കൊച്ചി> കിഫ്‌ബി റോഡുകൾക്ക് ടോൾ അഥവ യൂസർ ഫീ ഉണ്ടാകുമെന്ന് ഉറപ്പായി. എന്ന് മുതൽ ഏതൊക്കെ റോഡുകളിൽ എന്നതിന് മാത്രമേ വ്യക്തത വരാനുള്ളു. കിഫ്‌ബി ഫണ്ട് ഉപയോഗിച്ചാണ് ആണ് മലയോര ഹൈവേ പണിതിരുക്കുന്നത്. അതുപോലെ തന്നെ കേരളത്തിലെ നാഷണൽ ഹൈവേയല്ലാത്ത പ്രധാന റോഡുകൾ എല്ലാം തന്നെ കിഫ്‌ബി റോഡുകൾ ആയി മാറിയിട്ടുണ്ട്. പി ഡബ്ള്യു ഡി റോഡുകൾ എല്ലാം അപ്രധാന റോഡുകൾ ആയത് കൊണ്ട് അതെല്ലാം പൊട്ടിപൊളിഞ്ഞു കിടക്കുകയാണ്. PWDയെ മൂലക്കിരുത്തി സർക്കാർ ഒരുക്കിയ തട്ടിപ്പിൻ്റെ മറ്റൊരു മുഖമാണ് കേരള റോഡ് ഫണ്ട് ബോർഡ് (KRFB). ഇവർക്കാണ് കിഫ്ബി റോഡുകളുടെ നിർമ്മാണ ചുമത. KRFB വഴി പണിയുന്ന കിഫ്ബി നിർമ്മാണങ്ങളിൽ കൃത്യമായ ഓഡിറ്റിംഗ് നടക്കുന്നുണ്ടോയെന്നതും സംശയമാണ്. ഇതിന് പിന്നാലെയാണ് യൂസർ ഫീ വരുന്നത്.
കേരളത്തിലെ പ്രധാന റോഡുകളിൽ എല്ലാം അധികം താമസമില്ലാതെ ടോൾ വരും. ഇവിടെ മറ്റൊരു ഒരു സുപ്രധാന ചോദ്യമുണ്ട്. എന്തിനാണ് നാം റോഡ് ടാക്‌സ് കൊടുക്കുന്നത്? അതും 15 കൊല്ലത്തേത് ഒന്നിച്ച് വാങ്ങുകയാണെന്നോർക്കണം. അതിന്റെ മുകളിലായിരിക്കും കിഫ്‌ബി ടോൾ. ഉദാഹരണത്തിന് കോട്ടയത്ത് നിന്ന് ചെങ്ങന്നൂർ വരെ പോകാൻ ഒരാൾ ഇനി ടോൾ കൊടുക്കേണ്ടി വരും. കാരണം തിരുവല്ല ബൈപാസ് പോലെയുള്ള കുറച്ചു ഭാഗം കിഫ്‌ബി റോഡാണ്. സായിപ്പിന്റെ കാലത്ത് തന്നെ പണിത എംസി റോഡ് 2001 ൽ മുനീർ മന്ത്രി ആയിരുന്നപ്പോൾ കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രൊജക്റ്റ് വഴി നവീകരിച്ച റോഡിലെ ചില്ലറ മിനുക്ക് പണികൾ ആയ ബൈപാസ് ഒക്കെ കിഫ്‌ബി വഴി പണിതിട്ട് ടോൾ പിരിക്കും. ഇതേ പോലെ കുറെ പാലങ്ങൾ ഇങ്ങനെയുള്ള റോഡുകളിൽ ഉണ്ടാകും. അതിനൊക്കെ ടോൾ വരും. ചുരുക്കി പറഞ്ഞാൽ ഒരു വർഷം 10000 കിലോമീറ്റർ കാർ ഓടിച്ചാൽ കിലോമീറ്ററിന് 5 രൂപ ആണെങ്കിൽ 50000 രൂപ ടോൾ കൊടുക്കേണ്ടി വന്നേക്കാം. (സർക്കാർ മാനദണ്ഡഡങ്ങൾ പുറത്തിറക്കാത്തതിനാൽ ഇതൊരു ഉദാഹരമായി കണ്ടാൽ മതി )
