ദില്ലി> ഔദ്യോഗിക ലോഗോയും ഡിഐഎൻ നമ്പറും സഹിതം നൽകുന്ന വ്യാജ ജിഎസ്ടി ലംഘന നോട്ടീസുകൾക്കെതിരെ കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോർഡ് (സിബിഐസി) നികുതിദായകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കേന്ദ്രധനമന്ത്രാലയം അറിയിച്ചു.
ചില തട്ടിപ്പുകാർ നികുതിദായകർക്ക് വ്യാജ നോട്ടീസുകൾ അയയ്ക്കുന്നുണ്ടെന്ന് CBIC സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരക്കാരെ സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസിന്റെ (DGGI) അന്വേഷണം നടത്തിവരികയാണ്.
തട്ടിപ്പുകാർ വകുപ്പിന്റെ ലോഗോയും DIN നമ്പറും ഉപയോഗിച്ച് യഥാർത്ഥ നോട്ടീസിനോട് വളരെയധികം സാമ്യമുള്ള തരത്തിലാണ് വ്യാജ നോട്ടീസുകൾ അയക്കുന്നത്. വ്യാജൻമാരെ പെട്ടെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടായതിനൽ ഇത്തരത്തിലുള്ള നോട്ടീസുകൾക്കെതിരെ കടുത്ത ജാഗ്രത വേണമെന്നും ജി എസ് റ്റി വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
എന്താണ് DIN നമ്പർ ?
GST പ്രകാരമുള്ള ഡോക്യുമെന്റ് വെരിഫിക്കേഷൻ നമ്പർ (DIN) എന്നത് നികുതി ഉദ്യോഗസ്ഥർ രജിസ്റ്റർ ചെയ്ത നികുതിദായകർക്ക് അയയ്ക്കുന്ന എല്ലാ ആശയവിനിമയങ്ങളും സുരക്ഷിതമാക്കുന്നതിനായുള്ള 20 അക്ക നമ്പറാണ്. നികുതി നോട്ടീസുകളുടെ ആധികാരികതയും ഉത്തരവാദിത്തവും പരിശോധിക്കുന്നതിനും വ്യാജൻമാരെ തടയുന്നതിനും ഈ നമ്പർ പ്രധാനമാണ്.
യഥാർത്ഥ നികുതി ലംഘന നോട്ടീസ് എങ്ങനെ പരിശോധിക്കാം?
CBIC വെബ്‌സൈറ്റിലെ ‘VERIFY CBIC-DIN’ വിൻഡോ ഉപയോഗിച്ച്, CBIC ഓഫീസർ നൽകുന്ന നിയമലംഘന നോട്ടീസുകൾ ഉൾപ്പെടെയുള്ള ഏതൊരു ആശയവിനിമയത്തിന്റെയും ആധികാരികത നികുതിദായകർക്ക് പരിശോധിക്കാൻ കഴിയും. അതിനായി ചെയ്യേണ്ടത്.
- വെബ്‌സൈറ്റിൽ DIN നമ്പറും കാപ്‌ച കോഡും നൽകുക.
- ‘Submit’ എന്നതിൽ ക്ലിക്ക് ചെയ്ത്, വെബ്‌സൈറ്റ് നോട്ടീസിന്റെ വിശദാംശങ്ങൾ സ്ഥിരീകരിക്കുക.
വ്യാജ ജിഎസ്ടി ലംഘന നോട്ടീസ് ലഭിച്ചാൽ എന്തുചെയ്യണം?
ഡിഐഎൻ വിശദാംശങ്ങൾ പരിശോധിച്ച ശേഷം, ഏതെങ്കിലും വ്യക്തിയോ നികുതിദായകനോ ഏതെങ്കിലും നോട്ടീസ്, സമൻസ് അല്ലെങ്കിൽ ഓർഡർ വ്യാജമാണെന്ന് കണ്ടെത്തിയാൽ, അവർ അത് ഉടൻ തന്നെ ബന്ധപ്പെട്ട ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. വ്യാജ നോട്ടീസുകൾ നൽകുന്ന തട്ടിപ്പുകാർക്കെതിരെ നടപടിയെടുക്കാൻ ഇതുവഴി ഡിജിജിഐക്കും സിജിഎസ്ടിക്കും സാധിക്കും.