കേരളത്തില്‍ മനുഷ്യ- വന്യജീവി സംഘര്‍ഷം ഭീതിജനകമായ രീതിയില്‍ വര്‍ധിച്ചു വരികയാണ്. കാട്ടാനയുടെയും കടുവയുടെയും ആക്രമണം മൂലം ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചും വരുന്നു. വനമേഖലയോടു ചേര്‍ന്ന പ്രദേശങ്ങളിലെ ജനങ്ങൾ കഴിയുന്നത് കനത്ത ഭീതിയിലാണ്. കടുവയുടെ ആക്രമണത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ വയനാട്ടില്‍ മാത്രം എട്ടുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 2025 ല്‍ ഇതിനകം രണ്ടുപേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. എറണാകുളം ഇടുക്കി ജില്ലകളിൽ കാട്ടാന ആക്രമണങ്ങളിൽ നിരവധി ജീവനുകൾ നഷ്ടപ്പെട്ടു. കോവിഡിനുശേഷം വന്യജീവി ആക്രമണം വര്‍ധിച്ചു വരികയാണ്. ഇവ മനുഷ്യ ജീവനും വളര്‍ത്തു മൃഗങ്ങള്‍ക്കും കൃഷിക്കുമുണ്ടാക്കുന്ന നഷ്ടം വലുതാണ്. ഇതിനിയും ആവര്‍ത്തിക്കാനും വര്‍ധിക്കാനും ഇട വരുത്തരുത്. വന്യജീവി ആക്രമണം തടയാനുള്ള സുസ്ഥിര നടപടികള്‍ സ്വീകരിക്കാന്‍ ഇനിയും വൈകരുത്.
എസി മുറിയിലിരുന്നു പരിഹരിക്കേണ്ട പ്രശ്‌നമല്ലിത്
ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ അടുത്തകാലത്തായി മനുഷ്യ- വന്യജീവി സംഘര്‍ഷം വര്‍ധിച്ചു വരികയാണ്. വനപ്രദേശങ്ങളോടു ചേര്‍ന്ന പ്രദേശങ്ങളിലാണ് ഇതു വളരെ കൂടുതലായി കണ്ടുവരുന്നത്. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശം ഏറെ പ്രസക്തമാണ്. എസി മുറിയിലിരുന്നു പരിഹരിക്കേണ്ട പ്രശ്‌നമല്ലിത്. പ്രായോഗിക തലത്തില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കി സത്വര പരിഹാരം കാണേണ്ടതുണ്ട്.
മലയോര ജില്ലകളിലെ പ്രശ്നങ്ങൾ
വയനാട്, എറണാകുളം, ഇടുക്കി ജില്ലകളിലെ പ്രശ്‌നങ്ങള്‍ അതിസങ്കീര്‍ണമാണ്. വയനാട്ടിൽ കാപ്പിത്തോട്ടത്തില്‍ കൃഷിപണിക്കു പോയ 45 കാരി രാധ കടുവയുടെ ആക്രമണം മൂലം അതിദാരുണമായി കൊല്ലപ്പെട്ട സംഭവം മനസില്‍നിന്നു മായുന്നില്ല. കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും കൃഷിയിടത്തില്‍ ജോലി ചെയ്യാനോ വിളവെടുക്കാനോ സാധിക്കുന്നില്ല. ഇടുക്കിയിലും എറണാകുളം ജില്ലയിലും വനമേഖലയോടു ചേര്‍ന്ന മറ്റു പ്രദേശങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. കാട്ടാന ആക്രമണങ്ങളും മരണങ്ങളും തുടർക്കഥയാണ്. ഈ ജില്ലകളില്‍ കാട്ടാനയുടെയും കടുവയുടെയും പുള്ളിപ്പുലിയുടെയും ആക്രമണം വര്‍ധിച്ചു വരുമ്പോള്‍ മറ്റു മേഖലകളില്‍ മയിലും കുരങ്ങുകളും കാട്ടുപന്നികളും കരടിയും കൃഷിക്കുണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല. ഇവ കര്‍ഷകന്റെ നിലനില്‍പ്പു തന്നെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
കുരങ്ങുകളുടെ എണ്ണത്തില്‍ ഭീമമായ വര്‍ധനവാണ് വയനാട് മേഖലയില്‍ ഉണ്ടായിരിക്കുന്നത്. ഇവ കരിക്ക് തിന്നു തീര്‍ക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് നാളികേരം ലഭിക്കുന്നില്ല. പാകമാകും മുമ്പ് കരിക്കുകളിലെ വെള്ളമൂറ്റികുടിച്ച് കുരങ്ങുകള്‍ മുഴുവന്‍ നശിപ്പിക്കുകയാണ്. വാഴ, പച്ചക്കറികൃഷിയിലും ഇതു തന്നെയാണു സ്ഥിതി. കുരങ്ങുകളും മയിലും വിളകളെയും പഴവര്‍ഗങ്ങളെയും നശിപ്പിക്കുന്നു. ഈ സാഹചര്യം വിലയിരുത്തി വന്യമൃഗ- മനുഷ്യസംഘര്‍ഷത്തെ നിയന്ത്രിക്കാന്‍ സുസ്ഥിര നടപടികള്‍ സ്വീകരിക്കണം. വന്യമൃഗങ്ങളുടെ ജനവാസ മേഖലയിലേക്കുള്ള വരവു നിയന്ത്രിക്കാനും അവയുടെ ആവാസ വ്യവസ്ഥയില്‍ തന്നെ അവയെ നിലനിര്‍ത്താനുമുള്ള സത്വര നടപടികളാണാവശ്യം. വന്യമൃഗങ്ങള്‍ക്ക് പരിരക്ഷ ഒരുക്കുന്നത് മനുഷ്യ ജീവന് ഭീഷണി സൃഷ്ടിച്ചുകൊണ്ടാവരുത്. ഇതിനാവശ്യമായ നയരൂപീകരണത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് തീരുമാനമെടുക്കണം. നിലവിലെ നിയമങ്ങൾ മനുഷ്യ ജീവനുകൾ സംരക്ഷിക്കുന്ന തരത്തിൽ ഫലപ്രദമായി നടപ്പാക്കണം.