ഈ ടോൾ കൊള്ള ഏറ്റവുമധികം ബാധിക്കാൻ പോകുന്നത് കൊമേർഷ്യൽ വാഹനങ്ങളെയും ടാക്‌സി, ഓട്ടോ പോലെയുള്ള വാണിജ്യ, വാഹന സർവ്വീസ് മേഖലയെ ആകും. അവരുടെ ഇഎംഐ ഭാരത്തിന് മേലെ ഇത്തരം ടോൾ കൂടിയാകുമ്പോൾ കിഫ്‌ബി റോഡുകൾ മാത്രമുള്ള പ്രദേശങ്ങളിൽ ഇത്തരം വാഹനങ്ങൾ ട്രിപ്പ് ഉപേക്ഷിക്കേണ്ടതായി വന്നേക്കാം. കാരണം ഇപ്പോൾ തന്നെ നികുതി ഭാരം കൊണ്ട് പൊറുതി മുട്ടി നഷ്ടം മാത്രം ഉള്ള മേഖലയാണ് വാണിജ്യ, സർവ്വീസ് വാഹന മേഖല. കിഫ്‌ബി റോഡുകൾ മാത്രമുള്ള മേഖലയിൽ താമസിക്കുന്നവർക്ക് ഇതെല്ലാം മൂലം വലിയ വിലക്കയറ്റം ഉണ്ടാകും. അതായത് അത്തരം പ്രദേശങ്ങൾ ഒരു പ്രത്യേക സാമ്പത്തിക മേഖല പോലെ ആയി മാറും.
റോഡ് നികുതി വരുമാനത്തിൻ്റെ പകുതി കിഫ്‌ബിക്ക് മുൻകൂർ കൈമാറുന്നുണ്ട് ഇപ്പോൾ. 15 വർഷത്തേക്ക് റോഡ് ടാക്സ് മുൻകൂർ അടച്ചവരുടെ നികുതി കിഫ്‌ബി എവിടെ ചിലവാക്കി എന്നതിന് ഉത്തരമില്ല. ഇത് വരെ ഇത് സംബന്ധിച് വ്യക്തമായ ഒരു വിശദീകരണം ആരും എവിടെയും പറഞ്ഞിട്ടില്ല. എല്ലാം സുതാര്യമാണ് എന്നൊക്കെ തട്ടി വിടുന്നതല്ലാതെ റോഡ് ടാക്‌സ് & പെട്രോൾ സെസ് എല്ലാം കൂടി എത്ര കിട്ടി, അതിൽ എത്ര കിഫബിക്ക് കൈമാറി, അങ്ങനെ കിട്ടിയ തുകയിൽ കിഫ്‌ബി എവിടെയൊക്കെ മുടക്കി എന്നൊക്കെ കൃത്യമായ കണക്കുകളോടെ അറിയാൻ പൗരന്മാർക്ക് അവകാശമുണ്ട്.
ഇനി മുന്നോട്ടുള്ള കാലത്ത് വരാൻ സാധ്യതയുള്ള ഒരു വലിയ കൊള്ള കൂടി അറിയാം
ഇപ്പോൾ കേരളത്തിൽ പണിയുന്ന ആശുപത്രി കെട്ടിടങ്ങൾ മുഴുവൻ കിഫ്‌ബി വഴിയാണ്. ഭാവിയിൽ ആശുപത്രികളിലും ടോൾ പിരിവ് വരാൻ സാധ്യതയുണ്ട്. അതേപോലെ തന്നെ കൊള്ളപ്പണം തികയാതെ വരുമ്പോൾ കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളിലും കിഫ്‌ബി യൂസർ ഫീ കൊണ്ടുവരും. PWD റോഡുകൾ എല്ലാം കിഫ്‌ബി ഏറ്റെടുക്കും. അതും കിഫ്‌ബി യൂസേർഫീ മോഡൽ ആക്കാനും സാധ്യതയുണ്ട്.