നിയമവിരുദ്ധ കുടിയേറ്റക്കാരുടെ പട്ടികയില്‍ പെടുത്തി അമേരിക്ക 7.25 ലക്ഷം ഇന്ത്യക്കാരെ തിരിച്ചയക്കാന്‍ ഒരുങ്ങുകയാണോ? വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് സമിതി യോഗത്തില്‍ പങ്കെടുത്ത ശേഷം കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ രാജീവ് ശുക്ല നടത്തിയ വെളിപ്പെടുത്തല്‍ പ്രകാരം അത്രത്തോളം ഇന്ത്യക്കാരെ തിരിച്ചയക്കാനാണ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നത്.
അതേസമയം, അമേരിക്ക നിയമവിരുദ്ധ കുടിയേറ്റക്കാരെന്ന നിലയില്‍ തിരിച്ചയച്ച 205 പേര്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞ് അമൃത്‌സറില്‍ വിമാനമിറങ്ങുകയാണ്. രാജീവ് ശുക്ലയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാവുന്നത് ഈ പശ്ചാത്തലത്തില്‍ കൂടിയാണ്. എന്നാല്‍ 7.25 ലക്ഷം പേരെ യു.എസ് തിരിച്ചയക്കുമെന്ന രാജീവ് ശുക്ലയുടെ വിവരണത്തിന് ഔദ്യോഗികമായ പ്രതികരണമോ, സ്ഥിരീകരണമോ ഇല്ല. യു.എസില്‍ ഇത്രത്തോളം ഇന്ത്യക്കാര്‍ മതിയായ രേഖകളില്ലാതെ കഴിയുന്നുവെന്ന അനുമാനങ്ങള്‍ ട്രംപിന്റെ നിയമവിരുദ്ധ കുടിയേറ്റ നിലപാടുകള്‍ക്കിടയില്‍ ഉയര്‍ന്നു വന്നിരുന്നു. ഇത്രയും ഇന്ത്യക്കാരെ തിരിച്ചയക്കുന്നത് പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുന്നതല്ല എന്ന പ്രശ്‌നം ഒരുവശത്തുണ്ട്. അതേസമയം, അമേരിക്കയില്‍ കഴിയുന്ന ഒട്ടേറെ മലയാളികളെ ആശങ്കയിലേക്കും അനിശ്ചിതത്വത്തിലേക്കും തള്ളി വിടുന്നതാണ് പുതിയ നടപകളും പ്രസ്താവനകളും.
ഇന്ത്യയില്‍ ഒന്നുമില്ലാത്തവര്‍ തിരിച്ചെത്തിയാല്‍? ശുക്ളയുടെ വാക്കുകൾ :-
”പാര്‍ലമെന്റിന്റെ വിദേശകാര്യ മന്ത്രാലയ സമിതി യോഗത്തില്‍ പങ്കെടുത്തിരുന്നു. നിയമവിരുദ്ധ താമസക്കാരെന്ന നിലയില്‍ 7.25 ലക്ഷം ഇന്ത്യക്കാരെ യു.എസ് തിരിച്ചയക്കാന്‍ പോകുന്നുവെന്നാണ് അവിടെ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞത്” -ശുക്ല ‘എക്‌സി’ല്‍ പറഞ്ഞു. വര്‍ഷങ്ങളായി അവിടെ കഴിയുന്നവരാണ് ഇവര്‍. അവര്‍ നന്നായി സമ്പാദിക്കുന്നുമുണ്ട്. ഇന്ത്യയില്‍ അവര്‍ക്ക് ഒന്നുമില്ല. ഇവിടെ തിരിച്ചെത്തിയാല്‍ അവര്‍ എന്തു ചെയ്യും? ധനികരായ അവര്‍ പൊടുന്നനെ പാവപ്പെട്ടവരായി മാറുകയാണ് -രാജീവ് ശുക്ല കൂട്ടിച്ചേര്‍ത്തു.
മോദി-ട്രംപ് കൂടിക്കാഴ്ച നിര്‍ണായകം
ഈ മാസം 12,13 തീയതികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാഷിംഗ്ടണിലെത്തി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ കാണാനിരിക്കേയാണ് നിരവധി പേരെ യു.എസ് തിരിച്ചയച്ചത് അടക്കമുള്ള സംഭവ വികാസങ്ങള്‍. നിയമവിരുദ്ധ കുടിയേറ്റത്തിന് ഇന്ത്യ എതിരാണ്. മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ തങ്ങുന്ന എല്ലാ ഇന്ത്യക്കാരെയും സ്വീകരിക്കാന്‍ കേന്ദ്രം ഒരുക്കമാണെന്നും വിഷയം ഉത്തരവാദിത്തപൂര്‍വം കൈകാര്യം ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
അമേരിക്കയില്‍ ഇന്ത്യക്കാര്‍ അരക്കോടി
യു.എസില്‍ ഇന്ത്യക്കാരുടെ എണ്ണം 50 ലക്ഷത്തോളം വരുമെന്നാണ് കണക്കുകള്‍. അമേരിക്കയിലെ ഏഷ്യന്‍ വംശജരില്‍ അഞ്ചിലൊന്നും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരില്‍ മൂന്നില്‍ രണ്ടും കുടിയേറ്റക്കാര്‍; ബാക്കിയുള്ളവര്‍ യു.എസില്‍ ജനിച്ചവര്‍. അമേരിക്കയിലെ ഇന്ത്യക്കാരില്‍ പകുതിയും കാലിഫോര്‍ണിയ, ടെക്‌സസ്, ന്യൂജഴ്‌സി, ന്യൂയോര്‍ക്ക് എന്നീ നാലു സംസ്ഥാനങ്ങളിലാണ്. 2022ലെ കണക്കുകള്‍ പ്രകാരം ഒന്നര ലക്ഷത്തോളം ഡോളറാണ് ഇന്ത്യക്കാരുടെ അമേരിക്കന്‍ വരുമാനം. ഇത് ഏഷ്യന്‍ വംശജര്‍ക്കിടയിലെ ഉയര്‍ന്ന വരുമാനമാണ്.