ദില്ലി > ഓഹരി ബ്രോക്കറേജ് നിയമങ്ങളും മറ്റ് നിയന്ത്രണ മാനദണ്ഡങ്ങളും ലംഘിച്ചതിന് ആക്സിസ് സെക്യൂരിറ്റീസിന് സെബി 10 ലക്ഷം രൂപ പിഴ ചുമത്തി. 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കണമെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. 82 പേജുകളുള്ള ഉത്തരവിൽ, ആക്സിസ് സെക്യൂരിറ്റീസ് നിരവധി മേഖലകളിൽ നിയന്ത്രണ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതായി പറയുന്നുണ്ട്.
ഡിപ്പോസിറ്ററി അക്കൗണ്ടുകളിലെ യഥാർത്ഥ ഹോൾഡിംഗുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകളിലേക്കുള്ള റിപ്പോർട്ടിംഗിലും സ്റ്റോക്ക് സ്റ്റേറ്റ്‌മെന്റുകളിലും പൊരുത്തക്കേടുകൾ ഉണ്ടെന്ന് സെബി കണ്ടെത്തി. ആക്സിസ് സെക്യൂരിറ്റീസ്, മുൻഗണന അനുസരിച്ചുള്ള ക്ലയന്റുകളുടെ ഫണ്ടുകളും സെക്യൂരിറ്റികളും സെറ്റിൽ ചെയ്തിട്ടില്ലെന്നും അക്കൗണ്ട് വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ടുകൾ നൽകുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്നും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിരീക്ഷിച്ചു.
കൂടാതെ, അനുവദനീയമായ പരിധി കടന്ന മാർജിൻ ട്രേഡിംഗ് എക്സ്പോഷറിലും ആക്സിസ് സെക്യൂരിറ്റീസിന്റെ ഭാഗത്ത് ചില പൊരുത്തക്കേടുകൾ സെബി കണ്ടെത്തി. ഇതേത്തുടർന്നാണ്, ആക്സിസ് സെക്യൂരിറ്റീസിന് സെബി 10 ലക്ഷം രൂപ പിഴ ചുമത്തിയത്.