വാഷിങ്ടൺ: പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളായ ഹാർവാഡിലും സ്റ്റാൻഫഡിലുംനിന്ന് ബിരുദം നേടുന്ന ഇന്ത്യക്കാരെ യു.എസ്. കമ്പനികളിൽ ജോലിക്കെടുക്കാൻ നിർദിഷ്ട ഗോൾഡ് കാർഡ് വിസ ഉപകരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 50 ലക്ഷം ഡോളറിന് (43.5 കോടി രൂപ) ഗോൾഡ് കാർഡ് ഇറക്കുന്നകാര്യം ട്രംപ് ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. യു.എസ്. പൗരത്വത്തിലേക്കുള്ള പാതയാണ് ഈ വിസയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കമ്പനികൾക്ക് ഗോൾഡ് കാർഡ് വാങ്ങി, ജോലിക്ക് ആളെയെടുക്കുന്നതിന് ഇതുപയോഗിക്കാമെന്ന് ട്രംപ് പറഞ്ഞു. ഇപ്പോഴത്തെ കുടിയേറ്റ സമ്പ്രദായം അന്താരാഷ്ട്രപ്രതിഭകൾക്ക്, പ്രത്യേകിച്ച് ഇന്ത്യയിൽനിന്നുള്ളവർക്ക് യു.എസിൽ തുടരുന്നതിനും ജോലിചെയ്യുന്നതിനും തടസ്സമാകുന്നുവെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഇക്കാരണത്താൽ പഠിച്ചിറങ്ങുന്ന ഒട്ടേറെ പ്രതിഭകൾക്ക് യു.എസ്. വിടേണ്ടിവരുന്നു. ഇന്ത്യയിലേക്കു പോകുന്ന അവർ അവിടെച്ചെന്ന് ബിസിനസ് തുടങ്ങി കോടീശ്വരരാകുന്നു. ആയിരങ്ങൾക്കു ജോലികൊടുക്കുന്നു -ട്രംപ് പറഞ്ഞു.
വിദേശനിക്ഷേപം ആകർഷിക്കാൻ 1992-ൽ യു.എസ്. കോൺഗ്രസ് നടപ്പാക്കിയ ഇ.ബി.-5 വിസയ്ക്കു പകരമാണ് ഗോൾഡ് കാർഡ് കൊണ്ടുവരുന്നത്. യു.എസിൽ സ്ഥിരതാമസത്തിനുള്ള അനുമതിപത്രമായ ഗ്രീൻ കാർഡാണ് ഇ.ബി.-5 വിസക്കാർക്കു നൽകുന്നത്. യു.എസിൽ 10,50,000 ഡോളറോ (9.16 കോടി രൂപ) സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മേഖലകളിൽ തൊഴിൽസൃഷ്ടിക്കാൻ എട്ടുലക്ഷം ഡോളറോ (6.98 കോടി രൂപ) ചെലവാക്കുന്നവർക്കാണ് ഇ.ബി.-5 വിസ നൽകുക.