ഏര്‍ലി വാണിംഗ് സിസ്റ്റം
കണ്ണൂര്‍ ജില്ലയിലെ ആറളം മേഖലയില്‍ മാത്രം കാട്ടാനകളുടെ ആക്രമണത്തില്‍ 2023-24 ല്‍ 16 ഓളം മനുഷ്യജീവനുകളാണു പൊലിഞ്ഞത്. ആഫ്രിക്കയടക്കമുള്ള പല രാജ്യങ്ങളിലും വന്യമൃഗ ആക്രമണത്തെ നേരിടാന്‍ നേരത്തെ മുന്നറിയിപ്പു നല്‍കുന്ന ഏര്‍ലി വാണിംഗ് സിസ്റ്റം നിലവിലുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെന്‍സറുകള്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ഓട്ടോമേഷന്‍ എന്നീ സാങ്കേതികവിദ്യകള്‍ ഫലപ്രദമായി ഇതിനായി ഉപയോഗിച്ചു പോരുന്നു. ജനവാസമേഖലയിലേക്കു വന്യമൃഗങ്ങളെത്തുമ്പോഴും വളര്‍ത്തുമൃഗങ്ങളെ ഇവര്‍ ആക്രമിക്കുമ്പോഴും ഇതിലുള്ള അലാറം പ്രവര്‍ത്തനക്ഷമമാകും. ജനവാസ, ഗ്രാമീണ, പട്ടണപ്രദേശങ്ങളിലേക്ക് വന്യമൃഗങ്ങളുടെ വരവറിയിക്കാനുള്ള ഇത്തരം മുന്നറിയിപ്പുകള്‍ പ്രാവര്‍ത്തികമാക്കണം.
വനം വകുപ്പിന്റെ അനാസ്ഥ
വനം വകുപ്പിന്റെ അനാസ്ഥയാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നത്. ആവശ്യത്തിന് ജീവനക്കാരില്ല. പരിശീലനമോ, തൊഴില്‍ നൈപുണ്യമോ ഇല്ലാത്ത വനംവകുപ്പ് പ്രശ്‌നബാധിത മേഖലകളില്‍ നോക്കുകുത്തിയാകുകയാണ്. സാങ്കേതിക രംഗത്ത് ഇത്രയധികം മുന്നേറ്റമുണ്ടായിട്ടും ഏതൊക്കെ സാങ്കേതികവിദ്യകള്‍ ഫലപ്രദമായി ഉപയോഗിക്കാം എന്ന കാര്യത്തില്‍ വനംവകുപ്പ് തീര്‍ത്തും അജ്ഞരാണ്. വനത്തെക്കുറിച്ചോ, ആവാസവ്യവസ്ഥയെക്കുറിച്ചോ ഭൂരിഭാഗം പേര്‍ക്കും ശാസ്ത്രീയ അറിവുകളില്ല. കര്‍ഷകര്‍ക്ക് കൃഷിയിടത്തില്‍ പോകാനും, കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പോകാനുമുള്ള ബുദ്ധിമുട്ട്, ജനങ്ങള്‍ക്കു പുറത്തിറങ്ങാന്‍ തടസം തുടങ്ങി എല്ലാ അര്‍ത്ഥത്തിലും കോവിഡിനു ശേഷം വന്യമൃഗങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പ്രശ്‌നാധിഷ്ഠിതമായ ഒരു സമീപനം അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.
