സ്വര്‍ണ്ണവില നിര്‍ണ്ണയിക്കുന്നതില്‍ അടക്കം ക്രമക്കേട്; സ്വര്‍ണ്ണ ഭവനെ കുടുംബ സ്വത്താക്കുന്നു; ഭീമാ ഗോവിന്ദന്‍ അടക്കമുള്ളവരെ പുറത്താക്കി; സ്വര്‍ണ്ണവ്യാപാരികളുടെ സംഘടനയില്‍ ‘കനകം മൂലം കലഹം’!

- Advertisement -spot_img

കൊച്ചി> കനകം, കാമിനി, കലഹം എന്ന് പറഞ്ഞതുപോലെയാവുകയാണ് കേരളത്തിലെ ഏറ്റവും ആസ്തിയുള്ള സംഘടനകളില്‍ ഒന്നായ, ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനിലെ തര്‍ക്കങ്ങള്‍. കഴിഞ്ഞ കുറച്ചുകാലമായി നിലനില്‍ക്കുന്ന ഭിന്നത മൂര്‍ഛിച്ചതോടെ, ഭീമാ ജ്വല്ലറി ഉടമ കൂടിയായ ഡോ. ബി. ഗോവിന്ദന്‍ അടക്കമുള്ള പ്രമുഖരെ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസറിന്റെ നേതൃത്വത്തിലുള്ള പക്ഷം പുറത്താക്കിയിരിക്കയാണ്. ഡോ. ബി. ഗോവിന്ദനൊപ്പം, ബിന്ദു മാധവ്, റോയ് പാലത്തറ എന്നിവരെയും സംഘടനയില്‍ നിന്ന് പുറത്താക്കിയതായി എറണാകുളത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. എസ്. അബ്ദുല്‍ നാസറും കൂട്ടരും അറിയിച്ചു.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആയിരുന്ന ഡോ. ബി.ഗോവിന്ദനും, നാലുപേരും മാത്രമാണ് സംഘടനയില്‍ നിന്നും പുറത്തു പോയി മറ്റൊരു വിഭാഗവുമായി ചേര്‍ന്നതെന്നും, 99 ശതമാനം അംഗങ്ങളും സംഘടനയില്‍ ഉറച്ചു നില്‍ക്കുകയാണെന്നും അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു. നിലവിലുള്ള 12 ജില്ലാകമ്മറ്റികളും, 112 അംഗ കൗണ്‍സിലര്‍മാരില്‍ 99 പേരും തങ്ങള്‍ക്ക് ഒപ്പമാണെന്ന് ഇവര്‍ പറയുന്നു. വാര്‍ത്താ സമ്മേളനത്തില്‍ ആക്ടിങ്ങ് പ്രസിഡന്റ് അയുമുഹാജി, വര്‍ക്കിങ്ങ് ജനറല്‍ സെക്രട്ടറി ബി പ്രേമാനനന്ദ്, വൈസ് പ്രസിഡന്റ് അബുദുല്‍ അസീസ് ഏര്‍ബാദ്, സെക്രട്ടറി എസ് പളനി എന്നിവരും പങ്കെടുത്തു.

അതിഗുരുതരമായ ആരോപണങ്ങളാണ് ഇവര്‍ ഭീമാഗോവിന്ദന്‍ പക്ഷത്തിനെതിരെ ഉന്നയിക്കുന്നത്. സ്വര്‍ണ്ണവില നിശ്ചയിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പോലും, സ്വര്‍ണവ്യാപരികളുടെയും, ഉപയോക്താക്കളുടെയും താല്‍പ്പര്യം നടപ്പാക്കാന്‍ പുറത്താക്കപ്പെട്ടവര്‍ അനുവദിക്കുന്നില്ല. സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചിട്ടുള്ള റേറ്റ് കമ്മറ്റി അംഗങ്ങളോട് പോലും ആലോചിക്കാതെ സ്വന്തം താല്‍പ്പര്യപ്രകാരമാണ്, കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി സ്വര്‍ണ്ണവില പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. കേരളത്തിലെ ചെറുകിട വ്യാപാരികള്‍ക്ക് സ്വസ്ഥമായി വ്യാപാരം നടത്തുന്നതിന് ദിവസേന നിശ്ചയിക്കുന്ന സ്വര്‍ണ്ണവില മാര്‍ജിന്‍ ഇടാതെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍, ബോര്‍ഡ് റേറ്റ് കൂട്ടിയിടുകയും, സ്വന്തം സ്ഥാപനത്തില്‍ പവന് ആയിരം രൂപ വരെ കുറവുണ്ടെന്ന് പരസ്യപ്പെടുത്തുകയും ചെയ്താണ് ഇത്രയും കാലം പ്രസിഡണ്ടായി ഡോ ഗോവിന്ദന്‍ തുടര്‍ന്നത് എന്ന് എതിര്‍പക്ഷം പറയുന്നു.



