സാമ്പത്തിക തട്ടിപ്പുകൾ തടയാൻ പുതിയ സംവിധാനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ‘bank.in’ എന്ന എക്സ്ക്ലൂസീവ് ഇന്റർനെറ്റ് ഡൊമെയ്നാണ് അവതരിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വർധിച്ചു വരുന്ന കേസുകൾ കൈകാര്യം ചെയ്യാൻ ബാങ്കുകളെ സഹായിക്കുന്ന പ്ലാറ്റ്ഫോമാണിത്. റിസർവ് ബാങ്കിന്റെ ധനനയ അവലോകന യോഗം വിശദീകരിക്കവെ, പുതിയ ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര ഡിജിറ്റൽ വിനിമയങ്ങൾക്ക് കർശനമായ ഒഥന്റിക്കേഷൻ പ്രോട്ടോക്കോൾ കൊണ്ടു വരുമെന്ന് അറിയിച്ചു.
2025 ഏപ്രിലിന് ശേഷം രാജ്യത്തെ ബാങ്കുകളുടെ വെബ്സൈറ്റ് വിലാസം മാറുകയാണ് ചെയ്യുക. സൈബർ തട്ടിപ്പുകൾ തടയുന്നതിനായി എല്ലാ ഇന്ത്യൻ ബാങ്കുകളുടെയും വിലാസം bank.in എന്ന രൂപത്തിലായിരിക്കും അവസാനിക്കുക. ബാങ്കുകളുടെ വെബ്സൈറ്റിനോട് സാമ്യം തോന്നുന്ന വെബ് പേജുകളും, വിലാസങ്ങളും ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നത് തടയാനാണ് ശ്രമം. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ വെബ് വിലാസത്തിന്റെ അവസാനത്തിൽ fin.in എന്നും ചേർക്കും. അതായത് bank.in, fin.in എന്നീ വിലാസങ്ങൾ മറ്റാർക്കും വാങ്ങി ഉപയോഗിക്കാൻ സാധിക്കില്ല.
എന്താണ് bank.in ഡൊമെയ്ൻ?
രാജ്യത്ത് വർധിച്ചു വരുന്ന സൈബർ അനുബന്ധ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ആർ.ബി.ഐ നടപ്പാക്കുന്ന ഏറ്റവും പുതിയ സംവിധാനമാണ് പുതിയ bank.in ഡൊമെയ്ൻ. യഥാർത്ഥ ബാങ്കിങ് വെബ്സൈറ്റുകൾ, തട്ടിപ്പ് വെബ്സൈറ്റുകളിൽ നിന്ന് തിരിച്ചറിയാൻ ഇത് ഉപയോക്താക്കൾക്ക് സഹായകമായി മാറും. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് & റിസർച്ച് ഇൻ ബാങ്കിങ് ടെക്നോളജി (IDRBT) എന്ന സ്ഥാപനത്തിനായിരിക്കും പുതിയ വെബ് വിലാസങ്ങളുടെ ചുമതല. പുതിയ ഡൊമെയ്ൻ സംബന്ധിച്ച വിശദമായ മാർഗനിർദ്ദേശങ്ങൾക്ക് ബാങ്കുകൾക്കായി ഇഷ്യു ചെയ്ത് നൽകും
കഴിഞ്ഞ മാസമാണ് റിസർവ് ബാങ്കിന്റെ പുതിയ ഗവർണറായി സഞ്ജയ് മൽഹോത്ര ചുമതലയേറ്റെടുത്തത്. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ സംവിധാനങ്ങളും, റിക്കവറി മെക്കാനിസവും സജ്ജമാക്കാൻ അദ്ദേഹം നേതൃത്ത്വം നൽകുന്ന എം.പി.സി യോഗം ബാങ്കുകളോട് ആവശ്യപ്പെട്ടു. ഇവ പീരിയോഡിക് ടെസ്റ്റിങ്ങിന് വിധേയമാക്കി ഓപ്പറേഷണൽ അടിസ്ഥാനത്തിൽ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോവേണ്ടതാണെന്നും സഞ്ജയ് മൽഹോത്ര പറഞ്ഞു. ബാങ്കിങ് & പേയ്മെന്റ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കുന്നതിൽ കേന്ദ്ര ബാങ്കിന്റെ ശ്രമങ്ങളെപ്പറ്റിയും ആർ.ബി.ഐ ഗവർണർ വിശദീകരിച്ചു. ഡിജിറ്റൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നത് ആശങ്കാജനകമാണ്. ഇതിനെതിരെ എല്ലാവരും കരുതലോടെയിരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തര വിനിമയങ്ങളിൽ വിദേശ വ്യാപാരികളുമായി ബന്ധപ്പെട്ട ഓൺലൈൻ ഡിജിറ്റൽ വിനിമയങ്ങളുടെ ടു ഫാക്ടർ ഒഥന്റിക്കേഷൻ ദീർഘിപ്പിച്ചതായും സഞ്ജയ് മൽഹോത്ര പറഞ്ഞു. ആഭ്യന്തര തലത്തിലുള്ള ഡിജിറ്റൽ പേയ്മെന്റുകൾക്കായി Additional Factor of Authentication (AFA) സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ഇതിൽ ഫീഡ്ബാക്ക് ലഭിച്ചതിന് ശേഷം മറ്റൊരു സർക്കുലർ പുറപ്പെടുവിക്കും.
പി.ടി.ഐ റിപ്പോർട്ടുകൾ പ്രകാരം വാർഷികാടിസ്ഥാനത്തിൽ ഇന്ത്യയിലെ ബാങ്കിങ് ഫ്രോഡ് കേസുകൾ 27% വർധിച്ചതായിട്ടാണ് ആർ.ബി.ഐ കണക്കാക്കുന്നത്. തൊട്ടു മുമ്പത്തെ സാമ്പത്തിക വർഷത്തിൽ ഇത്തരം കേസുകൾ 14,480 എന്ന തോതിലായിരുന്നെങ്കിൽ നടപ്പു സാമ്പത്തിക വർഷം ഇത് 18,461 എന്ന നിലയിലേക്ക് ഉയർന്നു.കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ പകുതിയിൽ ഡിജിറ്റൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 2,623 കോടി രൂപയാണ് നഷ്ടമായതെങ്കിൽ നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പകുതിയിൽ ഇത് ഏകദേശം 8 മടങ്ങ് വർധിച്ച് 21,367 കോടി രൂപയായി മാറി. ഇത്തരത്തിൽ വൻ ക്രമക്കേട് നടക്കുന്നതാണ് പുതിയ ഡൊമെയ്ൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചത്.