ങി അവര്‍ക്ക് വേണ്ടി തന്നെ ചെലവാക്കുക എന്നതില്‍ എന്ത് യുക്തിയാണ് ഉളളതെന്ന് വിശ്വനാഥന്‍ ഒഡാട്ട് ചോദിക്കുന്നു.

റൂറല്‍ ഇന്‍ഷുറസ്

കന്നുകാലി ഇന്‍ഷുറന്‍സ്, കൃഷി ഇന്‍ഷുറന്‍സ്, ബ്രോയിലര്‍-മത്സ്യ ഫാമിംഗ് ഇന്‍ഷുറന്‍സ് പോലുളളവയാണ് പ്രധാനമായും റൂറല്‍ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുന്നത്. കര്‍ഷകരുമായി ബന്ധപ്പെട്ട ഇത്തരം ഇന്‍ഷുറന്‍സ് പല കമ്പനിക്കാരും ഇപ്പോള്‍ നല്‍കുന്നില്ല. 100 രൂപ, 200 രൂപ എന്നിങ്ങനെ ചെറിയ തുകകളാണ് ഇത്തരം ഇന്‍ഷുറന്‍സുകളില്‍ കിട്ടുക. ബള്‍ക്ക് പ്രീമിയം ഉണ്ടാകില്ല. ഇന്‍ഷുറന്‍സ് ക്ലയിം ചെയ്താല്‍ ചിലപ്പോള്‍ എതിരായും വരാം. ബ്രോയിലര്‍ ഫാമില്‍ ഒരു പക്ഷിക്ക് എന്തെങ്കിലും അസുഖം വന്നാല്‍ എല്ലാം കൂടി ഒരുമിച്ച് ചാവുന്ന അവസ്ഥയുണ്ടാകും. ചിലപ്പോള്‍ എന്തെങ്കിലുമൊക്കെ ചെറിയ കാരണങ്ങള്‍ ക്ലയിം നല്‍കാതിരിക്കാന്‍ ഉണ്ടാകാം. തുടര്‍ന്ന് ഉപഭോക്തൃ കോടതിയിലോ ഓംബുഡ്സ്മാനിലോ വ്യവഹാരത്തിന് പോയി ഉപയോക്താവിന് അനുകൂലമായി വിധിയുണ്ടായ ശേഷമാണ് ഇന്‍ഷുറന്‍സ് തുക ലഭിക്കുക. ലാഭം മാത്രമായിരിക്കുന്നു ഇന്‍ഷുറന്‍സ് കമ്പനികളുടെ ലക്ഷ്യമെന്നും പലരും ആരോപിക്കുന്നു.

വീട് ഇന്‍ഷുറന്‍സ്

വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ 5 ശതമാനം വീടുകള്‍ മാത്രമാണ് ഇന്‍ഷുര്‍ ചെയ്തിരുന്നത്. എന്നാല്‍ ഒരു ലക്ഷത്തിന് 15 രൂപയാണ് വര്‍ഷവും ഒരു വീട് ഇന്‍ഷുര്‍ ചെയ്യാന്‍ വേണ്ടി വരുന്ന ചെലവ്. 10 ലക്ഷം രൂപയ്ക്ക് ഇന്‍ഷുര്‍ ചെയ്താല്‍ 150 രൂപയാണ് പ്രീമിയം ആകുക. തീപിടുത്തം, മണ്ണിടിച്ചില്‍, മലയിടിച്ചില്‍, ഭൂമികിലുക്കം, മൃഗങ്ങളുടെ അക്രമം, മനുഷ്യരുടെ ആക്രമണം തുടങ്ങി 20 ഓളം അപകട സാധ്യതകളാണ് പോളിസിയില്‍ കവര്‍ ചെയ്യുന്നത്. പലര്‍ക്കും ഇത് എടുക്കാന്‍ കഴിവില്ലാഞ്ഞിട്ടില്ല, മറിച്ച് ഇതിനെക്കുറിച്ച് അറിവില്ല എന്നതാണ് കാര്യം. എന്തുകൊണ്ട് ഗവണ്‍മെന്റ് ഈ കാര്യം പ്രമോട്ട് ചെയ്യുന്നില്ലെന്നും വിദഗ്ധര്‍ ആരായുന്നു. 15 രൂപ അടയ്ക്കേണ്ടതില്‍ 10 രൂപ വീട്ടുടമസ്ഥന്‍ നല്‍കിയാല്‍ മതി, 5 രൂപ ഗവണ്‍മെന്റ് കൊടുക്കാം എന്ന സാഹചര്യം ഉണ്ടായാല്‍ നല്ലൊരു ശതമാനം ആളുകളും ഇന്‍ഷുര്‍ ചെയ്യാന്‍ സന്നദ്ധരാകും. ഈ 15 രൂപ പ്രീമിയത്തിലും 18 ശതമാനം ജി.എസ്.ടി ഉണ്ട് എന്നതാണ് മറ്റൊരു വിരോധാഭാസം.അമേരിക്ക പോലുളള എല്ലാ വികസിത രാജ്യങ്ങളിലും സര്‍ക്കാരുകളാണ് ജനങ്ങള്‍ക്ക് വേണ്ട ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ടേം ഇന്‍ഷുറസ് തുടങ്ങിയ പല കാര്യങ്ങളും നല്‍കുന്നത്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇവ നല്‍കുന്നില്ല എന്നു മാത്രമല്ല 18 ശതമാനം നികുതി ഈടാക്കുക കൂടി ചെയ്യുന്നു. ഇത് ശരിയായ സമീപനമല്ല.ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ പാര്‍പ്പിടം, സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ ജി.എസ്.ടി ഈടാക്കുന്നത് തീര്‍ച്ചയായും പനഃചിന്തനത്തിന് വിധേയമാക്കേണ്ടതാണ്. മറിച്ച് ഇവയില്‍ ഇളവ് നല്‍കുകയാണ് വേണ്ടതെന്നും വിദഗ്ധര്‍ പറയുന്നു. കേന്ദ്രബജറ്റ് പ്രഖ്യാപിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. ഇത്തവണയെങ്കിലും അവശ്യം ശ്രദ്ധ പുലരേണ്ട ഈ മേഖലകളില്‍ ഗവണ്‍മെന്റിന്റെ കണ്ണ് പതിയുമോയെന്ന് കണ്ടറിയേണ്ടതുണ്ട്.

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img