ആലപ്പുഴയില്‍ സ്വര്‍ണ വ്യാപാരി പോലീസ് കസ്റ്റഡിയില്‍ മരണപ്പെടാന്‍ ഉണ്ടായ സാഹചര്യങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 25ന് സെക്രട്ടറിയേറ്റ് നടയില്‍ ആയിരക്കണക്കിന് സ്വര്‍ണ്ണ വ്യാപാരികളുടെ ധര്‍ണ്ണ നടത്തി. ധര്‍ണയില്‍ അധ്യക്ഷത വഹിച്ച ഡോ.ഗോവിന്ദന്‍ തൊട്ടടുത്ത ദിവസം ആരോടും പറയാതെ നാല് അംഗങ്ങളോടൊപ്പം മറ്റൊരു സംഘടനയുമായി ലയിച്ചു എന്ന വാര്‍ത്തയാണ് പിന്നീട് കേട്ടതെന്നും ഇവര്‍ പറയുന്നു. കടുത്ത വഞ്ചനയാണ് ഡോ.ഗോവിന്ദന്‍ ചെയ്തതെന്നും ഇവര്‍ആരോപിച്ചു. കേരള വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ് രാജു അപ്‌സര നടത്തിയ വാഹന ജാഥ തിരുവനന്തപുരത്ത് എത്തിച്ചേരുന്ന ദിവസം, കേരള വ്യാപകമായി കടകളടച്ച് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനെതിരെ പത്രവാര്‍ത്ത നല്‍കി കട തുറന്നിരുന്ന ഡോ. ബി.ഗോവിന്ദനെയാണ് കണ്ടത് എന്നും ഇവര്‍ പറയുന്നു.

2013ന് ശേഷം ഇവരുടെ പിന്തുണയില്ലാതെയാണ് സംഘടന ഫണ്ട് ആര്‍ജിച്ചിട്ടുള്ളതും, എക്‌സിബിഷനുകള്‍ നടത്തുകയും ചെയ്തിട്ടുള്ളത്. ഏറ്റവും അവസാനം കേരളത്തിലെ 4700 സ്വര്‍ണ്ണ വ്യാപാരികളെ കോര്‍ത്തിണക്കി നടത്തിയ ഓണം സ്വര്‍ണ്ണോത്സവം പോലും പിന്നില്‍ നിന്ന് കുത്തി തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന ആക്ഷേപം ഉയരുന്നുണ്ട്. കേരളത്തിലെ ചെറുകിട, ഇടത്തരം വ്യാപാരികള്‍ക്ക് ഏറ്റവും നല്ല വ്യാപാരം നേടിക്കൊടുത്ത ഓണം സ്വര്‍ണ്ണോത്സവത്തിന്റെ ഒരു പരിപാടികളിലും ഡോ.ബി.ഗോവിന്ദന്‍ പങ്കെടുത്തിരുന്നില്ലെന്നാണ് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. സ്വര്‍ണ്ണ ഭവന്‍ ആരുടെയും കുടുംബസ്വത്തല്ലെന്നും, കേരളത്തിലെ എല്ലാ സ്വര്‍ണ്ണ വ്യാപാരികള്‍ക്കും അവകാശപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണഭവന്റെയും, സംഘടനയുടെയും അവകാശ തര്‍ക്കങ്ങളെ കുറിച്ചുള്ള കേസുകള്‍ വിവിധ കോടതികള്‍ നടക്കുകയാണെന്നും, തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.

