കൊച്ചി > കേരളത്തിൽ സാമ്പത്തിക തട്ടിപ്പിൽപ്പെട്ടവർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) മുഖേന പണം തിരികെ നൽകിത്തുടങ്ങി. ഇ.ഡി. കണ്ടുകെട്ടിയ പ്രതികളുടെ സ്വത്തിൽ നിന്നാണ് പണം തിരികെ നൽകുന്നത്. തിരുവനന്തപുരത്തെ കാരക്കോണം സി.എസ്.ഐ. മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. സീറ്റിനായി പണം നൽകി വഞ്ചിക്കപ്പെട്ടവർക്ക് ഇത്തരത്തിൽ ആദ്യമായി പണം മടക്കിക്കിട്ടി.
ആറ് കുട്ടികളുടെ രക്ഷിതാക്കൾക്ക് 89.75 ലക്ഷം രൂപ ഇ.ഡി. കൊച്ചി ഓഫീസിൽ തിങ്കളാഴ്ച കൈമാറി. ഈറോഡ് സ്വദേശി തമിഴ് അരശ്, കാരക്കോണം സ്വദേശി സ്റ്റാൻലി രാജ്, കുളത്തൂപ്പുഴ സ്വദേശി രാജൻ പ്രസാദ്, നാഗർകോവിൽ സ്വദേശികളായ പോൾ സെൽവരാജ്, ഇങ്കു ദാസ്, അര്യനാട് സ്വദേശി പ്രിയ ജെറാൾഡ് എന്നിവർക്കാണ് പണം മടക്കിക്കിട്ടിയത്. കേരളത്തിൽ ആദ്യമായാണ് ഇ.ഡി.യുടെ ഇത്തരത്തിലുള്ള നടപടി.
കാരക്കോണം മെഡിക്കൽ കോളേജിൽ പ്രവേശനം വാഗ്ദാനംചെയ്ത് വിദ്യാർഥികളുടെ രക്ഷിതാക്കളിൽനിന്ന് ഏഴുകോടിയിലധികം രൂപയാണ് വാങ്ങിയത്. 14 മലയാളികൾ ഉൾപ്പെടെ 24 പേരായിരുന്നു പരാതിക്കാർ. കോളേജ് ഡയറക്ടർ ബെന്നറ്റ് എബ്രഹാമിന്റെ നേതൃത്വത്തിൽ സംഭാവന, മുൻകൂർ ഫീസ് എന്നീ രീതികളിൽ പണം വാങ്ങിയെന്നാണ് ആരോപണം. കേസിൽ ബെന്നറ്റ് എബ്രഹാമിനെയും ബിഷപ്പ് ധർമരാജ് റസാലത്തെയും ചോദ്യംചെയ്തിരുന്നു. ആറുപേർക്കെതിരേ കേസിൽ കുറ്റപത്രവും നൽകി.
ഈ കേസിന്റെ വിചാരണ പൂർത്തിയാകുന്നതിന് മുൻപാണ് നടപടികൾ. ഏതെങ്കിലും കാരണവശാൽ പ്രതികളെ വെറുതേവിടുകയോ കേസ് തള്ളുകയോ ചെയ്താൽ ഈ പണം തിരികെ നൽകാമെന്ന് കോടതിമുഖേന സത്യവാങ്മൂലം നൽകിയവർക്കാണ് ഒറ്റദിവസത്തിനകം നടപടി പൂർത്തിയാക്കി പണം നൽകിയത്. രണ്ടുപേർകൂടി ഈ കേസിൽ പണം മടക്കിക്കിട്ടാൻ അപേക്ഷ നൽകാനുണ്ട്. ബാക്കിയുള്ളവർക്ക് നേരത്തേ കോളേജുതന്നെ പണം മടക്കിനൽകി.