യന്ത്രസഹായത്താൽ പണം ഇരട്ടിപ്പിക്കും; എല്ലാം അന്ധമായി വിശ്വസിച്ച് യുവാവ് 7 ലക്ഷം നൽകി; പതിനാറ് മണിക്കൂർ കഴിയാതെ ബാഗ് തുറന്നാൽ ശക്തിപോകുമെന്ന് തട്ടിപ്പുകാർ; ഒടുവിൽ ബാഗ് തുറന്നപ്പോൾ കണ്ടത്! - Kerala Times    

യന്ത്രസഹായത്താൽ പണം ഇരട്ടിപ്പിക്കും; എല്ലാം അന്ധമായി വിശ്വസിച്ച് യുവാവ് 7 ലക്ഷം നൽകി; പതിനാറ് മണിക്കൂർ കഴിയാതെ ബാഗ് തുറന്നാൽ ശക്തിപോകുമെന്ന് തട്ടിപ്പുകാർ; ഒടുവിൽ ബാഗ് തുറന്നപ്പോൾ കണ്ടത്!

February 19, 2025
Financial Scam

ഇടുക്കി> ലോകത്തിൽ ഏറ്റവും കൂടുതൽ വഞ്ചിക്കപ്പെടുന്നത് പ്രബുദ്ധരെന്ന് സ്വയം അവകാശപ്പെടുന്ന മലയാളികളാണ്. വെറുതെ പണം കിട്ടുമെന്നറിഞ്ഞാൽ പിന്നെ പറയണ്ട. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം ഇടുക്കിയിൽ അരങ്ങേറിയത്. യന്ത്രം ഉപയോഗിച്ച് പണം ഇരട്ടിപ്പിച്ചുനല്കാമെന്നു പറഞ്ഞ് തമിഴ്നാട് സ്വദേശികൾ ഏഴുലക്ഷം രൂപ കവർന്നതായി യുവാവിന്റെ പരാതി. ഇടുക്കി മണിയാറൻകുടി സ്വദേശി പാണ്ടിയേൽ വീട്ടിൽ സോണി(46)ക്കാണ് പണം നഷ്ടമായത്. യുവാവ് കടം വാങ്ങിയ പണമാണ് ഇതിനായി ചിലവഴിച്ചത് എന്നതാണ് മറ്റൊരു കാര്യം. പിന്നിൽ രണ്ട് തമിഴ്നാട് സ്വദേശികൾ എന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

സുഹൃത്തുക്കൾ മുഖേന പരിചയപ്പെട്ട രണ്ടുപേരാണ് തട്ടിപ്പ് നടത്തിയത്. കടം വാങ്ങിയ ഏഴുലക്ഷം രൂപയാണ് സോണി ഇവരെ ഏൽപ്പിച്ചത്. തുക ഒരു ബാഗിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും, ബാഗിനുള്ളിലെ യന്ത്രം 16 മണിക്കൂർകൊണ്ട് നോട്ടുകൾ ഇരട്ടിപ്പിച്ചുനല്കുമെന്നും വിശ്വസിപ്പിച്ച് ബാഗ് സോണിയുടെ വാഹനത്തിൽത്തന്നെ വെച്ചു. അതിൽനിന്ന് രണ്ട് വയർ ഒരു കന്നാസിനുള്ളിലെ വെള്ളത്തിലേക്കിട്ടിരുന്നു. 16 മണിക്കൂർ കഴിയാതെ ബാഗ് തുറക്കരുതെന്ന് നിർദേശിച്ച് തമിഴ്നാട് സ്വദേശികൾ പോയി. സംശയം തോന്നിയ സോണി വൈകീട്ട് എഴിന് ബാഗ് തുറന്നപ്പോൾ, നോട്ടിന്റെ വലുപ്പത്തിലുള്ള ഏതാനും കറുത്ത കടലാസുകഷണങ്ങൾമാത്രമാണ് കണ്ടത്. ഉടനെ തന്നെ പരാതിക്കാരൻ പോലീസിനെ വിവരം അറിയിച്ചു.

പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ രണ്ടുദിവസമായി ചെറുതോണിയിലെ സ്വകാര്യലോഡ്ജിൽ താമസിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മുരുകൻ എന്ന്‌ പേരുള്ള ഒരാളുടെകൂടെ മറ്റൊരാളുമുണ്ടായിരുന്നു. ഇവർ തിരുനെൽവേലി സ്വദേശികളാണെന്ന് സംശയിക്കുന്നു. ഇടുക്കി പോലീസ് അന്വേഷണം തുടങ്ങി. പരാതിക്കാരനും ഇതുമായി ബന്ധപ്പെട്ട മറ്റുരണ്ടുപേരുംഇപ്പോൾ പോലീസ് നിരീക്ഷണത്തിലാണ്. ഇതിലൊരാൾ കഞ്ഞിക്കുഴി സ്വദേശിയും കെ.എസ്.ഇ.ബി. ജീവനക്കാരനുമാണ്. കഞ്ഞിക്കുഴിയിലുള്ള ബാങ്കിൽനിന്ന് ഏഴുലക്ഷം രൂപ ചെറുതോണിയിലുള്ള ബാങ്കിലേക്ക് അയച്ചതിൻറെയും, ഉച്ചയ്ക്ക് ഒന്നിന് ഏഴുലക്ഷം രൂപ ചെറുതോണിയിൽ പിൻവലിച്ചതിൻറെയും രേഖകൾ ഉണ്ട്.

പിന്നീട് നടന്ന കാര്യങ്ങളിലാണ് ദുരൂഹത ഉള്ളത്. തുക ഇരട്ടിപ്പിച്ചുനൽകാമെന്ന ഉറപ്പിൽ ഏഴുലക്ഷം രൂപ തമിഴ്നാട് സ്വദേശികളായ രണ്ടുപേർക്ക് നൽകിയെന്ന് രണ്ടാമതാണ് പരാതിക്കാരൻ പറയുന്നത്. ആദ്യം, മോഷണം പോയെന്നാണ് പറഞ്ഞത്. പണം വാങ്ങിയവർ എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല. തമിഴ്നാട് സ്വദേശികളായ പ്രതികളുടെ ഫോട്ടോയും വിലാസവും ലഭിച്ചിട്ടുണ്ടെന്നും, പ്രതികൾ ഉടൻ കസ്റ്റഡിയിലാകുമെന്നും പോലീസ് വ്യക്തമാക്കുന്നു.

Latest from Blog

error: Content is protected !!