1945ല്‍ രൂപീകൃതമായ സംഘടനയില്‍ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന്, 2013-ലാണ് ആദ്യ പിളര്‍പ്പുണ്ടായത്. അന്ന് ഭിന്നിച്ചുപോയവരെ തിരിച്ചെടുത്തതാണ്, പുതിയ പ്രശ്നങ്ങള്‍ക്ക് കാരണങ്ങളിലൊന്നായി പറയുന്നത്. ഫ്രെബ്രുവരി 9നാണ് സംഘടനാ തിരഞ്ഞെടുപ്പ് നടന്നത്. അതിനുശേഷമാണ് സംഘടന വിട്ടുപോയവരെ തിരിച്ചെടുത്തത്. അതിനുപിന്നാലെയാണ് എ കെ ജി എസ് എംഎയില്‍ വീണ്ടും ഭിന്നത രൂക്ഷമായത്. കഴിഞ്ഞ ഫെബ്രുവരി 9ന് ,112 സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളില്‍ 98 പേര്‍ ഹാജരായി നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഡോ.ബി ഗോവിന്ദന്‍, കെ.സുരേന്ദ്രന്‍ എന്നിവരുടെ പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ട് 10 പാനലുകള്‍ അവതരിപ്പിച്ചിരുന്നു. ഒരു പാനലില്‍ ഡോ.ബി ഗോവിന്ദന്‍ പ്രസിഡണ്ടായും, 9 പാനലുകളില്‍ കെ. സുരേന്ദ്രന്‍ പ്രസിഡണ്ടായും ആണ് നിര്‍ദ്ദേശിക്കപ്പെട്ടതെന്നും തുടര്‍ന്ന് ഗോവിന്ദന്‍ വിഭാഗത്തിലെ ചിലര്‍ സംഘടനയില്‍ തിരഞ്ഞെടുപ്പ് അനുവദിക്കില്ലെന്നും, ബഹളമുണ്ടാക്കുകയും ചെയ്തതോടെ സമവായത്തിലൂടെയാണ് പ്രതിസന്ധി പരിഹരിച്ചതെന്നും ഭാരവാഹികള്‍ പറയുന്നു.

സമവായ ചര്‍ച്ച വേണമെന്ന സംസ്ഥാന കൗണ്‍സില്‍ തീരുമാനപ്രകാരം പ്രസിഡണ്ടായി നിര്‍ദ്ദേശിക്കപ്പെട്ട കെ. സുരേന്ദ്രനും, ഡോ.ബി. ഗോവിന്ദനും പരസ്പരം സംസാരിച്ച് കെ.സുരേന്ദ്രന്‍ സ്വമേധയാ സ്ഥാനം സ്വീകരിക്കുന്നില്ലന്നും ഡോ.ബി.ഗോവിന്ദന്‍, പ്രസിഡണ്ടാകുമെന്നും സംസ്ഥാന കൗണ്‍സിലിനെ അറിയിച്ചു. തുടര്‍ന്ന് ഭാരവാഹികളുടെ ലിസ്റ്റ് അംഗീകരിച്ചു. എല്ലാവരും സഹവര്‍ത്തിത്വത്തോട് കൂടി പ്രവര്‍ത്തിച്ചു മുന്നോട്ടു നീങ്ങാന്‍ തീരുമാനിച്ചു. പിന്നീട് ഇത് ഗോവിന്ദന്‍ പക്ഷം അട്ടിമറിക്കയായിരുന്നുവെന്നും നാസര്‍ പക്ഷം പറയുന്നു.

മതപരമായ നാമങ്ങള്‍ ഉപയോഗിച്ച് സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 30 ശതമാനം വരെ പലിശ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ജ്വല്ലറ്റി ഗ്രൂപ്പിനെതിരെ അന്വേഷണം നടത്തണമെന്ന് അഡ്വ. അബ്ദുല്‍ നാസര്‍ ആവശ്യപ്പെട്ടു. വലിയ പശിയ വാഗ്ദാനം ചെചയ്ത് കേരളത്തില്‍ ഉടനീളം നിരനിരവധിപേരില്‍നിന്ന് കോടികകളാണ് ഈ ജ്വല്ലറി ഗ്രൂപ്പ് തട്ടിയത്. നിക്ഷേപകര്‍ ഈ ജ്വല്ലറിയുടെ ശാഖകള്‍ക്ക് മുന്നില്‍ പ്രതിഷേധവുമായി രംഗത്ത് വരുന്നുണ്ട്. എന്നിട്ടും പോലും കൃത്യമായി അനേഷ്വണം നടത്താന്‍ പൊലീസ് മടിക്കയാണ്. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്തെ സ്വര്‍ണ്ണവ്യാപാര മേഖലയുടെ തകര്‍ച്ചക്ക് കാരണമാവുമെന്നും അബ്ദുല്‍ നാസര്‍ കൂട്ടിച്ചേര്‍ത്തു.

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img