ഇതുമായി ബന്ധപ്പെട്ട് ആവാസവ്യവസ്ഥയെക്കുറിച്ചു പഠിക്കാന്‍ ഗവേഷകരും തയാറാകുന്നില്ല. ദുരന്തങ്ങള്‍ക്കുശേഷം ആചാരപരമായ അനുശോചനങ്ങള്‍ക്കപ്പുറം സത്വരവും, സുസ്ഥിരവുമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ വനംവകുപ്പിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും അമാന്തം പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നു. കാടിനോര്‍ന്നു ചേര്‍ന്ന് ഉപജീവനം നടത്തുന്ന ആദിവാസി സമൂഹവും മറ്റു ജനവിഭാഗങ്ങളും കടുത്ത ഭീഷണിയിലാണ്. നഗരങ്ങളില്‍ താമസിക്കുന്ന പരിസ്ഥിതിവാദികള്‍ ഇനിയെങ്കിലും കാര്യഗൗരവം മനസിലാക്കണം. പരിസരവാസികളുടെ ജീവനും ജീവനോപാധികളുമാണ് നഷപ്പെടുന്നത്.
വേണം, സുസ്ഥിര നടപടിക്രമങ്ങള്‍
മനുഷ്യന്‍- വന്യമൃഗ സംഘര്‍ഷം ഒഴിവാക്കാന്‍ സുസ്ഥിര നടപടിക്രമങ്ങള്‍ ആവശ്യമാണ്. ഇത് മള്‍ട്ടി ഡിസിപ്ലിനറി തലത്തില്‍ നടപ്പാക്കണം. പ്രാദേശിക തലത്തില്‍ പദ്ധതി ആവിഷ്‌കരിക്കണം. ഓരോ ആവാസവ്യവസ്ഥയിലെയും പ്രശ്‌നങ്ങള്‍ നിരവധിയാണ്. പ്രശ്‌നാധിഷ്ഠിത ഗവേഷണം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണം. സാങ്കേതിക വിദ്യ ഫലപ്രദമായി അവലംബിക്കണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമേഷന്‍, സെന്‍സര്‍ അടിസ്ഥാനത്തിലുള്ള ട്രാക്കിംഗ്, മുന്നറിയിപ്പ് സംവിധാനം എന്നിവ നടപ്പിലാക്കണം. ആവാസ വ്യവസ്ഥയിലേക്ക് മനുഷ്യരുടെ കടന്നു കയറ്റം ഒഴിവാക്കണം. സംഘര്‍ഷം വര്‍ധിച്ചു വരുമ്പോള്‍ ഇനിയെങ്കിലും പരിഹാരം ഉറപ്പു വരുത്താന്‍ മടിക്കരുത്. വന്യ ജീവി സംരക്ഷണ ആക്ടില്‍ മനുഷ്യജീവനുകൾക്ക് വില കൊടുത്തുകൊണ്ട് ആവശ്യമായ ഭേദഗതി വരുത്താന്‍ ഇനിയും വൈകരുത്.
ആസൂത്രിത കുടിയിറക്ക് അവസാനിപ്പിക്കണം
വിദേശത്ത് നിന്നെത്തുന്ന കാർബൺ ന്യൂട്രലൈസേഷൻ ഫണ്ടുകൾ വാങ്ങി സ്വന്തം ജനതയെ കുടിയിറക്കുന്നതും, കൊലക്ക് കൊടുക്കുന്നതും അവസാനിപ്പിക്കണം. വിദേശ രാജ്യങ്ങൾ പുറന്തള്ളുന്ന കാർബണിൻ്റെ ന്യൂട്രൈലൈസേഷൻ ബാധ്യത ഇന്ത്യൻ ജനതക്കല്ല. വികസിത രാജ്യങ്ങൾക്ക് അവരുടെ ജനങ്ങളുടെ സുഖജീവിതമാണ് പ്രധാനം. അത് കൊണ്ട് തന്നെ അവിടങ്ങളിൽ കുടിയിറക്കും, വന്യ ജീവി ആക്രമണങ്ങളും ഉണ്ടാകുന്നില്ല. വർഷാവർഷങ്ങളിൽ വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ അവർ കരുതലെടുക്കുന്നുണ്ട്. ഇത്തരം രാജ്യങ്ങൾ വന വിസ്തൃതി വർദ്ധിപ്പിക്കുന്നുമില്ല. മറിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങളെ വനവിസ്തൃതി കൂട്ടാൻ നിർബന്ധിക്കുന്നു. അതിനായി വർഷാവർഷം കാർബൺ ഫണ്ടെന്ന പേരിൽ NGO കൾ വഴിയും മറ്റും രാജ്യത്തേക്കെത്തുന്നത് ദശലക്ഷക്കണക്കിന് ഡോളറുകളാണ്. ഇതു വാങ്ങി ഇന്ത്യൻ ജനതയെ ഒറ്റുകൊടുക്കുകയാണ് ഭരണാധികാരികളും ഉദ്യോഗസ്ഥരും കപട പരിസ്ഥിതിവാദികളും ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിൻ്റെ ഫലമായുള്ള ബോധപൂർവ്വമായ കുടിയിറക്കും വനവൽക്കരണവുമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇത് അവസാനിപ്പിച്ചേ മതിയാകൂ. ഇവിടെ മനുഷ്യ ജീവന് വില വേണം. അധികാരികൾ കണ്ണു തുറക്കണം.