വായ്പകൾ, പലിശ നിരക്കുകൾ, ഉപഭോക്തൃ സേവനം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡിനും ദി നൈനിറ്റാൽ ബാങ്ക് ലിമിറ്റഡിനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പിഴ ചുമത്തി.1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് അനുസരിച്ച്, 2023 മാർച്ച് 31 വരെയുള്ള അവരുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തിയ ആർബിഐയുടെ സ്റ്റാറ്റിയൂട്ടറി ഇൻസ്പെക്ഷൻ ഫോർ സൂപ്പർവൈസറി ഇവാലുവേഷൻ (ISE 2023) പ്രകാരമാണ് പിഴ ചുമത്തിയത്.
വായ്പ അനുവദിക്കുന്ന സമയത്തോ വിതരണം ചെയ്യുന്ന സമയത്തോ ചില വായ്പക്കാർക്ക് വായ്പാ കരാറുകൾ നൽകുന്നതിൽ വീഴ്ച വരുത്തിയതിത് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന് ₹6.70 ലക്ഷം പിഴ ചുമത്തി. അതേസമയം, ‘മുൻകൂർ പലിശ നിരക്ക്’, ‘ബാങ്കുകളിലെ ഉപഭോക്തൃ സേവനം’ എന്നിവ സംബന്ധിച്ച് ആർബിഐ നിർദ്ദേശങ്ങൾ ലംഘിച്ചതിന് നൈനിറ്റാൽ ബാങ്ക് ലിമിറ്റഡിന് ₹61.40 ലക്ഷം പിഴ ചുമത്തി.
കണ്ടെത്തിയ പിഴവുകൾ
- ആർബിഐ നിർദ്ദേശിച്ച പ്രകാരം, എംഎസ്‌എംഇകൾക്ക് നൽകിയ ചില ഫ്ലോട്ടിംഗ് റേറ്റ് വായ്പകളെ ബാഹ്യ ബെഞ്ച്മാർക്ക് നിരക്കുമായി താരതമ്യം ചെയ്യുന്നതിൽ പരാജയപ്പെട്ടു.
- സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്തതിന് ആനുപാതികമായ ചാർജുകൾക്ക് പകരം ഫ്ലാറ്റ് പെനാൽറ്റി ചാർജുകൾ ചുമത്തി, ഇതുവഴി ഉപഭോക്തൃ സേവന മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചു.
നിയന്ത്രണ ലംഘനങ്ങൾക്ക് മാത്രമാണ് ഈ പിഴകൾ ചുമത്തിയിരിക്കുന്നതെന്നും ബാങ്കുകളും അവരുടെ ഉപഭോക്താക്കളും തമ്മിലുള്ള ഏതെങ്കിലും ഇടപാടുകളുടെ സാധുതയെ ഇത് ബാധിക്കില്ലെന്നും ആർബിഐ വ്യക്തമാക്കി. ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കാമെന്നും റിസർവ്വ് ബാങ്ക് അറിയിച്ചു.